തുടര്‍ച്ചയായ തുമ്മലും മൂക്കൊലിപ്പും കണ്ണില്‍നിന്ന് വെള്ളം വരുന്നതും ഒക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. കാലാവസ്ഥയിലെ മാറ്റം, പൊടി, പൂപ്പല്‍ തുടങ്ങിയവയെല്ലാം ഇതിനു കാരണമാകാം. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എല്ലായ്പ്പോഴും ജലദോഷമാണെന്ന് കരുതാനാവില്ല. ചിലരില്‍ ഇത് അലര്‍ജിയുടെ ഭാഗമായി ഉണ്ടാകുന്നതായിരിക്കാം. ജലദോഷവും അലര്‍ജിയും മൂക്കിനെയും Respiratory tract നെയും ബാധിക്കുന്നതിനാല്‍ ലക്ഷണങ്ങളില്‍ സാമ്യമുണ്ട്. എന്നാല്‍ ഇവയുടെ കാരണവും നീണ്ടുനില്‍ക്കുന്ന സമയവും ഒപ്പമുള്ള ലക്ഷണങ്ങളും വ്യത്യസ്തമാണ്.
പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമത്തില്‍ നിന്നുള്ള അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ തുടര്‍ച്ചയായി തുമ്മല്‍ വരുന്നത് അലര്‍ജിയുടെ ലക്ഷണമാകാം. മൂക്കിലും തൊണ്ടയിലും കണ്ണുകളിലും ചൊറിച്ചില്‍ അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. ജലദോഷമുള്ളവരില് തുമ്മലിനൊപ്പം തൊണ്ടവേദന, ചുമ, ക്ഷീണം തുടങ്ങിയവയും ഉണ്ടാകാം.
അലര്‍ജിയുള്ളവരില്‍ മൂക്കില്‍നിന്ന് തെളിഞ്ഞ വെള്ളംപോലുള്ള സ്രവം തുടര്‍ച്ചയായി വരാം. മൂക്കില്‍ ചൊറിച്ചിലും ഇടയ്ക്കിടെ തുമ്മലും ഒപ്പം ഉണ്ടാകാം. ജലദോഷമുള്ള സമയത്തും മൂക്കൊലിപ്പുണ്ടാകാം. എന്നാല്‍ രോഗം മുന്നോട്ടുപോകുന്നതിനനുസരിച്ച് മൂക്കടപ്പും മൂക്കില്‍നിന്നുള്ള സ്രവത്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങളും അനുഭവപ്പെടാം.
ശരീരവേദന, ക്ഷീണം തുടങ്ങിയവ ജലദോഷം പോലുള്ള വൈറസ് അണുബാധകളില്‍ പനി കൂടുതലായി കാണാം. സാധാരണ അലര്‍ജി മൂലം പനി ഉണ്ടാകാറില്ല. അതേസമയം, കണ്ണുകള്‍ ചുവക്കുക, കണ്ണില്‍നിന്ന് വെള്ളം വരുക, കണ്ണിലും മൂക്കിലും ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയവ അലര്‍ജിയുടെ സൂചനകളാകാം.
പൊടി നിറഞ്ഞ മുറി വൃത്തിയാക്കുമ്പോഴോ വളര്‍ത്തുമൃഗങ്ങളുടെ അടുത്ത് ചെല്ലുമ്പോഴോ പ്രത്യേക കാലാവസ്ഥകളിലോ തുമ്മലും മൂക്കൊലിപ്പും പതിവായി ഉണ്ടാകുന്നുണ്ടെങ്കില്‍ അലര്‍ജിയുടെ സാധ്യത പരിഗണിക്കാം. ജലദോഷം വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ്. സാധാരണയായി ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ഈ അവസ്ഥ മെച്ചപ്പെടാറുണ്ട്. എന്നാല്‍ അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങളുമായി സമ്പര്‍ക്കം തുടരുന്നിടത്തോളം അലര്‍ജിയുടെ ലക്ഷണങ്ങളും നീണ്ടുനില്‍ക്കാം.
തുമ്മലും മൂക്കടപ്പും കണ്ണില്‍ വെള്ളം വരുന്നതും ഉറക്കത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്നുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. രണ്ടാഴ്ചയിലധികം ലക്ഷണങ്ങള്‍ തുടരുകയോ ഇടയ്ക്കിടെ ലക്ഷണങ്ങള്‍ ആവര്‍ത്തിക്കുകയോ ചെയ്താലും പരിശോധന ആവശ്യമായേക്കാം. ശ്വാസംമുട്ടല്‍, നീണ്ടുനില്‍ക്കുന്ന പനി, നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുണ്ടെങ്കില്‍ വൈദ്യസഹായം തേടണം. ശ്വാസംമുട്ടല്‍ കൂടുതലാണെങ്കില്‍ അടിയന്തര ചികിത്സ ആവശ്യമാണ്.
ലക്ഷണങ്ങള്‍ മാത്രം നോക്കി അലര്‍ജിയാണോ അണുബാധയാണോ എന്ന് എല്ലായ്പ്പോഴും ഉറപ്പിക്കാന്‍ കഴിയില്ല. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ക്ക് കാരണം കണ്ടെത്താനും അനുയോജ്യമായ ചികിത്സ നിര്‍ദേശിക്കാനും കഴിയും. സാധാരണ ജലദോഷം വൈറസ് മൂലമാകുന്നതിനാല് ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമാണ്. ഏതെങ്കിലും മെഡിക്കല്‍ ഉപദേശത്തിന് പകരമാകില്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.)
Content Highlights :Are you taking medication for sneezing, a runny nose, or watery eyes, assuming they are symptoms of a common cold? Sometimes, these could actually be signs of an allergy. There are certain indicators that can help you distinguish between the two