പൊള്ളലേറ്റാൽ ടൂത്ത് പേസ്റ്റും ഐസും ഉപയോഗിക്കാമോ? ഈ അബദ്ധങ്ങൾ കാണിക്കരുതെന്ന് മുന്നറിയിപ്പ്

എങ്ങനെയാണ് പൊള്ളലുകളെ കൈകാര്യം ചെയ്യേണ്ടതെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു

പ്രകാശത്തിന്റെ ആഘോഷമാണ് ദീപാവലി. പടക്കങ്ങള്‍ പൊട്ടിക്കാതെയും വിളക്കുകള്‍ കത്തിക്കാതെയുമുള്ള ദീപാവലിയെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. ആഘോഷങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ ചിലപ്പോഴെങ്കിലും ശ്രദ്ധയൊന്ന് നഷ്ടപ്പെട്ടാല്‍ കൈകളിലോ മുഖത്തോ കണ്ണുകളിലോ പൊള്ളലേല്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പടക്കം അപകടം പിടിച്ച സാധനമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ? ചെറുതോ വലുതോ പൊള്ളലേറ്റാല്‍ പല പൊടിക്കൈകളും പരീക്ഷിക്കാനും ആദ്യം മിക്കവരും ശ്രമിക്കുക. പെട്ടെന്നുള്ള വെപ്രാളത്തില്‍ ടൂത്ത്പേസ്റ്റ്, ഐസ്, എണ്ണ, നെയ്യ്, മഞ്ഞപ്പൊടി എന്നിവയൊക്കെ പൊള്ളലേറ്റിടത്ത് തേച്ച് പിടിപ്പിക്കും. എന്നാല്‍ ഇവയൊന്നും പൊള്ളല്‍ മാറാന്‍ സഹായിക്കില്ലെന്ന കാര്യം മനസിലാക്കണം.

പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് ഇടയിലുണ്ടാകുന്ന പൊള്ളലുകളെ നമ്മള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും എന്തെല്ലാം കാര്യങ്ങളാണ് ഒഴിവാക്കേണ്ടതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ കൊല്‍ക്കത്ത സികെ ബിര്‍ള ഹോസ്പിറ്റല്‍സ് പ്ലാസ്റ്റിക്ക് റീകണ്‍സ്ട്രക്ടീവ് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ അനുപം ഗോലാഷ്.

ടൂത്ത്‌പേസ്റ്റ് തേക്കുമ്പോള്‍ ഒരുതരം തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ പൊള്ളലേല്‍ക്കുന്നിടത്ത് അത് ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് പലരും വിചാരിക്കുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും ഇവയ്ക്ക് മണം നല്‍കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും ചര്‍മത്തില്‍ ചൊറിച്ചില്‍, തടിപ്പ് എന്നിവയാകും ഉണ്ടാക്കും. മാത്രമല്ല അണുക്കളെ ഇത് ക്ഷണിച്ച് വരുത്തുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. പൊള്ളലേറ്റ മുറിവിന്റെ അവസ്ഥ എന്താണെന്ന് അത് കാണുന്ന ഡോക്ടറിന് മനസിലാക്കാനും ഇതുമൂലം ബുദ്ധിമുട്ടുണ്ടാകും. ചിലര്‍ എണ്ണയാകും പൊള്ളലേറ്റ ഭാഗത്ത് തേക്കുക. നെയ്യ്, വെണ്ണ, പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണ എന്നിവ ചര്‍മത്തെ പൊതിയുമ്പോള്‍ ഇവ മുറിവിന് ചുറ്റുമുള്ള ചൂടിനെ തടഞ്ഞുവയ്ക്കും ഇത് മുറിവന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കും. മറ്റൊരു വിഭാഗം ഐസാണ് പൊള്ളലേറ്റ ഭാഗത്ത് വയ്ക്കുക. അറിഞ്ഞിരിക്കേണ്ട കാര്യം, ഐസ് വയ്ക്കുമ്പോൾ പൊള്ളലേറ്റ ഭാഗം മരവിക്കുമെന്ന് മാത്രമല്ല, ഈ അവസ്ഥയില്‍ 'കഷ്ടത അനുഭവിക്കുന്ന' ചര്‍മത്തിലേക്കുള്ള രക്തയോട്ടം ഇത് തടയുമെന്ന കാര്യം അറിഞ്ഞിരിക്കണമെന്ന് ഡോക്ടര്‍ അനുപം പറയുന്നു.

എങ്ങനെയാണ് പൊള്ളലുകളെ കൈകാര്യം ചെയ്യേണ്ടതെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു

പൊള്ളലേറ്റ ഭാഗത്ത് ഇരുപത് മിനിറ്റോളം സാധാരണ വെള്ളമൊഴിക്കുക. ഇതോടെ ചർമത്തിലെ കലകളിലുണ്ടായ ചൂട് കുറയും, പൊള്ളല്‍ പടരുന്നത് തടയും മാത്രമല്ല വേദനയും കുറയും. എന്നാല്‍ ഐസ് ഇട്ട് തണുപ്പിച്ച വെള്ളം ഒഴിക്കാന്‍ പാടില്ലെന്നതും ശ്രദ്ധിക്കണം. പൊള്ളലുകളിലും വ്യത്യസ്ത ഉണ്ട്. ചെറിയ പൊള്ളലുകള്‍ ചുവന്ന് തടിച്ചിരിക്കും. എന്നാല്‍ ആഴത്തിലുള്ളത്, നീര് വച്ച് വീര്‍ത്തിരിക്കുകയും ചര്‍മത്തിന് വളരെ ആഴത്തിലെ കലകളെയും അത് ബാധിച്ചിട്ടും ഉണ്ടാവും. മുഖത്തിന് സമീപത്താണ് അപ്രതീക്ഷിതമായി പടക്കങ്ങള്‍ പൊട്ടുന്നതെങ്കില്‍ കണ്ണുകളെ അത് ബാധിക്കുകം. ചൂടുനിറഞ്ഞ വായുവാകും അപ്പോൾ ശ്വസിക്കുക. പൊള്ളലേറ്റുള്ള പരിക്കുകളുടെയും ഗൗരവം മണിക്കൂറുകള്‍ക്ക് ശേഷമാകും ചിലപ്പോൾ മനസിലാകുക. അതിനാല്‍ സാരമില്ലെന്ന് കരുതി ഒന്നിനെയും മാറ്റിനിര്‍ത്താന്‍ കഴിയില്ല. പൊള്ളലേല്‍ക്കുന്നതിന് പിന്നാലെയുണ്ടാകുന്ന നീര് നിറഞ്ഞ കുമിള പൊട്ടിക്കുന്നതും അവിടുത്തെ തൊലി ഉരിഞ്ഞ് കളയുന്നതുമൊക്കെ ഒഴിവാക്കേണ്ട കാര്യമാണെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ നീര് നിറഞ്ഞ കുമിള അതിന് താഴെയുള്ള ചര്‍മത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് പൊട്ടിച്ചാല്‍ അത് അണുബാധയ്ക്ക് കാരണമാകും. മാത്രമല്ല പൊള്ളലേറ്റ സ്ഥലത്ത് കുടുങ്ങിയിരിക്കുന്ന തുണികഷ്ണങ്ങള്‍ നീക്കുമ്പോഴും ശ്രദ്ധവേണം. ഇത് വലിച്ചെടുക്കുമ്പോള്‍ കൂടുതല്‍ കോശങ്ങള്‍ക്കും കലകള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകും.

പൊള്ളലേറ്റ ശേഷം എങ്ങനെയാണ് ആ മുറിവിനെ പരിചരിക്കുന്നതെന്നത് അനുസരിച്ചിരിക്കും അത് സുഖപ്പെടാനുള്ള സാധ്യത.പൊള്ളലേറ്റ സ്ഥലമൊന്ന് തണുക്കുമ്പോള്‍(20 മിനിറ്റോളം തണുത്ത വെള്ളമൊഴിച്ച ശേഷം) അത് വൃത്തിയുള്ള ഒരു തുണികൊണ്ട് ഇറുകാതെ കെട്ടിവയ്ക്കുക. വെള്ളം ഒഴിച്ച് കൊടുക്കുന്നത് മൂലം ചര്‍മത്തിന്റെ താഴെയുള്ള പാളികളിലേക്ക് പൊള്ളല്‍ വ്യാപിക്കാനുള്ള സാധ്യത കുറയും. എന്നാല്‍ ഈ മുറിവില്‍ കുടുങ്ങിപ്പോകുന്ന തരത്തിലുള്ള പഞ്ഞി പോലുള്ളവ കെട്ടിവയ്ക്കാനായി ഉപയോഗിക്കരുത്. ആഴത്തിലുള്ള പൊള്ളലാണെങ്കില്‍ എത്രയും വേഗം ഡോക്ടറുടെ അടുത്ത് എത്തിക്കുക. മുഖം, കൈകള്‍, കാലുകള്‍, സന്ധികള്‍, സ്വകാര്യഭാഗങ്ങള്‍ എന്നിവടങ്ങളിലെ പൊള്ളലുകളില്‍ വീട്ടിലെ പൊടിക്കൈകള്‍ ഉപയോഗിക്കാമെന്ന് കരുതരുത്. ചിലര്‍ക്ക് ശ്വാസംമുട്ട്, മുഖത്തെ പൊള്ളലുകള്‍, ബോധക്ഷയം എന്നിവ ഉണ്ടാകാം അപ്പോള്‍ തന്നെ അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ഡോക്ടര്‍ അനുപം ഓര്‍മിപ്പിക്കുന്നു.

(ശ്രദ്ധിക്കുക: ആരോഗ്യ-ഫിറ്റ്‌നസ് ഉപദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ ലേഖനം പൊതുവായ വിവരങ്ങള്‍ മാത്രമാണ് നല്‍കുന്നത്. ഇതിനെ ഒരു വിദഗ്ദ്ധനായ ഡോക്ടറിന്റെ ഉപദേശത്തിന് പകരമായി കണക്കാക്കരുത്. കൃത്യമായ ആരോഗ്യ നിര്‍ണയത്തിനായി എല്ലായ്‌പോഴും ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ ഉപദേശം തേടുക)Content Highlights: Should you apply toothpaste or ice to a burn? Learn about common first-aid mistakes to avoid and the correct ways to treat burn injuries

To advertise here,contact us