പ്രമേഹമുള്ളവര്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മധുരമുള്ള പഴങ്ങളും ഉണങ്ങിയ പഴങ്ങളും കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാര കൂടുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. പ്രത്യേകിച്ച് കറുത്ത ഉണക്കമുന്തിരി, പ്രൂണ്‍സ് എന്നിവ ആരോഗ്യത്തിന് നല്ലതാണെന്ന് കേട്ട് അത് ദിവസവും കഴിക്കുന്നവരും കുറവല്ല. എന്നാല്‍ ഇവ പ്രമേഹമുള്ളവര്‍ പൂര്‍ണമായി ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണോ? അതോ കൃത്യമായ അളവില്‍ കഴിച്ചാല്‍ മതിയോ?.
കറുത്ത ഉണക്കമുന്തിരിയും പ്രൂണ്‍സും പ്രമേഹമുള്ളവര്‍ക്ക് മിതമായ അളവില്‍ കഴിക്കാവുന്നതാണെന്ന് താനെയിലെ കെഐഎംഎസ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. സുകീര്‍ത്തി മിശ്ര പറയുന്നു. ഉണക്കമുന്തിരിയില്‍ സ്വാഭാവിക പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റുകളും കൂടുതലാണ്. പ്രൂണ്‍സ് എന്നത് ഉണക്കിയ പ്ലം പഴങ്ങളാണ്. ഇവയിലും കാര്‍ബോഹൈഡ്രേറ്റുകള്‍ക്കൊപ്പം നാരുകളും സോര്‍ബിറ്റോള്‍ എന്ന പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. എത്ര കഴിക്കുന്നു, പ്രമേഹം എത്രത്തോളം നിയന്ത്രണത്തിലാണ്, ഒപ്പം കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ ഇതിനെ സ്വാധീനിക്കും.
നാരുകളുടെ ഉറവിടം
പ്രൂണ്‍സില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയെ സഹായിക്കുകയും മലബന്ധം കുറയ്ക്കാന്‍ സഹായകമാകുകയും ചെയ്യും. ഉണക്കമുന്തിരിയിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം ലഭിക്കും
ഉണക്കമുന്തിരിയും പ്രൂണ്‍സും പൊട്ടാസ്യത്തിന്റെ ഉറവിടങ്ങളാണ്. ശരീരത്തിലെ പേശികളുടെയും നാഡികളുടെയും സാധാരണ പ്രവര്‍ത്തനത്തിന് പൊട്ടാസ്യം ആവശ്യമാണ്.
ആന്റിഓക്സിഡന്റുകള്‍
ഈ ഉണക്കപ്പഴങ്ങളില്‍ ആന്റിഓക്സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തില്‍നിന്ന് സംരക്ഷിക്കുന്നതില്‍ ഇവയ്ക്ക് പങ്കുണ്ട്.
ഇത് എല്ലാവര്ക്കും ഒരുപോലെ അനുയോജ്യമായ അളവല്ല. വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, മരുന്നുകള്‍, ദിവസത്തെ മൊത്തം കാര്‍ബോഹൈഡ്രേറ്റ് അളവ് എന്നിവ പരിഗണിക്കണം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഈ അളവ് പതിവ് ഭക്ഷണത്തിന് പുറമേ അധികമായി കഴിക്കുന്നതിന് പകരം ദിവസത്തെ മൊത്തം ശരീരത്തില്‍ ചെല്ലുന്ന കാര്‍ബോഹൈഡ്രേറ്റ് കണക്കില്‍ ഉള്‍പ്പെടുത്തണം.
ഉണക്കമുന്തിരിയോ പ്രൂണ്സോ വെറും വയറ്റില്‍ കഴിക്കുന്നത് അപകടകരമാണെന്നതിന് തെളിവില്ല. എന്നാല്‍ ഒരേസമയം വലിയ അളവില്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാര വേഗത്തില്‍ ഉയരാം. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവയുള്ള സമീകൃത ഭക്ഷണത്തോടൊപ്പം ചെറിയ അളവില്‍ കഴിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം പതുക്കെ ആക്കാന്‍ സഹായിച്ചേക്കാം.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താനും ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :You do not need to completely avoid dried fruits that contain natural sugars. However, the amount you consume and how you incorporate them into your diet are important factors in managing blood sugar levels