ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നല്ല; ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്;എങ്ങനെ തിരിച്ചറിയാം

40 നും 69നും ഇടയില്‍ പ്രായമുള്ളവരില്‍ 45 ശതമാനം മരണങ്ങളും ഹൃദയസംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടാണ് സംഭവിച്ചിരിക്കുന്നത്

ഹൃദയാഘാതവും ഹൃദയസ്തംഭനവും രണ്ടും രണ്ടാണെന്ന് ഇപ്പോഴും ആളുകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. ജീവന് ഭീഷണിയാകുന്ന ഈ രണ്ട് അവസ്ഥകളും അവയുടെ ലക്ഷണങ്ങളും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.ഹൃദയസംബന്ധമായ അസുഖങ്ങള്‍ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒരു രാജ്യത്ത് ഈ രണ്ട് അവസ്ഥകളും തമ്മിലുളള വ്യത്യാസം മനസിലാക്കാന്‍ കഴിയാതെപോകുന്നത് സ്വാഭാവികമാണ്. 2026ല്‍ ഇന്ത്യയില്‍ സാംക്രമീകേതര രോഗങ്ങള്‍ മൂലമുളള മരണങ്ങളില്‍ 27 ശതമാനം ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമാണെന്നും 40 നും 69നും ഇടയില്‍ പ്രായമുള്ളവരില്‍ 45 ശതമാനം മരണങ്ങളും ഹൃദയസംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ഹൃദയാഘാതവും ഹൃദയ സ്തംഭനവും തമ്മില്‍ ബന്ധമുണ്ടെങ്കിലും അവ വളരെ വ്യത്യസ്തമാണ്. ആ വ്യത്യാസം മനസിലാക്കുന്നത് നേരത്തെ ലക്ഷണങ്ങള്‍ തിരിച്ചറിയാനും സമയബന്ധിതമായി ചികിത്സ തേടാനും സഹായിക്കും.

എങ്ങനെയാണ് ഹൃദയാഘാതവും ഹൃദയ സ്തംഭനവും വ്യത്യസ്തമാകുന്നത്

ഹൃദയത്തെ ഒരു പമ്പായും കൊറോണറി ധമനികളെ ആ പമ്പ് പ്രവര്‍ത്തിക്കാന്‍ ഇന്ധനം നല്‍കുന്ന പൈപ്പുകളായും കരുതുക. ആ ധമനികളില്‍ ഒന്ന് പെട്ടെന്ന് അടയുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. അപ്പോള്‍ ഹൃദയ പേശികളുടെ ഒരു ഭാഗത്തേക്കുളള രക്ത വിതരണം നിലയ്ക്കുന്നു. ചികിത്സ പെട്ടെന്ന് ലഭിച്ചില്ലെങ്കില്‍ പേശിയുടെ ആ ഭാഗം നിര്‍ജ്ജീവമാകാന്‍ തുടങ്ങും. ഓരോ മിനിറ്റും പ്രാധാന്യമുള്ള അടിയന്തിരാവസ്ഥയാണിത്.

എന്നാല്‍ ഹൃദയ സ്തംഭനം വ്യത്യസ്തമാണ്. ഇവിടെ പമ്പ് തന്നെ ദുര്‍ബലമാകുകയോ കട്ടിയാകുകയോ ചെയ്യുന്നു.ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ രക്തം വിതരണം ചെയ്യാന്‍ അതിന് കഴിയുന്നില്ല. ഈ അവസ്ഥയില്‍ ഹൃദയം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയിട്ടില്ല, പക്ഷേ അത് കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. ഹൃദയ സ്തംഭനം സാധാരണയായി ക്രമേണ വികസിക്കുകയും ഹൃദയത്തിനെ അപകടാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഒരു വലിയ ഹൃദയാഘാതം പേശികളെ ശാശ്വതമായി തകരാറിലാക്കും. കൂടുതല്‍ പേശികളെ ബാധിച്ചാല്‍ രക്തത്തിന്റെ പമ്പിംഗ് പ്രവര്‍ത്തനം ക്രമേണ കുറയുന്നു. കൂടാതെ മാസങ്ങളോ വര്‍ഷങ്ങളോ കഴിയുമ്പോള്‍ രോഗിക്ക് ഹൃദയസ്തംഭനം ഉണ്ടായേക്കാം. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയവാല്‍വുകളിലെ കേടുപാടുകള്‍, കാര്‍ഡിയോ മയോപ്പതി, ഹൃദയപേശികളെ ബാധിക്കുന്ന അണുബാധകള്‍, ചില പാരമ്പര്യ അവസ്ഥകള്‍ എന്നിവയെല്ലാം ഹൃദയത്തെ ദുര്‍ബലപ്പെടുത്തും.

ലക്ഷണങ്ങളും വ്യത്യസ്തമാണ്

ഹൃദയാഘാതം

  • ഹൃദയാഘാതം ഉണ്ടാകുന്ന രോഗിക്ക് സാധാരണയായി നെഞ്ചില്‍ ഭാരം അല്ലെങ്കില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു.
  • വേദന കൈയിലേക്കോ താടിയെല്ലിലേക്കോ തോളിലേക്കോ പുറകിലേക്കോ വ്യാപിക്കുന്നു
  • വിയര്‍ക്കല്‍, ശ്വാസതടസം, ഓക്കാനം എന്നിവ അനുഭവപ്പെടുന്നു
  • സ്ത്രീകളിലും പ്രായമായവരിലും പ്രമേഹമുള്ളവരിലും ലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും.
  • അസാധാരണമായ ക്ഷീണം,ശ്വാസതടസം, അസ്വസ്ഥത എന്നിവയുണ്ടാവാം. ഇതിനെ അസിഡിറ്റിയോ ദഹനക്കേടോ ആയി തെറ്റിദ്ധരിക്കുകയും ചെയ്യാം.

ഹൃദയ സ്തംഭനത്തിന്റെ ലക്ഷണങ്ങള്‍

  • പടി കയറുമ്പോള്‍ കിതപ്പ് അനുഭവപ്പെടുക
  • കിടക്കുമ്പോള്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുക
  • കണങ്കാലുകളില്‍ നീര്
  • ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ അമിതമായ ക്ഷീണം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുക, ശ്വാസതടസം അനുഭവപ്പെടുക, സ്ഥിരമായി ചെയ്യുന്ന ജോലികള്‍ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് ഇവയൊന്നും ഒരിക്കലും അവഗണിക്കരുത്. ഹൃദയം നല്‍കുന്ന മുന്നറിയിപ്പ് അടയാളങ്ങളെ തിരിച്ചറിഞ്ഞ് ഉടനടി വൈദ്യ സഹായം തേടുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാകില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ അത്യാവശ്യമാണ്)

Content Highlights :What are the symptoms of a heart attack and cardiac arrest? Among individuals aged 40 to 69, 45 percent of deaths are linked to heart-related diseases.

To advertise here,contact us