ഓറല്‍ കാന്‍സര്‍ അല്ലെങ്കില്‍ വായിലെ അര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ പലരുടേയും മനസിലേക്ക് ആദ്യം വരുന്ന കാര്യം, അത് പുകവലിക്കുന്നവര്‍ക്ക് മാത്രം ഉണ്ടാകുന്ന രോഗമാണെന്നുള്ളതാണ്. എന്നാല്‍ അങ്ങനെയല്ല. ഒരിക്കലും പുകവലിച്ചിട്ടില്ലാത്തവര്ക്കും രോഗം വരാനുളള സാധ്യത വളരെ കൂടുതലാണ്.
വെറ്റില ചവയ്ക്കല്, അമിതമദ്യപാനം, വൈറല്‍ അണുബാധകള്‍, വായ വൃത്തിയായി സൂക്ഷിക്കാതിരിക്കുക, അനാരോഗ്യകരമായ ജീവിതശൈലി, പരിസ്ഥിതിയില്‍ നിന്നുണ്ടാകുന്ന ചില മലിനീകരങ്ങള്‍ എന്നിങ്ങനെയുള്ള ധാരാളം ഘടകങ്ങള്‍ കാന്‍സറിന് കാരണമാകാം. അപകട സാധ്യതകള്‍ മനസിലാക്കേണ്ടത് നിര്‍ണായകമാണ്. കാരണം നേരത്തെയുള്ള അവബോധം പ്രതിരോധത്തിനും രോഗ നിര്‍ണയത്തിനും ശരിയായ ചികിത്സയ്ക്കും സഹായിക്കും.
എച്ച്ടി ലൈഫ്സ്റ്റൈല്‍ നോയിഡയിലെ മേദാന്ത ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അങ്കുര്‍ നന്ദന് വര്‍ഷ്ണി ഒരു മാധ്യമത്തിന് നല്കിയ വിവരങ്ങള്‍ വായിലെ കാന്‍സറിനെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
ഡോ. വര്ഷ്ണിയുടെ അഭിപ്രായത്തില്‍, പുകവലി വായിലെ അര്‍ബുദ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ അത് മാത്രമല്ല രോഗത്തിന് കാരണം. ''പുകവലിക്കാത്ത ആളുകള്‍ക്ക് ഒന്നിലധികം കാരണങ്ങള്‍കൊണ്ട് വായിലെ അര്‍ബുദം വരാം. ഇന്ത്യയില്‍ പുകയില, ഗുട്ട്ക, മറ്റ് പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ ചവയ്ക്കുന്നത് പോലുള്ള ശീലങ്ങള്‍ പ്രധാന ആശങ്കകളായി തുടരുന്നു. കൂടാതെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ചില വസ്തുക്കളുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നതും മദ്യപാനം, പോഷകാഹാരക്കുറവ്, ഹ്യൂമന്‍ പാപ്പിലോമ വൈറസ് ( HPV ) പോലുള്ള അണുബാധകള്‍ എന്നിവയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിക്കും.' അവര്‍ പറയുന്നു.
ഓറല്‍ കാന്‍സറിന് കാരണമാകുന്നതും അവഗണിക്കാന്‍ പാടില്ലാത്തതുമായ കാരണങ്ങള്‍.
ഏത് രൂപത്തിലുള്ള പുകയിലയും ദോഷകരമാണ്
പുകയില ചവയ്ക്കുന്നതും ഗുട്ട്ക ഉപയോഗിക്കുന്നതും പുകവലിയുടെ അത്രയും ദോഷകരമല്ലെന്നാണ് പലരും കരുതുന്നത്. പക്ഷേ ഇത് തെറ്റിദ്ധാരണയാണ്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വായിലെ കാന്‍സറുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ഡോ. വര്‍ഷ്നി പറയുന്നു. ഏത് രൂപത്തിലുള്ള പുകയിലയും വായിലെ കോശങ്ങളെ നശിപ്പിക്കും. എല്ലാത്തരം പുകയില ഉത്പന്നങ്ങളളും ഒഴിവാക്കുന്നതും കാന്‍സറിനെ പ്രതിരോധത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ്.
ആഴ്ചകളായിട്ടും സുഖപ്പെടാത്ത വായിലെ മുറിവ് ഒരിക്കലും അവഗണിക്കരുത്. പ്രത്യേകിച്ച് അത് വീണ്ടും വീണ്ടും ഉണ്ടാവുകയാണെങ്കില്‍. അല്ലെങ്കില്‍ മുറിവില്‍ വേദന, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍. സമ്മര്‍ദ്ദം, എരിവുള്ള ഭക്ഷണം, അല്ലെങ്കില്‍ ആകസ്മികമായ പരിക്ക് എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നതെന്നാണ് പലരും കരുതുന്നതെന്ന് ഓങ്കോളജിസ്റ്റ് എടുത്തുകാണിക്കുന്നു. മിക്ക അള്‍സറുകളും നിരുപദ്രവകരമാണെങ്കിലും, ഗുരുതരമായ കാരണങ്ങള്‍ തള്ളിക്കളയാനാവില്ല.
വായില്‍ അസാധാരണമായ പാടുകള്‍, കട്ടികൂടിയ ഭാഗങ്ങള്‍, അല്ലെങ്കില്‍ വായിലെ തൊലിക്കുണ്ടാകുന്ന നിറവ്യത്യാസം എന്നിവ ചിലപ്പോള്‍ കലകളിലെ ആദ്യകാല മാറ്റങ്ങളെ സൂചിപ്പിക്കാം. ദന്ത പരിശോധനയും സ്വയമുള്ള തിരിച്ചറിവും രോഗം പുരോഗമിക്കുന്നതിനുമുമ്പ് തിരിച്ചറിയാന്‍ സഹായിക്കും ഡോ. വാര്‍ഷ്നി പറഞ്ഞു.
ആഹാരം വിഴുങ്ങാന്‍ കഴിയാത്ത ബുദ്ധിമുട്ട്, തൊണ്ടയിലെ നിരന്തരമായ അസ്വസ്ഥത, ശബ്ദത്തിലെ മാറ്റങ്ങള്‍, വായിലെ മരവിപ്പ്, അല്ലെങ്കില്‍ താടിയെല്ല് ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടെങ്കില്‍ അവ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. 'ഈ ലക്ഷണങ്ങള്‍ പല കാരണങ്ങളാല്‍ ഉണ്ടാകാം. പക്ഷേ കാരണം കണ്ടെത്താതെ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന സ്ഥിരമായ പ്രശ്നങ്ങള്‍ സ്വയം ചികിത്സിക്കരുത്.
ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ (HPV) ചുറ്റിപ്പറ്റിയുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കയും ഡോ. വര്‍ഷ്നി എടുത്തുകാണിക്കുന്നു. HPV സാധാരണയായി സെര്‍വിക്കല്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, വൈറസിന്റെ ചില ഉയര്‍ന്ന അപകടസാധ്യതയുള്ള വകഭേദങ്ങള്‍ വാക്കാലുള്ള കാന്‍സര്‍ ഉള്‍പ്പെടെയുള്ള വായയുടെയും തൊണ്ടയുടെയും കാന്‍സറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. HPV-യെക്കുറിച്ചുള്ള കൂടുതല്‍ അവബോധം, സമയബന്ധിതമായ വാക്സിനേഷന്, സുരക്ഷിതമായ രീതികള്‍, പതിവ് ആരോഗ്യ പരിശോധനകള്‍ എന്നിവ HPV-യുമായി ബന്ധപ്പെട്ട കാന്‍സറുകളുടെ സാധ്യത കുറയ്ക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കും.
കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതില്‍ പുകയില ഒഴിവാക്കുന്നതിനേക്കാള്‍ കൂടുതല്‍ വായിലെ ശുചിത്വത്തിന് പ്രാധാന്യമുണ്ട്. ശുചിത്വം പാലിക്കുക, മദ്യപാനം പരിമിതപ്പെടുത്തുക , സമീകൃതാഹാരം കഴിക്കുക, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ദന്ത പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ നടപടികള്‍. ശാരീരികമായി ആരോഗ്യമുള്ളതായി തോന്നുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങളെ അവഗണിക്കുന്നത് ഒഴിവാക്കണം.
വായിലെ കാന്‍സറിന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് രോഗനിര്‍ണയം വൈകുന്നതാണ്. ലക്ഷണങ്ങള്‍ ഗുരുതരമാകുമ്പോഴാണ് പല കേസുകളും കണ്ടെത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകാമെങ്കിലും ആരും അത് ശ്രദ്ധിക്കാറില്ല. അതുകൊണ്ടാണ് അവബോധം നിര്‍ണായകമാകുന്നത്. ശരീരത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയുന്നതും പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തുന്നതും രോഗം നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights : Many people believe that oral cancer is a disease that only affects smokers. 6 warning signs of oral cancer