എപ്പോഴും ക്ഷീണമുണ്ടോ?; കൈകാലുകളില്‍ സൂചി കുത്തുന്നതുപോലെ വേദന ഉണ്ടോ?

ശരീരത്തില്‍ വിറ്റാമിന്‍ B-12 ന്റെ കുറവുണ്ടോ എന്നറിയാം. മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അവഗണിക്കരുത്

ക്ഷീണവും മറവിയും ശരീരത്തില്‍ കുത്തുന്നതുപോലുളള വേദനയും ഒക്കെ തോന്നുമ്പോള്‍ സമ്മര്‍ദ്ദം, പ്രായം, ജോലി, ഉറക്കക്കുറവ് എന്നിവയെ ഒക്കെ കുറ്റപ്പെടുത്തുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ആരും തന്നെ ഈ സാഹചര്യത്തില്‍ വിറ്റാമിന്റെ കുറവിനെക്കുറിച്ച് ചിന്തിക്കാറില്ല. ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ നിര്‍മ്മിക്കുന്നതിനും നാഡീ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വിറ്റാമിന്‍ B-12 അത്യാവശ്യമാണ്. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത (NIH) ന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രക്തക്കുറവ്, നാഡികളുടെ പ്രവര്‍ത്തനം, ഓര്‍മ്മ എന്നിവയെ വിറ്റാമിന്‍ B-12 ന്റെ കുറവ് ബാധിക്കാറുണ്ടെന്ന് പറയുന്നു.

വിറ്റാമിന്‍ ബി-12 ന്റെ കുറവുമൂലം ശരീരത്തില്‍ ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഇത് ഓക്‌സിജന്‍ വിതരണം കാര്യക്ഷമമല്ലാതാക്കുന്നു. ആളുകളെ ക്ഷീണിതരാക്കുന്നു.ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടക്കുന്നതില്‍ വിറ്റാമിന്‍ ബി 12 പ്രധാന പങ്ക് വഹിക്കുന്നു. പടികള്‍ കയറുമ്പോള്‍ ശ്വാസതടസം, വിശദീകരിക്കാനാവാത്തതുപോലുളള ബലഹീനത, വേഗത്തില്‍ എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം ഉണ്ടാവുക ഈ ലക്ഷണങ്ങള്‍ വിറ്റാമിന്‍ B-12 ന്റെ കുറവ് മൂലമാകാം.

കൈകാലുകളില്‍ സൂചി കുത്തുന്നതുപോലുള്ള വേദന

കൈകാല്‍ വിരലുകളില്‍ സൂചികുത്തുന്നതുപോലുള്ള വേദനയോ മരവിപ്പോ അനുഭവപ്പെടുന്നത് വിറ്റാമിന്‍ ബി 12 ന്റെ കുറവാണ്. ഈ വിറ്റാമിന്‍ ഞരമ്പുകള്‍ക്ക് ചുറ്റുമുളള സംരക്ഷണ ആവരണമായ 'മെയ്‌ലിന്‍' നിലനിര്‍ത്താന്‍ സഹായിക്കുന്നു. വളരെക്കാലമായി ഈ വിറ്റാമിന്റെ കുറവുണ്ടാകുന്നത് നാഡികളെ തകരാറിലാക്കും. ഇടയ്ക്കിടെ വേദനയുണ്ടാകുന്നത് നീണ്ടുനില്‍ക്കുകയാണെങ്കില്‍ ക്രമേണ അത് സന്തുലിതാവസ്ഥ പ്രശ്‌നങ്ങളിലേക്കോ സ്ഥിരമായ മരവിപ്പിലേക്കോ നയിച്ചേക്കാം.

ഓര്‍മ്മക്കുറവ്, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍

ഇടയ്ക്കിടെ പേരുകള്‍ മറക്കുന്നതുപോലുളള ചെറിയ ഓര്‍മ്മക്കുറവുകള്‍ എല്ലാവര്‍ക്കും സംഭവിക്കാറുണ്ട്. എന്നാല്‍ ശ്രദ്ധ പതിവായി കുറയാന്‍ തുടങ്ങുമ്പോള്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാവുകയും മാനസിക വ്യക്തത മങ്ങുകയും ചെയ്യുന്നു. അത് വിറ്റാമിന്‍ ബി12 ന്റെ കുറവിന്റെ ലക്ഷണമായി കണക്കാക്കാം. വിറ്റാമിന്‍ B-12 ന്റെ കുറവ് സാവധാനം സംഭവിക്കുന്ന പ്രക്രീയയാതുകൊണ്ട് ആദ്യകാലത്ത് ലക്ഷണങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെടണമെന്നില്ല.

നാവിലും ചര്‍മ്മത്തിലുമുള്ള പ്രശ്‌നങ്ങള്‍

വിറ്റാമിന്‍- B12 ന്റെ കുറവുളള ചിലരുടെ ചര്‍മ്മം വിളറിയതായി മാറുന്നു. മറ്റ് ചിലര്‍ക്ക് മഞ്ഞ നിറം കാണപ്പെടുന്നു. നാവില്‍ പൊളളല്‍ പോലെയോ ചുവപ്പ് നിറത്തിലുളള വൃണമോ കാണപ്പെടാം. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതാണ്.

അപകട സാധ്യതകള്‍ ആര്‍ക്കൊക്കെ

  • പ്രായമായവര്‍
  • സസ്യാഹാരം മാത്രം കഴിക്കുന്നവര്‍
  • ആമാശയത്തിലോ കുടലിലോ തകരാറുകള്‍ ഉള്ളവര്‍
  • ദഹനനാളത്തില്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍.
  • ദീര്‍ഘകാലമായി ആസിഡ് സപ്രസന്റുകള്‍ അല്ലെങ്കില്‍ മെറ്റ്‌ഫോര്‍മിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍. എന്നിവര്‍ക്ക് വിറ്റാമിന്‍ B-12 ന്റെ കുറവുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

വിറ്റാമിന്‍ B-12 അടങ്ങിയ ഭക്ഷണങ്ങള്‍

മത്സ്യം, മാംസം, മുട്ട, പാലും പാല്‍ ഉത്പന്നങ്ങളും, പോഷകസമൃദ്ധമായ ധാന്യങ്ങള്‍ എന്നിവയില്‍ ഈ വിറ്റാമിന്‍ ധാരാളമായി കാണപ്പെടുന്നു. ചില വ്യക്തികള്‍ക്ക് ഭക്ഷണം കഴിച്ചാലും ശരീരം അതിലെ പോഷകാംശങ്ങള്‍ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കേണ്ടതാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights : You can tell if you have a vitamin B-12 deficiency in your body. Don't ignore the warning signs.

To advertise here,contact us