

ലോകമെമ്പാടും ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) കൂടുതല്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത്, ദീര്‍ഘനേരം ഇരിക്കുന്നത്, ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത്, ഉറക്കക്കുറവ് തുടങ്ങിയ ജീവിതശൈലികളാണ് ഇതിന് പ്രധാന കാരണം. ഫാറ്റി ലിവര്‍ രോഗത്തിന് വ്യക്തമായ ലക്ഷണങ്ങളില്ലാത്തതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കരളിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ഉപാപചയ ആരോഗ്യത്തെയും ക്രമേണ ബാധിച്ചേക്കാം. എന്നാല്‍ കരളിനെ സംരക്ഷിക്കുന്നതില്‍ ദൈനംദിന ശീലങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് പറയുകയാണ് അനസ്തേഷ്യോളജിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെയിസിന് ഫിസിഷ്യനുമായ ഡോ. കുനാല്‍ സൂദ് പറയുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഡോ. സൂദ് ഈ വിവരം പങ്കുവച്ചത്.

കാപ്പി കുടിക്കുന്നത് ശീലമാക്കുക
കാപ്പിയിലെ പോളിഫെനോളുകളും ആന്റി ഓക്സിഡന്റുകളും കരള്‍ എന്‍സൈമിന്റെ അളവ് കുറയ്ക്കുന്നു. ഇത് കരളിനെ കേടുപാടുകളില്‍നിന്ന് സംരക്ഷിക്കാന്‍ സഹായിച്ചേക്കാം. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഇന്‍സുലിന്‍ സിഗ്നലിംഗ് വര്‍ധിപ്പിക്കാനും ആരോഗ്യകരമായ കൊഴുപ്പ് മെറ്റബോളിസത്തെ സഹായിക്കാനും കാപ്പിക്ക് കഴിയുമെന്ന് ഡോ. സൂദ് അഭിപ്രായപ്പെടുന്നു.
കാപ്പി സ്ഥിരമായി ALT, AST, GGT അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇതിലെ കഫീന്‍, പോളിഫെനോള്‍സ്, ക്ലോറോജെനിക് ആസിഡുകള്‍ എന്നിവയ്ക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഇന്‍സുലിന്‍ സിഗ്നലിംഗ് മെച്ചപ്പെടുത്താനും കൊഴുപ്പ് മെറ്റബോളിസത്തെ സഹായിക്കാനും കഴിയും.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍
ഡോ. സൂദ് പറയുന്നതനുസരിച്ച് EPA (eicosapentaenoic acid), DHA(Docosahexaenoic acid) പോലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും ഫാറ്റി ലിവര്‍ രോഗത്തില്‍നിന്ന് സംരക്ഷണം നല്‍കാനും സഹായിക്കും. ഇത്തരത്തിലുളള ആരോഗ്യകരമായ കൊഴുപ്പുകള്‍ക്ക് ട്രൈഗ്ലിസറൈഡിന്റെ അളവ് മെച്ചപ്പെടുത്താനും കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും കഴിയുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. പ്രത്യേകിച്ച് സമീകൃതാഹാരം, പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍, മറ്റ് ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങള്‍ എന്നിവയോടൊപ്പം ഉപയോഗിക്കുമ്പോള്‍.
'ലിപ്പോജെനിസിസിനെ അടിച്ചമര്‍ത്തുന്നതിലൂടെയും ഫാറ്റി ആസിഡ് ഓക്സിഡേഷനെ സഹായിക്കുന്നതിലൂടെയും കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ EPAയും DHAയും സഹായിച്ചേക്കാം. ഒമേഗ-3-കള്‍ക്ക് ട്രൈഗ്ലിസറൈഡുകള്‍ മെച്ചപ്പെടുത്താനും കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടല്‍ കുറയ്ക്കാനും കഴിയും. പ്രത്യേകിച്ച് ജീവിതശൈലിയുമായി ചേര്‍ക്കുമ്പോള്‍.

30 മുതല്‍ 40 ഗ്രാം വരെ പ്രോട്ടീന്‍ കഴിക്കുക
ഓരോ ഭക്ഷണത്തിലും കുറഞ്ഞത് 30 മുതല്‍ 40 ഗ്രാം വരെ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ഡോക്ടര്‍ സൂദ് പറയുന്നു. കാരണം ആവശ്യത്തിനുളള പ്രോട്ടീന്‍ കഴിക്കുന്നത് പേശികളുടെ അളവ് നിലനിര്‍ത്തുന്നതിലും, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തെ സഹായിക്കുന്നതിനും, കരള്‍ ടിഷ്യു ആരോഗ്യകരമായി നിലനിര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. പേശികളുടെ അളവ് കുറയുന്നത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഭക്ഷണത്തിനു ശേഷമുള്ള നടത്തം
ഭക്ഷണത്തിനു ശേഷം നടക്കുന്നത് പേശികളെ ഗ്ലൂക്കോസ് കൂടുതല്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ശരീരത്തിലെ ഇന്‍സുലിന്‍ ആവശ്യകത കുറയ്ക്കുകയും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍ സൂദ് പറയുന്നു. കാലക്രമേണ, ഇന്‍സുലിന്‍ സംവേദനക്ഷമതയിലെ ഈ മെച്ചപ്പെടുത്തലുകള്‍ കരളിന്റെ ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിച്ചേക്കാം. ഭക്ഷണത്തിന് ശേഷം നടക്കുന്നത് പേശികളിലെ രക്ത ചംക്രമണം വര്‍ധിപ്പിക്കുകയും ഭക്ഷണത്തിന് ശേഷമുളള ഗ്ലൂക്കോസ് സ്പൈക്കുകളും ഇന്‍സുലിന്‍ അളവും കുറയ്ക്കുകയും ചെയ്യുന്നു.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. മെഡിക്കല്‍ ഉപദേശങ്ങള്‍ക്ക് പകരമാവില്ല. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights :Fatty liver disease is becoming more common, especially due to poor lifestyle choices. Dr. Sood shares 5 easy ways to protect your liver.