ആഘോഷ അവസരങ്ങളില്‍ സന്തോഷം പങ്കുവയ്ക്കാനായി മദ്യപാനം നടത്തുന്നവരുണ്ട്. മറ്റ് ചിലര്‍ക്ക് ഇതൊരു ദൈനംദിന ശീലമാണ്. മദ്യം പലരുടെയും ജീവിതത്തിന്റെ ഭാഗമായതുപോലെതന്നെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രധാന ഘടകവുമാണ്. ഇതെല്ലാം അറിയാമെങ്കിലും പലരും മദ്യപാനം ഉപേക്ഷിക്കാന്‍ തയ്യാറല്ല. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് 30 ദിവസത്തേക്ക് മദ്യം തൊടാതിരുന്നാല്‍ ശരീരത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കും എന്നാണ്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകളടക്കം പറയുന്നത് ചെറിയ അളവില്‍ പോലും മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ്. അമിത മദ്യപാനം ഹൃദ്രോഗം, അമിത വണ്ണം, മാനസിക പ്രശ്നങ്ങള്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കെല്ലാം കാരണമാകും.
മദ്യം ഉപേക്ഷിച്ച് ഏതാനും ദിവസങ്ങളില്‍ത്തന്നെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടാന്‍ തുടങ്ങും. മദ്യം കഴിച്ചാല്‍ ഉറക്കം വരുമെങ്കിലും ശരീരത്തിന് ആഴത്തില്‍ വിശ്രമം ലഭിക്കുന്നില്ല. എന്നാല്‍ മദ്യപാനം നിര്‍ത്തി നോക്കൂ. രാത്രിയിലെ ഉറക്കം കൂടുതല്‍ ശാന്തവും ഉന്മേഷദായകവുമായി മാറും. രാവിലെ ക്ഷീണമില്ലാതെ ഉണരാനും കഴിയും.
അമിതമായി മദ്യപിക്കുന്നവരില്‍ കാലക്രമേണ ലിവര്‍ സിറോസിസ് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. മദ്യത്തില്‍നിന്ന് ശരീരം ഉല്പാദിപ്പിക്കുന്ന 'ആല്‍ഡിഹൈഡ്' എന്ന രാസവസ്തു കരളിലെ കോശങ്ങളെ നശിപ്പിക്കുന്നു. കരളില്‍ കൊഴുപ്പടിയുന്നതാണ് മദ്യം കരളിനെ ബാധിച്ചതിന്റെ പ്രധാന ലക്ഷണം. ഇത് ഒരൊറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. ദിവസം രണ്ടില്‍ കൂടുതല്‍ പ്രാവശ്യം മദ്യം കഴിക്കുന്ന പുരുഷന്മാര്ക്കും ഒന്നില്‍ കൂടുതല്‍ തവണ മദ്യം കഴിക്കുന്ന സ്ത്രീകള്‍ക്കും കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയുണ്ടാകാം.
മദ്യപാനം നിര്‍ത്തി ആദ്യത്തെ രണ്ടാഴ്ചയ്ക്കുളളില്‍ കരള്‍ ആരോഗ്യം വീണ്ടെടുക്കാന്‍ തുടങ്ങും. മദ്യം ഒഴിവാക്കിയാല്‍ കരള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. കരളിലെ കൊഴുപ്പ് കുറയുകയും കരള്‍ കോശങ്ങളിലെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
കരള്‍ പോലെ തന്നെ മദ്യപാനം പ്രധാനമായും ബാധിക്കുന്ന മറ്റൊരു അവയവമാണ് ഹൃദയം. മദ്യപിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും രക്തക്കുഴലുകളില്‍ കൊഴുപ്പടിയുകയും ചെയ്യുന്നു. ഹൈപ്പര്‍ ടെന്‍ഷന്‍. ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അപകടാവസ്ഥയിലേക്കായിരക്കും പിന്നീട് ചെന്നെത്തുക. മദ്യം ഒഴിവാക്കുന്നതിനൊപ്പം അല്പം വ്യായാമം കൂടി ശീലിക്കുകയാണെങ്കില്‍ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും.
മദ്യം ഒഴിവാക്കി ഒരു മാസത്തിനകം ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ കാണാം. മദ്യപിക്കുമ്പോള്‍ ചര്‍മ്മം വരണ്ടതും മങ്ങിയതുമായിമാറും. മദ്യപാനം നിര്‍ത്തിയാല്‍ ശരീരത്തിന്റെ ജലാംശം മെച്ചപ്പെടുകയും തിളക്കമുളളതും ആരോഗ്യകരവുമായ ചര്‍മ്മം ലഭിക്കുകയും ചെയ്യും.
മാനസികാരോഗ്യത്തിനുണ്ടാകുന്ന മാറ്റങ്ങളും വളരെ ഗുണകരമാണ്. മദ്യപാനം ഒഴിവാക്കുമ്പോള്‍ ചില ആളുകളില്‍ ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, എന്നിവ കുറയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല ഏകാഗ്രതയും ഓര്‍മ്മയും മെച്ചപ്പെടുമെന്നും പഠനങ്ങള്‍ പറയുന്നു.
ദീര്‍ഘകാലമായി അമിത അളവില്‍ മദ്യം ഉപയോഗിച്ചിരുന്നവര്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തുമ്പോള്‍ വിറയല്‍, അമിത വിയര്‍പ്പ്, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ വിത്ഡ്രോവല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മദ്യാസക്തിയുള്ളവര്‍ ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രമേ മദ്യപാനം നിര്‍ത്താന്‍ പാടുള്ളൂ.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്.ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights : Excessive alcohol consumption can lead to heart disease, obesity, mental health problems, heart attacks, and strokes.