ശാരീരിക അസ്വസ്ഥതയുണ്ടോ? ഗ്യാസ്ട്രബിളാണോ ഹൃദയാരോഗ്യ പ്രശ്‌നങ്ങളാണോ? എങ്ങനെ തിരിച്ചറിയാം

നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതയാണ് ഹൃദയാഘാതത്തിന്റെയും അസിഡിറ്റിയുടെയും പ്രധാന ലക്ഷണം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം.

നമുക്കുണ്ടാകുന്ന ചില അസുഖങ്ങള്‍ക്ക് ഒരേ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ പ്രധാനപ്പെട്ട രണ്ട് അസുഖങ്ങളാണ് ഹാര്‍ട്ട് അറ്റാക്കും അസിഡിറ്റിയും. ഏകദേശം ഒരേ രീതിയിലുള്ള ലക്ഷണങ്ങളാണ് ഇവയ്ക്ക് രണ്ടിനും ഉണ്ടാകുന്നത്. ചില ആളുകള്‍ ഗ്യാസ് മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ ഹൃദയാരോഗ്യ പ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്. നേരെ മറിച്ച് സംഭവിക്കുന്ന സാഹചര്യങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഇവ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ ആരോഗ്യസ്ഥിതി വഷളായേക്കാം.

എല്ലാ നെഞ്ചുവേദനയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുളളതല്ല.2018 ല്‍ 1,239 പേരെ ഉള്‍പ്പെടുത്തി നടത്തിയ ഒരു പഠനത്തില്‍ 60 ശതമാനത്തിലധികം ആളുകള്‍ക്കും ഹൃദയസംബന്ധമല്ലാത്ത നെഞ്ചുവേദന കണ്ടെത്തിയിരുന്നു.

ഹൃദയാഘാതത്തിന്റെ വേദനയും അസിഡിറ്റിയുടെ ബുദ്ധിമുട്ടും എങ്ങനെ തിരിച്ചറിയാം

ഹൃദയാഘാതം സംഭവിക്കുന്ന പലര്‍ക്കും നെഞ്ചുവേദനയാണ് ആദ്യം ഉണ്ടാകുന്നത്. ഇടതുനെഞ്ചിലാണ് വേദന അനുഭവപ്പെടുന്നത്.കൂടാതെ ഇടതു കൈയ്യിലും കഴുത്തിലും താടിയെല്ലിലും ഈ വേദന പടരുന്നതായി പല രോഗികള്‍ പറയാറുണ്ട്. വേദനയോടൊപ്പം ശരീരം അമിതമായി വിയര്‍ക്കുകയും ചെയ്യുന്നു. ഹൃദയാഘാതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം നെഞ്ചുവേദനയാണെങ്കിലും ലക്ഷണങ്ങള്‍ ഓരോ ആളുകളിലും വ്യത്യാസപ്പെട്ടേക്കാം.

ഗ്യാസ് പ്രോബ്ലം മൂലമുള്ള വേദനയുടെ ലക്ഷണങ്ങള്‍

  • അടിവയറ്റിലും നെഞ്ചിലും എരിച്ചില്‍ അനുഭവപ്പെടുക
  • ഭക്ഷണശേഷം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, വയറ് വീര്‍ക്കല്‍, ഏമ്പക്കം വിടല്‍
  • ഭക്ഷണം കഴിച്ച ശേഷം അല്‍പസമയം കഴിയുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുക.
  • കിടക്കുമ്പോള്‍ വായില്‍ പുളിരസം അനുഭവപ്പെടുക
  • അന്റാസിഡുകള്‍ കഴിക്കുമ്പോള്‍ ഗ്യാസ് മൂലമുള്ള അസ്വസ്ഥതയ്ക്ക് ആശ്വാസം ലഭിക്കും.

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

  • നെഞ്ചില്‍ ആരംഭിക്കുന്ന വേദന ഇടതുകൈയിലേക്കും കഴുത്തിലേക്കും താടിയെല്ലിലേക്കും വ്യാപിക്കും.
  • ഓക്കാനം,അടിവയറ്റില്‍ ഉണ്ടാകുന്ന വേദന
  • ചുമ, ശ്വാസതടസം അനുഭവപ്പെടുക
  • അമിത വിയര്‍പ്പ്
  • ക്ഷീണം
  • തലകറക്കം, തലയ്ക്ക് ഭാരമില്ലാതെ തോന്നുന്ന അവസ്ഥ
  • നെഞ്ചില്‍ ഭാരം കയറ്റിവയ്ക്കുന്നതുപോലെയോ ഞെരുക്കം തോന്നുന്നതുപോലെയോ അനുഭവപ്പെടുക

ഹൃദ്രോഗമുള്ളവര്‍ ഇത്തരം ലക്ഷണങ്ങളെ തള്ളിക്കളയരുത്. എത്രയും വേഗം ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്. മാത്രമല്ല ഇടയ്ക്കിടെ വൈദ്യ പരിശോധനകള്‍ നടത്തേണ്ടതും അത്യാവശ്യമാണ്.

Content Highlights :Is it gastrointestinal or heart health problems? How to identify

To advertise here,contact us