വേനല്‍ക്കാലത്ത് എത്രമാത്രം വെള്ളം കുടിക്കാം; അമിതമായി കുടിക്കുന്നതും അപകടമാണ്

വേനല്‍ക്കാലത്ത് അമിത ജലാംശം മൂലം ഉണ്ടാകുന്ന ഹൈപ്പോനാട്രീമിയ ഉള്‍പ്പെടെയുള്ള അപകടസാധ്യതകളെക്കുറിച്ച് ഡോക്ടര്‍ പറയുന്നു

വേനല്‍ക്കാലമാകുമ്പോള്‍ എല്ലാവരും പറയുന്ന ഒരു കാര്യമാണ് ധാരാളം വെള്ളം കുടിക്കണം എന്നുള്ളത്. അന്തരീക്ഷത്തിലെ താപനില ഉയരുമ്പോള്‍ ശരീരത്തില്‍ ജലാംശം കുറയുന്നു. അപ്പോള്‍ അത് നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ ജലാംശം നിലനിര്‍ത്തണം എന്ന കാര്യത്തിനിടയില്‍ പലരും വിട്ടുപോകുന്ന ഒന്നാണ് എത്ര അളവിലുള്ള വെള്ളമാണ് കുടിക്കേണ്ടത് എന്നുള്ളത്. കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റായ ഡോ. എന്‍ ആര്‍ ഷെട്ടി ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങള്‍ ഇങ്ങനെയാണ്.

വേനല്‍ക്കാലത്ത് വെളളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ വെള്ളം അമിതമായി കുടിച്ചാല്‍ ശരീരത്തിന്റെ ഇലക്ട്രാലൈറ്റ് ബാലന്‍സ് തകരാറിലാവുകയും ഹൈപ്പോനാട്രീമിയ അഥവാ വാട്ടര്‍ ഇന്‍ടോക്‌സിക്കേഷന്‍ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. രക്തത്തിലെ സോഡിയത്തിന്റെ അളവ് നേര്‍പ്പിക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഡോ. എന്‍.ആര്‍ ഷെട്ടി പറയുന്നു. ഇത്തരത്തില്‍ അമിതമായി വെളളം ശരീരത്തില്‍ എത്തുമ്പോള്‍ കോശങ്ങള്‍ വീര്‍ക്കാന്‍ കാരണമാകും. തലച്ചോറിലെ കോശങ്ങളുടെ വീക്കം തലവേദന,ആശയക്കുഴപ്പം,ജീവന്‍ അപകടപ്പെടുത്തുന്ന സങ്കീര്‍ണതകള്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

എത്ര വെള്ളം കുടിക്കണമെന്ന് എങ്ങനെ അറിയാം

വെള്ളം ശരീരത്തിന് അത്യാവശ്യമാണ്. എന്നാല്‍ എത്ര കുടിക്കണം എന്നുള്ളത് ഒരാളുടെ ശരീരഭാരം, കാലാവസ്ഥ,ഭക്ഷണക്രമം,ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നീ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. നിര്‍ബന്ധമായി വെളളം കുടിക്കുന്നതിന് പകരം ദാഹം തോന്നുമ്പോള്‍ വെള്ളം കുടിക്കുക. മൂത്രത്തിന്റെ നിറം നോക്കിയാലും എത്ര വെള്ളം കുടിക്കണമെന്ന് അറിയാം. ഇളം മഞ്ഞ നിറം അനുയോജ്യമാണ്. അതേ സമയം പൂര്‍ണമായും തെളിഞ്ഞ മൂത്രമാണെങ്കില്‍ ശരീരത്തില്‍ ആവശ്യത്തിലധികം വെള്ളം ഉണ്ടെന്നാണ് മനസിലാക്കാവുന്നത്. സാധാരണ സാഹചര്യങ്ങളില്‍ മുതിര്‍ന്നവര്‍ പ്രതിദിനം 2, 3 ലിറ്റല്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതായത് അമിതമായി വെള്ളം കുടിക്കുക എന്നതല്ല ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലാണ് കാര്യം.

Content Highlights :Doctor talks about the risks of overhydration in summer, including hyponatremia

To advertise here,contact us