ചിലരുടെ കൺപോളയ്ക്ക് മുകളിൽ മഞ്ഞനിറത്തിലൊരു തടിപ്പ് കണ്ടിട്ടില്ലേ? സാൻതലാസ്മ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. കാണുമ്പോൾ ചർമത്തിലുണ്ടാകുന്ന എന്തോ ഒരു അവസ്ഥ എന്നുമാത്രമാണെന്ന് കരുതി തള്ളിക്കളയേണ്ട. ഇതിന് ഹൃദയത്തിന്റെ ആരോഗ്യവുമായി അടുത്ത ബന്ധമുണ്ട്. ഇത്തരം തടിപ്പുകളുടെ സാന്നിധ്യം സബ്ക്ലിനിക്കൽ അതിരോസ്ക്ലീറോസിസിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. അതായത് ധമനികളിൽ നിശബ്ദമായി പ്ലാക്കുകൾ അടിഞ്ഞുകൂടുന്ന അവസ്ഥ. ശാരീരികമായ ബുദ്ധിമുട്ടുകളുടെ ഒരു ലക്ഷണങ്ങളും പ്രത്യക്ഷത്തില് ഉണ്ടാകുകയില്ല. എന്നാൽ ഹൃദയം അസ്വസ്ഥമാണെന്ന് ശരീരം നൽകുന്ന സൂചനയാണിത്.വളരെ സങ്കീർണമാണ് മനുഷ്യശരീരം. എന്താണ് അതിനുള്ളിൽ നടക്കുന്നതെന്ന് വളരെ അസാധാരണമായ രീതിയിലൂടെയാവും പുറത്ത് കാണുക. ഇത്തരത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ഒന്നാണ് കൺപോളകളുടെ കോണുകളിലായി വരുന്ന ഇത്തരം മഞ്ഞതടിപ്പുകൾ. ഈ തടിപ്പുകൾ നിങ്ങളുടെ ഹൃദയധമനികളുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യത കൂടുതലാണ്. കാണുമ്പോൾ നിരുപദ്രവകരമായി തോന്നാമെങ്കിലും ഇവ ചർമത്തിലുണ്ടാവുന്ന ഒരു അവസ്ഥ എന്നതിനെക്കാൾ ശ്രദ്ധവേണ്ടതാണെന്ന് കൺസൾട്ടന്റ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റായ ഡിമ്പു എഡ്വിൻ ജോന്നാഥൻ ചൂണ്ടിക്കാട്ടുന്നു.
ചർമത്തിന് താഴെ അടിഞ്ഞുകൂടുന്ന കൊളസ്ട്രോളാണ് സാൻതലാസ്മയായി പരിണമിക്കുന്നത്. മൃദുവായ മഞ്ഞനിറത്തിലുള്ള പ്ലാക്കുകൾ കൺപോളകൾക്ക് മുകളിലായും ചുറ്റിലായും കാണപ്പെടാം. മിക്കപ്പോഴും കൺപോളയ്ക്ക് മുകളിൽ മൂക്കിനോട് ചേർന്നാവും ഇവ കാണുക. വളരെ നേർത്ത ചർമമുള്ള നന്നായി രക്തചക്രമണം നടക്കുന്നിടമാണ് കൺപോളകൾ. അതിനാൽ ഇവിടെയായിരിക്കും അമിതമായ കൊഴുപ്പ് അടിയുന്നത് കാണാൻ കഴിയുകയെന്നും ഡോക്ടർ ജോന്നാഥൻ പറയുന്നു. ഇത്തരത്തിലുള്ള പാടുകൾ കൊളസ്ട്രോൾ നിലയിലെ അസ്ഥിരതയെയോ അല്ലെങ്കിൽ അതിരോസ്ക്ലീറോസിസിന്റെ ലക്ഷണമോ ആകാം. ഇത് പതിയെ ഹൃദയാഘാതത്തിലേക്കും നയിച്ചേക്കാം.
വളരെ ചെറിയ പ്രായത്തിൽ കാണപ്പെടുന്ന ഈ പാടുകൾ പ്രായംകൂടും തോറും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി കാണാമെന്നും ഡോ ജോന്നാഥൻ പറയുന്നു. സാൻതലാസ്മ കാണപ്പെടുന്നവരിൽ ധമനി സംബന്ധമായ പ്രശ്നങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ചില സമയങ്ങളിൽ നെഞ്ചുവേദന ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇത്തരം പാടുകൾ ശരീരത്തിൽ പ്രത്യക്ഷപ്പെടാം. അതിനാൽ സാൻതലാസ്മ ഉള്ളിലെ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്ന ഒരു സൂചനയാണെന്നും കാർഡിയോളജിസ്റ്റ് വ്യക്തമാക്കുന്നു.
സാൻതലാസ്മ എന്ന് പറയുമ്പോൾ തന്നെ അതിനെ രക്തക്കുഴലുകൾ ബുദ്ധിമുട്ടിലാണെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു റെഡ് ഫ്ളാഗായാണ് കണക്കാക്കുന്നതെന്നും ഡോക്ടർ വിശദീകരിക്കുന്നു. സാധാരണ കൊളസ്ട്രോൾ പരിശോധന ഫലങ്ങൾ നോർമലാണെങ്കിൽ കൂടി ഇത്തരം പാടുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിന് ജനിതകമായത് ഉൾപ്പെടെയുള്ള കാരണങ്ങളും ഉണ്ടാകും. സാൻതലാസ്മ ശ്രദ്ധയിൽപ്പെട്ടാൽ കാർഡിയോവാസ്കുലാർ പരിശോധന നടത്തുക പ്രധാനമാണ്. അതിനാൽ ഇത്തരം പാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ നമ്മുടെ കൺപോളകൾ ഹൃദയത്തിന് മുന്നറിയിപ്പ് നൽകുന്നതായി കണക്കാക്കുന്നതിൽ തെറ്റില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Yellow deposits on eyelids, known as Xanthelasma, may signal high cholesterol and increased heart risk.