മോണയിലെ രക്തസ്രാവം ഹൃദയത്തെ പ്രശ്നത്തിലാക്കാം; അറിയാതെ പോകുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ, ദന്തഡോക്ടര്‍ പറയുന്നു

വേദനയുണ്ടാകുന്ന സാഹചര്യം വരെ ആരും പല്ലുകളുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരാവില്ല

സാധാരണയായി ദന്തഡോക്ടറെ കാണാന്‍ പോകുന്നത് പല്ലിനുണ്ടാകുന്ന കേട്, മോണ സംബന്ധമായ പ്രശ്‌നം, അല്ലെങ്കില്‍ സൗന്ദര്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ എന്നിവയൊക്കെ ഉണ്ടാകുമ്പോഴാണ്. പല്ലുകള്‍ക്കും മോണയ്ക്കും വരുന്ന പല മാറ്റങ്ങളും ശരീരത്തിലെ മറ്റ് പലയിടങ്ങളിലുമുള്ള പ്രശ്‌നങ്ങളുടെ മുന്നറിയിപ്പു കൂടിയാണ്. ശ്രദ്ധിക്കപ്പെടുന്ന ലക്ഷണങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ പല്ല് സംബന്ധമായ ബുദ്ധിമുട്ടുകളിലൂടെ പല ആരോഗ്യപ്രശ്‌നങ്ങളും മനസിലാക്കാന്‍ കഴിയും. ഇത്തരം ലക്ഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി സമയത്തിന് തന്നെ ദന്തസംരക്ഷണം ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടത്. ഇതിലൂടെ പല അസുഖങ്ങളെയും പ്രതിരോധിക്കാനും മുന്നേ കൂട്ടി കണ്ടുപിടിക്കാനും കഴിയും. ദന്തരോഗവിദഗ്ധയായ ഡോ ടാനിയ നിജാവന്‍ ഇക്കാര്യത്തില്‍ നല്‍കുന്ന ചില ഉപദേശങ്ങള്‍ ഇങ്ങനെയാണ്..

വളരെ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് ഇന്ന് ഭൂരിഭാഗം പേരും പിന്തുടരുന്നത്. വേദനയുണ്ടാകുന്ന സാഹചര്യം വരെ ആരും പല്ലുകളുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരാവില്ല. പല്ലിനും മോണയ്ക്കും വരുന്ന ബുദ്ധിമുട്ടുകള്‍ മുൻകൂട്ടി മനസിലാക്കുന്നത് നിങ്ങളുടെ ദീര്‍ഘകാല ആരോഗ്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. മാത്രമല്ല ആരോഗ്യകരമായ വായ എന്നത് ആരോഗ്യകരമായ ശരീരത്തെയാണ് കാണിക്കുന്നതെന്നും ഡോക്ടർ ഓർമിപ്പിക്കുന്നു.

ശരിയായ രീതില്‍ പല്ലുകള്‍ തേയ്ക്കാത്തതിനെ തുടര്‍ന്ന് ഉണ്ടാകുന്ന മോണയിലെ രക്തസ്രാവം നിരുപദ്രവകരമാണ്. എന്നാല്‍ വിട്ടുമാറാതെ മോണയില്‍ ഉണ്ടാകുന്ന രക്തസ്രാവം ശ്രദ്ധിക്കണം എന്നാണ് ഡോക്ടര്‍ ടാനിയ പറയുന്നത്. നിങ്ങളുടെ പല്ലുകളെ കൃത്യമായി തല്‍സ്ഥാനത്ത് പിടിച്ചുനിര്‍ത്തുന്ന കലകള്‍ക്കും കോശങ്ങള്‍ക്കും ഉണ്ടാകുന്ന അണുബാധയാകും ഇതിന് കാരണം. മാത്രമല്ല മോണയിലുണ്ടാകുന്ന അതിരൂക്ഷമായ വീക്കങ്ങള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും ഡോക്ടര്‍ പറയുന്നു. അണുബാധ ഉണ്ടായ മോണയില്‍ നിന്നും ബാക്ടീരിയ രക്തത്തിലേക്ക് കടക്കും. ഇത് രക്തകുഴലുകളില്‍ വീക്കം ഉണ്ടാക്കും. ഇത് ഹൃദയസംബന്ധമായ ഗുരുതര പ്രശ്‌നങ്ങള്‍ മുതൽ പക്ഷാഘാതത്തിലേക്കും നയിക്കാം.

വരണ്ട വായയും നമ്മുടെ ശ്രദ്ധ വേണ്ട അവസ്ഥകളിലൊന്നാണ്. സെറോസ്റ്റോമിയ എന്നും അറിയപ്പെടുന്ന ഈ അവസ്ഥ ഡീഹൈഡ്രേഷന്‍ മൂലമുണ്ടാകുന്നതിനെക്കാള്‍ രൂക്ഷമായ അവസ്ഥയാണ്. അനിയന്ത്രിതമായ പ്രമേഹം ഉള്ളവരില്‍ ഉമിനീരിന്റെ അളവ് കുറവായിരിക്കും. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഉമിനീര്‍ ഗ്രന്ഥികള ബാധിക്കും. ഇത് പല്ലുകളില്‍ പോടുണ്ടാവാനും അണുബാധയ്ക്കും മോണ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ദന്തഡോക്ടര്‍മാരാണ് ഇക്കാര്യങ്ങള്‍ ആദ്യം മനസിലാക്കുന്നതും തുടര്‍ന്നുള്ള ചികിത്സയെ കുറിച്ച് നിർദേശിക്കുന്നതും.

ഒരു കാരണവുമില്ലാതെ ഇനാമല്‍ തേഞ്ഞുപോകുന്ന അവസ്ഥയാണ് മറ്റു ചിലരില്‍ കാണപ്പെടുന്നത്. ഇത് പല്ലിന്റെ ഉള്ളിലായാകും സംഭവിക്കുക. ഇത് ആസിഡ് റിഫ്‌ളക്‌സ് അല്ലെങ്കില്‍ ഗ്യാസ്‌ട്രോഈസോഫേഗല്‍ റിഫ്‌ളക്‌സ് എന്ന അസുഖത്തിന്റെ ലക്ഷണമാകാമെന്നും ഡോക്ടര്‍ പറയുന്നു. വയറ്റിനുള്ളിലെ ആസിഡ് നിരന്തരം പല്ലുമായി സമ്പര്‍ക്കം ഉണ്ടായാല്‍ ഇനാമല്‍ കേടാകും. ഇതാണ് സെന്‍സിറ്റിവിറ്റിക്കും പല്ലുകേടാവാനും കാരണമാകുന്നത്. ചിലരുടെ കാര്യത്തില്‍ ഈറ്റിങ് ഡിസോഡറായ ബുലീമിയും ഇനാമല്‍ നഷ്ടമാകുന്ന ഡെന്റല്‍ ഇറോഷന്‍ എന്ന ഈ അവസ്ഥയ്ക്ക് കാരണമാകുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

വായിലുണ്ടാവുന്ന ഉണങ്ങാതെ നിലനില്‍ക്കുന്ന അള്‍സറിനെയും സൂക്ഷിക്കണം. ഇരുമ്പ്, വിറ്റാമിന്‍ ബി12 അല്ലെങ്കില്‍ ഫോളിക്ക് ആസിഡ് എന്നിവയുടെ കുറവുമൂലമാകും ഈ അവസ്ഥയുണ്ടാകുന്നത്. ക്ഷയിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിന്റെ പ്രതിരോധ ശേഷി അല്ലെങ്കില്‍ ഓട്ടോഇമ്മ്യൂണ്‍ കണ്ടീഷന്റെ ലക്ഷണമാണിത്. സാധാരണ അള്‍സറുകള്‍ അല്ല മറിച്ച് ഉണങ്ങാതെ തുടരുന്നവയാണ് പ്രശ്‌നം. ഇവയെ കണ്ടില്ലെന്ന് നടിക്കരുതെന്നും ഡോക്ടര്‍ പറയുന്നു.

ശ്രദ്ധ നല്‍കേണ്ട മറ്റൊന്ന് പല്ലു കൊഴിഞ്ഞു പോകുന്നതും എല്ലിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ്. എല്ലിന് ഉണ്ടാകുന്ന തേയ്മാനവും ആദ്യം പല്ലിനുണ്ടാകുന്ന ഇളക്കത്തിലൂടെയാകും മനസിലാകുക. ഓസ്റ്റിയോപോറോസിസ് പോലുള്ള അവസ്ഥ താടിയെല്ലിനെ ബാധിക്കാം. ഇതോടെ പല്ലിന് നല്‍കുന്ന ബലം നഷ്ടമാകും. എക്‌സ്‌റേയിലൂടെ ബോണ്‍ ഡെന്‍സിറ്റിയിലെ മാറ്റങ്ങള്‍ ദന്തഡോക്ടര്‍ക്ക് മനസിലാക്കാന്‍ കഴിയും ഇതിലൂടെ മറ്റ് ചികിത്സകൾ റെക്കമന്റ് ചെയ്യാനും കഴിയും.

Content Highlights: Dentists warn that bleeding gums could signal serious health problems, including heart disease

To advertise here,contact us