ഓറല്‍ സെക്‌സ് വായിലെ കാന്‍സറിന് കാരണമാകുമോ? മൈക്കല്‍ ഡഗ്ലസിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

ഓറല്‍ സെക്‌സിലൂടെ പടരുന്ന എച്ച്പിവി വൈറസാണ് തന്റെ തൊണ്ടയിലെ കാന്‍സറിന് കാരണമെന്നായിരുന്നു മൈക്കിള്‍ ഡഗ്ലസ് പറഞ്ഞത്

കാന്‍സര്‍ എല്ലാ കാലത്തും ആളുകളെ ഭീതിയിലാക്കുന്ന രോഗമാണ്. രോഗത്തെക്കുറിച്ച് ആളുകള്‍ക്കുള്ള സംശയങ്ങളും ജിജ്ഞാസകളും ഒരിക്കലും മാറുന്നുമില്ല. മെഡിക്കല്‍ സയന്‍സ് പല തെളിവുകളുടെ അടിസ്ഥാനത്തില്‍ രോഗത്തെക്കുറിച്ചുള്ള അറിവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഭീതിയോടുകൂടിയാണ് കാന്‍സറിനെ കാണുന്നത്. ലോകത്ത് ഏറ്റവുമധികം ജനങ്ങളെ ബാധിക്കുന്ന രോഗമാണ് തൊണ്ടയിലെ കാന്‍സര്‍. തൊണ്ടയിലെ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മുമ്പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. 2023ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള കേസുകളില്‍ ഭൂരിഭാഗവും തൊണ്ടയിലെ കാന്‍സര്‍ ആയിരുന്നു.

പുകവലി, മദ്യപാനം, മുറുക്കുന്ന ശീലം ഇവയൊക്കെയാണ് സാധാരണയായി രോഗത്തിന് കാരണമാകുന്നത്. എന്നാല്‍ ഹ്യുമന്‍ പാപ്പിലോമ വൈറസ്(HPV) വായിലെ കാന്‍സറിന് കാരണമാകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതുവരെയും കണ്ടെത്തിയ കേസുകളിലൊന്നും ഇന്ത്യയില്‍ ഇത്തരത്തില്‍ HPV വായിലെ കാന്‍സറിന് കാരണമായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയ പഠനങ്ങളില്‍ പറയുന്നതുപോലെ ഹ്യുമന്‍ പാപ്പിലോമ വൈറസ് വായിലെ കാന്‍സറിന് കാരണമാകുന്നുവെങ്കില്‍, നടനും നിര്‍മ്മാതാവുമായ മൈക്കല്‍ ഡഗ്ലസ് തനിക്ക് കാന്‍സര്‍ ബാധിച്ചതിനെക്കുറിച്ച് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ചിന്തിക്കേണ്ട വിഷയമാകുകയാണ്. 2013ല്‍ 'ദ ഗാര്‍ഡിയന്‍' ന് നല്‍കിയ അഭിമുഖത്തിലാണ് ഓറല്‍ സെക്‌സിലൂടെ പകരുന്ന എച്ച്പിവി വൈറസാണ് തന്റെ തൊണ്ടയിലെ കാന്‍സറിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞത്. പുതിയ പഠനവും മൈക്കല്‍ ഡഗ്ലസിന്റെ അന്നത്തെ വാക്കുകളുടെ പ്രസക്തിയെക്കുറിച്ചും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

2013 ല്‍ ദ ഗാര്‍ഡിയനില്‍ നടത്തിയ അഭിമുഖത്തില്‍ വര്‍ഷങ്ങളായുള്ള പുകവലിയും മദ്യപാനവും മൂലം അസുഖം ഉണ്ടായതില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മൈക്കല്‍ ഡഗ്ലസിന്റെ മറുപടി. ഒപ്പം തന്റെ തൊണ്ടയിലെ കാന്‍സറിന് കാരണം ഓറല്‍ സെക്‌സില്‍ നിന്ന് പകര്‍ന്ന HPV വൈറസാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 2010 ലാണ് മൈക്കല്‍ ഡഗ്ലസിന് രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ 60 മുതല്‍ 70 ശതമാനം വരെ ഈ രീതിയില്‍ കാന്‍സര്‍ പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. DCC(ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍) നല്‍കുന്ന ഡാറ്റയനുസരിച്ചാണ് ഈ കണക്കുകള്‍. പല ശാരീരിക സമ്പര്‍ക്കത്തിലൂടെയും ഓറല്‍ സെക്‌സിലൂടെയും വൈറസ് വായിലേക്കും തൊണ്ടയിലേക്കും പകരാം എന്നാണ് റിപ്പോര്‍ട്ട്. 200 ല്‍ അധികം HPV അണുബാധകളുണ്ട്. അവയില്‍ പലതും ജനനേന്ദ്രിയങ്ങളിലേക്കും തൊണ്ടയിലേക്കും വായയിലേക്കും നേരിട്ടുള്ള ലൈംഗിക ബന്ധത്തിലൂടെ പകരാം. ഓറല്‍ സെക്സിലൂടെയോ മറ്റ് തരത്തിലുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ ഓറല്‍ HPV വായിലേക്ക് പകരാം.ചിലരെ മാത്രമേ രോഗം ഭീകരമായി ബാധിക്കുകയുള്ളൂ. പുരുഷന്മാരില്‍ 10 ശതമാനത്തെയും സ്ത്രീകളില്‍ 3.6 ശതമാനത്തെയും ഇത്തരം വൈറസ് ബാധിക്കുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണങ്ങള്‍

ചെവി വേദന, തൊണ്ടവേദന, കഴുത്തില്‍ മുഴ, വിഴുങ്ങുമ്പോള്‍ വേദനയോ ബുദ്ധിമുട്ടോ, ശബ്ദത്തിലെ മാറ്റം, തുടര്‍ച്ചയായ ചുമ, ശരീരഭാരം കുറയല്‍ എന്നിവയാണ് HPV യുമായി ബന്ധപ്പെട്ട തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണങ്ങള്‍. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ പറയുന്നതനുസരിച്ച്, HPV സംബന്ധമായ തൊണ്ടയിലെ കാന്‍സറിന് ആവര്‍ത്തന സാധ്യത വളരെ കൂടുതലാണ്. നേരത്തെ രോഗനിര്‍ണയം നടത്തുന്ന രോഗികള്‍ക്ക് സുഖം പ്രാപിക്കാനുള്ള സാധ്യത 90% അല്ലെങ്കില്‍ അതില്‍ കൂടുതലാണ്.

To advertise here,contact us