വ്യാപകമായി ഉപയോഗിക്കുന്ന ചില ആന്റിബയോട്ടിക്കുകള്‍ കരളിന് കേടുപാടുകളുണ്ടാക്കുന്നുവെന്ന് പഠനം

ഡോസ് കൂടിയാലാണ് ആന്റിബയോട്ടിക്കുകള്‍ ദോഷം ചെയ്യുന്നെതെന്നുള്ള പരമ്പരാഗത വീക്ഷണത്തില്‍നിന്ന് വ്യത്യസ്തമാണ് ഈ കണ്ടുപിടുത്തം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗവേഷകര്‍ നടത്തിയ ഒരു പുതിയ പഠനം അനുസരിച്ച് ജീവന്‍ രക്ഷിക്കുന്ന മരുന്നുകളാണെങ്കിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ചില ആന്റിബയോട്ടിക്കുകള്‍ ചിലപ്പോള്‍ കരളിന് കേടുപാടുകള്‍ വരുത്തുന്നുവെന്ന് കണ്ടെത്തി. ഐഐടി മുംബൈയിലെ ബയോസയന്‍സസ് ആന്‍ഡ് ബയോ എഞ്ചിനീയറിംഗ് വകുപ്പിലെ പ്രൊഫ. അശുതോഷ് കുമാറും സണ്‍വേ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. വെട്രിസെല്‍വന്‍ സുബ്രഹ്‌മണ്യനും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ചില ആന്റിബയോട്ടിക്കുകള്‍ കരള്‍ കോശങ്ങളുമായി സൂക്ഷ്മതലത്തില്‍ എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ചുളള വിവരങ്ങള്‍ കണ്ടെത്തിയത്.

ബാക്ടീരിയ അണുബാധകളെ ചെറുക്കാന്‍ പതിവായി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആന്റിബയോട്ടിക്കുകള്‍. എന്നിരുന്നാലും, ചില ആന്റിബയോട്ടിക്കുകള്‍ക്ക് കരള്‍ എന്‍സൈമുകള്‍ വര്‍ദ്ധിപ്പിക്കാനും, വീക്കം ഉണ്ടാക്കാനും, അല്ലെങ്കില്‍ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മരുന്ന് മൂലമുണ്ടാകുന്ന ഗുരുതരമായ കരള്‍ തകരാറുണ്ടാക്കാനും കഴിയുമെന്ന് ഡോക്ടര്‍മാര്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അപൂര്‍വ്വമാണെങ്കിലും ദുര്‍ബലരായ ചില രോഗികളില്‍ ഇത് ഗുരുതരമായ കരള്‍ പരാജയത്തിലേക്ക് നയിച്ചേക്കാം.

സയന്‍സ് ഡയറക്റ്റ് ഓഫ് എല്‍സെവിയറിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ആന്റിബയോട്ടിക് തന്മാത്രകളും ലിപിഡ് സമ്പുഷ്ടമായ കരള്‍ കോശങ്ങളുടെ മെംബ്രണും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം കോശത്തിനുള്ളില്‍ സമ്മര്‍ദ്ദ പ്രതികരണങ്ങള്‍ ഉണ്ടാക്കിയേക്കാം. ഒരു മരുന്ന് മെംബ്രണ്‍ സ്ഥിരതയെ തടസ്സപ്പെടുത്തുകയോ അതിന്റെ ഘടനയില്‍ മാറ്റം വരുത്തുകയോ ചെയ്താല്‍, അത് സാധാരണ കോശ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താം. കാലക്രമേണ, ഈ അസ്വസ്ഥത കരള്‍ എന്‍സൈമുകളുടെ വര്‍ദ്ധനവിന് കാരണമാകാം. അല്ലെങ്കില്‍ കരളിലെ കോശങ്ങളില്‍ പരിക്കുണ്ടാകാന്‍ കാരണമാകാം.

കോശങ്ങളുടെ കൊഴുപ്പുള്ള പുറം പാളിയുമായി മരുന്നുകള്‍ എങ്ങനെ ഇടപഴകുന്നു എന്നകാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സുരക്ഷിതമായ മരുന്നുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള ഒരു പുതിയ മാര്‍ഗം ഈ പഠനം നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടിലൂടെ ഗവേഷകര്‍ പറയുന്നുണ്ട്. ആന്റിബയോട്ടിക്കുകള്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുമ്പോള്‍, അവശ്യ മരുന്നുകള്‍ക്ക് പോലും ജൈവശാസ്ത്രപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടെന്ന് ഈ കണ്ടെത്തലുകള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

Content Highlights: Does cutting onions turn poisonous when stored in the fridge? What is the truth?

To advertise here,contact us