പ്രമേഹം വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാനുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്ന അസുഖമാണ് പ്രമേഹം.പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നതിന് മുന്പുളള നിശബ്ദ ഘട്ടത്തില്‍ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
ആഴ്ചകളോ മാസങ്ങളോ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്നുനിന്നാല്‍ കോശങ്ങളിലാണ് ആദ്യം നാശം സംഭവിക്കുന്നത്. അധിക ഗ്ലൂക്കോസ് ശരീരത്തിലെ പ്രോട്ടീനുകളിലും കൊഴുപ്പുകളിലും പറ്റിപ്പിടിക്കാന്‍ തുടങ്ങും.ഈ പ്രക്രീയ അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രോഡക്ടുകള്‍ അല്ലെങ്കില്‍ AGEs എന്നറിയപ്പെടുന്ന ദോഷകരമായ സംയുക്തങ്ങള്‍ ഉണ്ടാക്കുന്നു. ഈ സംയുക്തങ്ങള്‍ കോശങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ വ്യക്തമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല. മാത്രമല്ല ഇതോടൊപ്പം ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാവുകയും ചെയ്യുന്നു. ശരീരം അസ്വസ്ഥത പ്രകടിപ്പിക്കുമ്പോഴേക്കും ശരീരത്തിലെ കേടുപാടുകള്‍ വര്‍ധിച്ചേക്കാം. ആകാശ് ഹെല്‍ത്ത് കെയറിലെ ഫാമിലി മെഡിസിന് ആന്‍ഡ് വെല്‍നെസ് വിദഗ്ധനായ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സാഹില്‍ കപൂര്‍ പറയുന്നു.
വണ്ണമുളളവര്ക്ക് മാത്രമല്ല പ്രമേഹം ഉണ്ടാകുന്നത്. മെലിഞ്ഞവരേയും പ്രമേഹം ബാധിക്കുന്നുണ്ട്. മെലിഞ്ഞവരില്‍ അവയവങ്ങള്‍ക്ക് ചുറ്റും കൊഴുപ്പ്, ഇന്‍സുലിന്‍ പ്രതിരോധം അല്ലെങ്കില്‍ ജനിതക അപകട സാധ്യത എന്നിവ ഉണ്ടാകാം. ഡോ. കപൂര്‍ പറയുന്നു.
ഇന്‍സുലിനാണ് പഞ്ചസാരയെ കോശങ്ങളിലേക്ക് ഊര്‍ജത്തിനായി പ്രവേശിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍. പഞ്ചസാര ഉയര്‍ന്ന നിലയില്‍ നില്ക്കുമ്പോള് ഇന്‍സുലിന്‍ വീണ്ടും വീണ്ടും പുറത്തുവിട്ടുകൊണ്ടിരുക്കും. ക്രമേണ കോശങ്ങളുടെ പ്രതികരണം നിലക്കുന്നു. പാന്‍ക്രിയാസ് കൂടുതല്‍ കഠിനാധ്വാനം ചെയ്ത് പഞ്ചസാരയെ കോശങ്ങളിലേക്ക് തള്ളിവിടുന്നു. അപ്പോള്‍ കോശങ്ങള്‍ ക്ഷീണിതമാകുന്നു. ഇന്‍സുലിന്‍ ഇപ്പോഴും ഉണ്ടെങ്കില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍ ഉയരുന്നു. ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള പ്രധാന കാരണം ഇതാണ്.
ചില അവയവങ്ങള്‍ പ്രമേഹത്തിന് ഇരയാകുന്നു. രക്തക്കുഴലുകളാണ് അവയില്‍ ആദ്യത്തേത്. ഇവ ചുരുങ്ങുകയും ദുര്‍ബലമാകുകയും ചെയ്യുന്നു. ഇത് ഓക്സിജന്‍ വിതരണം കുറയ്ക്കുന്നു. ഞരമ്പുകള്‍ക്ക് പ്രതിരോധ ശേഷി ഇല്ലാതാകുന്നു. വൃക്കകള്‍ മാലിന്യങ്ങള്‍ അരിച്ചുമാറ്റാന്‍ കഷ്ടപ്പെടുന്നു. കണ്ണിന്റെ റെറ്റിന ദുര്‍ബലമാകുന്നു.
ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എന്‍ഡോതെലിയത്തെ ദുര്‍ബലപ്പെടുത്തുന്നു. കൊളസ്ട്രോള്‍ കൂടുതല്‍ പറ്റിപ്പിടിച്ച് പ്ലാക്കുകള്‍ ഉണ്ടാവുകയും രക്തം കട്ടിയുള്ളതായിത്തീരുകയും കട്ടപിടിക്കുകയും ചെയ്യും. കാലക്രമേണ ധമനികള്‍ കട്ടിയാവുകയും ഹൃദയത്തിലേക്കും തലച്ചോറിലേക്കും രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യും. ലാന്‍സെറ്റ് ഡയബറ്റിസ് ആന്‍ഡ് എന്‍ഡോക്രൈനോളജിയിലെ ഗവേഷണങ്ങള്‍ കാണിക്കുന്നത് പഞ്ചസാരയുടെ വര്‍ധനവ് ഹൃദയസംബന്ധമായ അപകടസാധ്യത ക്രമാതീതമായി വര്‍ധിക്കുന്നു എന്നാണ്.മികച്ച ഭക്ഷണം തിരഞ്ഞെടുക്കല്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍,ശരീരഭാര നിയന്ത്രണം എന്നിവയിലൂടെ പ്രമേഹം ഉണ്ടാകുന്നത് തടയാന്‍ കഴിയും. എന്നിരുന്നാലും ദീര്‍ഘകാലമായുള്ള പ്രമേഹം നാഡി, കണ്ണ്,വൃക്ക, രക്തക്കുഴലുകള്‍ എന്നിവയ്ക്ക് സ്ഥിമായ കേടുപാടുകള്‍ വരുത്തും.
Content Highlights :What really happens in the body when sugar levels rise. Even if you don't show any symptoms in the early stages, your organs may be damaged.