എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് മനുഷ്യന്റെ രക്തത്തിന് ചുവപ്പ് നിറം ഉള്ളതെന്ന്. നീലയോ പച്ചയോ മഞ്ഞയോ പോലുള്ള മറ്റ് നിറങ്ങള്‍ രക്തത്തിന് ഉണ്ടാവാത്തതെന്ന്. അതിന് പിന്നില്‍ ശാസ്ത്രീയമായ പലകാരണങ്ങളുമുണ്ട്. ശരീരത്തിലെ ഓരോ കോശത്തിലേക്കും ഓക്സിജന്‍ കൊണ്ടുപോകുന്നതും കാര്‍ബണ്‍ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നതും രക്തത്തിന്റെ ജോലിയാണ്. ഒരു പ്രായപൂര്‍ത്തിയായ മനുഷ്യന്റെ ശരീരത്തില്‍ 5-6 ലിറ്റര്‍ രക്തമുണ്ട്.
ഹിമോഗ്ലോബിന്‍ എന്ന പ്രത്യേക പ്രോട്ടീന്‍ മൂലമാണ് രക്തത്തിന് ചുവപ്പ് നിറം ലഭിക്കുന്നത്.ഹീമോഗ്ലോബിന്‍ നാല് ചെറിയ പ്രോട്ടീന്‍ ശ്യംഖലകള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇവ ഓരോന്നും 'ഹീം' എന്ന ഘടകത്താല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ഹീം ല്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇവ ഓക്സിജനുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ചുവപ്പ് നിറമാകുന്നു. ശരീരത്തിലെ മുഴുവന്‍ രക്തകോശങ്ങളിലും ഹിമോഗ്ലോബിന്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് അത് ചുവപ്പായി കാണുന്നു.
രക്തചംക്രമണത്തിന്റെ വ്യത്യാസം അനുസരിച്ച് അതിന്റെ ചുവപ്പിന്റെ നിറം വ്യത്യാസപ്പെടുന്നു. ഹൃദയത്തില്‍ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ സമ്പുഷ്ടമായ രക്തം ധമനികള്‍ കൊണ്ടുപോകുമ്പോള്‍ രക്തം കടും ചുവപ്പായി കാണപ്പെടുന്നു. നേരെമറിച്ച്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്തം സിരകള്‍ വഴി ഹൃദയത്തിലേക്ക് തിരികെ ഒഴുകുമ്പോള്‍ നമ്മുടെ രക്തം ഇരുണ്ടതും മങ്ങിയതുമായി കാണപ്പെടുന്നു.
ചര്‍മ്മത്തിന്റെ പാളികളിലൂടെ കടന്നുപോകുന്ന പ്രകാശമാണ് സിരകള്‍ അല്ലെങ്കില്‍ ഞരമ്പുകള്‍ കാണാന്‍ നമ്മെ സഹായിക്കുന്നത്. പ്രകാശത്തില്‍ വ്യത്യസ്ത നിറങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നും അവയ്ക്ക് വ്യത്യസ്ത തരംഗദൈര്ഘ്യമാണെന്നും നമുക്കറിയാം. പ്രകാശത്തിലെ നീലയും ചുവപ്പും നിറങ്ങള്‍ക്ക് തുളച്ച് കയറുന്നതിനുള്ള കഴിവ് വ്യത്യസ്തമാണ്. ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള ചുവന്ന വെളിച്ചത്തിന് ചര്‍മ്മത്തിലൂടെയും ശരീര കോശങ്ങളിലൂടെയും നന്നായി സഞ്ചരിക്കാനും ചര്‍മ്മത്തിന് 5-10 മില്ലിമീറ്റര്‍ വരെ താഴെയെത്താനും കഴിയും.
അവിടെയാണ് പല ഞരമ്പുകളും ഉള്ളത്. വെളിച്ചം സിരകളിലേക്ക് എത്തുമ്പോള്‍ അതിലെ ചുവന്ന വെളിച്ചത്തെ ഹീമോഗ്ലോബിന്‍ ആഗിരണം ചെയ്യും. ചെറിയ തരംഗദൈര്‍ഘ്യമുള്ള നീല വെളിച്ചം എളുപ്പത്തില്‍ ചര്‍മ്മത്തിലേക്ക് തുളച്ചുകയറില്ല. നീല വെളിച്ചം ചര്‍മ്മത്തില്‍ എത്തുമ്പോള്‍, അത് മിക്കവാറും ചിതറുകയും പ്രതിഫലിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ നമ്മുടെ കണ്ണിലേക്ക് തിരികെ എത്തുന്നത് നീല വെളിച്ചമാണ്. അതുകൊണ്ടാണ് ഞരമ്പുകള്‍ നീല നിറത്തിര് കാണപ്പെടുന്നത്.
Content Highlights : Why does human blood appear blue when viewed through the veins, even though it is red?