വൈകുന്നേരമാകുമ്പോള്‍ തണുത്ത ബിയറും നല്ല ചൂടുള്ള ഗ്രില്‍ഡ് ചിക്കനും ഒക്കെ കഴിച്ചിരിക്കാന്‍ പലര്‍ക്കും ഇഷ്ടമാണല്ലേ?. എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഈ ഭക്ഷണ കോമ്പിനേഷന്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും അല്ലേ?. എന്നാല്‍ വിശ്വസിച്ചേ പറ്റൂ.
ബിയറില്‍ എത്തനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ എത്തിക്കഴിയുമ്പോള്‍ കരള്‍ എത്തനോളിനെ വിവിധ സംയുക്തങ്ങളാക്കി മാറ്റുന്നു. ഇതില്‍ അസറ്റാള്‍ഡിഹൈഡ് എന്ന സംയുക്തവും ഉള്‍പ്പെടുന്നു. കരളിന് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്ന ഒരു സംയുക്തമാണിത്. കാലക്രമേണ അമിതമായുളള ബിയര്‍ ഉപയോഗം ഹെപ്പറ്റെറ്റിസ്, സിറോസിസ് തുടങ്ങി ലിവര്‍ കാന്‍സറിന് വരെ കാരണമാകുന്നു.
അതുപോലെ മാംസം ഉയര്‍ന്ന ചൂടില്‍ ഗ്രില്‍ ചെയ്യുമ്പോള്‍ പ്രോട്ടീന്റെ രാസഘടനയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് ഹെറ്ററോസൈക്ലിക് അമിനുകള്‍ (HCAs), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAHs) പോലുള്ള ദോഷകരമായ വസ്തുക്കളുടെ രൂപീകരണത്തിന് കാരണമാകുന്നു. ഇവയെല്ലാം അര്‍ബുദകാരികളായ സംയുക്തങ്ങളാണ്. ഇവയ്ക്ക് കോശങ്ങളുടെ ഡിഎന്‍എയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇത് കാന്‍സറുണ്ടാകാന്‍ കാരണമാകും. മൃഗപ്രോട്ടീനും ചൂടും തമ്മിലുള്ള പ്രതിപ്രവര്ത്തനത്തില്നിന്നാണ് HCAs ഉണ്ടാകുന്നത്. ഗ്രില്‍ ചെയ്തെടുത്ത ഭക്ഷണം കഴിക്കുമ്പോള്‍ കരള്‍ ഈ ദോഷകരമായ വസ്തുക്കളെ സംസ്കരിക്കേണ്ടതുണ്ട്. കൂടാതെ അമിതമായി ബിയര്‍ കുടിക്കുന്നത് കരളിന് കൂടുതല്‍ ജോലിഭാരം നല്‍കുകയും അതുവഴി കരളിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കാലക്രമേണ മറ്റ് പല രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഗ്രില്‍ ചെയ്ത ഭക്ഷണം കഴിക്കുമ്പോള്‍ ബിയര്‍ കഴിക്കുന്നതിന്റെ അളവ് പരിമിതപ്പെടുത്തുക. മാംസത്തിന്റെ ഗ്രില്ലിംഗ് സമയം കുറയ്ക്കുന്നതും ഗ്രില്‍ ചെയ്യുമ്പോള്‍ മാംസവും തീ ജ്വാലകളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതും കുറഞ്ഞ താപനിലയില്‍ ഗ്രില്‍ ചെയ്യുന്നതും കാര്‍സിനോജന്‍ രൂപപ്പെടാനുളള സാധ്യത കുറയ്ക്കുന്നു.
( ഈ ലേഖനം വിവരങ്ങള്‍ നല്കാന് മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്. ഓര്‍ക്കുക കുറഞ്ഞ അളവിലുള്ള മദ്യപാനം പോലും ആരോഗ്യത്തിന് ദോഷകരമാണ്)
Content Highlights :There are some food combinations that are harmful to health. One of them is beer and grilled meat.