ഉപ്പ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം സംശയങ്ങളുണ്ട്. ഉപ്പ് ബ്ലഡ് പ്രഷര്‍ കൂടുന്നതിന് കാരണമാകുന്നു എന്ന് ചിലര്‍ അവകാശപ്പെടുമ്പോള്‍ ശരീരത്തിന് ഒന്നിലധികം ഗുണങ്ങള്‍ നല്‍കുന്നുവെന്ന് മറ്റുചിലര്‍ വിശ്വസിക്കുന്നു.വ്യായാമം ചെയ്യുമ്പോഴും വിയര്‍ക്കുമ്പോഴും മൂത്രമൊഴിക്കുമ്പോഴും ശരീരത്തില്‍നിന്ന് സോഡിയം പോലുള്ള ഇലക്ട്രോലൈറ്റുകള്‍ നഷ്ടപ്പെടാനിടയാകുന്നു. കുടിവെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകള്‍ വീണ്ടും നിറയാന്‍ സഹായിക്കുന്നു.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സ്പോര്‍ട്സ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് വെള്ളത്തില്‍ ഇലക്ട്രോലൈറ്റുകള്‍ പ്രത്യേകിച്ച് സോഡിയം ചേര്‍ക്കുന്നത് നമ്മുടെ ശരീരം വെള്ളം ആഗീരണം ചെയ്യാനും കോശങ്ങളില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. ശരീരത്തിലെ പേശികളുടെയും നാഡികളുടേയും പ്രവര്‍ത്തനത്തിന് ആവശ്യമായ സോഡിയം പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ ഉപ്പിലുണ്ട്.
നിര്‍ജലീകരണം തടയുന്നതാണ് അടുത്ത ഗുണം. ചൂടുള്ള സാഹചര്യങ്ങളില്‍ ശരീരം വിയര്‍ക്കുന്നത് ജലത്തിന്റെയും ഇലക്ട്രോലൈറ്റിന്റെയും നഷ്ടം വര്‍ധിപ്പിക്കുന്നു. എന്നാല്‍ വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജലീകരണം തടയാനും ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയാനും സഹായിക്കും. ഉപ്പ് ചേര്‍ത്ത വെളളം വായിലെ ഉമിനീര് ഗ്രന്ധികളെ ഉത്തേജിപ്പിക്കുകയും ആമാശയത്തില്‍ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ഭക്ഷണം എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കും.
അടുത്തത് ചര്‍മ്മത്തിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ ഉപ്പുവെള്ളം സഹായിക്കുന്നു എന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ശരീരത്തില്‍ കുരുക്കളും പാടുകളും ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു. മറ്റൊന്ന് പേശിവലിവ് തടയുന്നതാണ്. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് സാധാരണയായി പേശിവലിവ് അനുഭവപ്പെടുന്നത്.വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് പേശികള്‍ക്ക് ആശ്വാസം നല്‍കും.