ലോകത്തിലെ വിചിത്രവും നിഗൂഡവുമായ 7 രോഗങ്ങള്‍; കല്ലായിമാറുന്ന മനുഷ്യശരീരം മുതല്‍ ഉറക്കമില്ലാത്ത മനുഷ്യര്‍ വരെ

യുക്തിയേയും ശാസ്ത്രത്തേയും വരെ വെല്ലുവിളിക്കുന്ന അപൂര്‍വ്വമായ രോഗങ്ങളാണ് ഇവ

മനുഷ്യശരീരം ഒരു അത്ഭുതമാണ്. ചിലപ്പോഴൊക്കെ ഒന്നും മനസിലാവുകകൂടി ചെയ്യാത്ത അത്രയും അത്ഭുതങ്ങളാണ് അതില്‍ നിറഞ്ഞിരിക്കുന്നത്. യുക്തിയേയും ശാസ്ത്രത്തെ പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള ചില അത്ഭുതങ്ങളും അക്കൂട്ടത്തില്‍ ഉണ്ട്. അവയില്‍ ചിലതാണ് വൈദ്യശാസ്ത്രത്തെ വെല്ലുവിളിക്കുന്ന ചില വിചിത്ര രോഗങ്ങള്‍. കല്ലായി മാറുന്ന ശരീരം മുതല്‍ ഒരിക്കലും ഉറങ്ങാനാവാത്ത മനുഷ്യര്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. അത്തരം 8 തരത്തിലുള്ള അത്ഭുത രോഗങ്ങളെക്കുറിച്ച് അറിയാം.

സ്‌റ്റോണ്‍ മാന്‍ രോഗം(FOP)

'ഫൈബ്രോഡിസ്പ്ലാസിയ ഒസിഫിക്കന്‍സ് പ്രോഗ്രെസിവ' അഥവാ 'സ്റ്റോണ്‍ മാന്‍സ് ഡിസീസ് ' എന്നറിയപ്പെടുന്ന ഈ രോഗം മൃദുവായ കലകള്‍, പേശികള്‍, ടെന്‍ഡോണുകള്‍, ലിഗമെന്റുകള്‍ എന്നിവയെ അസ്ഥികളാക്കി മാറ്റുന്ന ഒരു തരം രോഗമാണ്. ഇങ്ങനെ സംഭവിക്കുന്നതിലൂടെ കാലക്രമേണ ശരീരം രണ്ടാമത്തെ അസ്ഥികൂടം രൂപപ്പെടുത്തുന്നു.അടിസ്ഥാന ആവശ്യങ്ങള്‍ പോലും സ്വയം നടത്താന്‍ കഴിയാത്തതുപോലെ ചലനങ്ങള്‍ നിയന്ത്രിക്കപ്പെടും. അപൂര്‍വ്വമായുള്ള ഒരു ജനിതക പരിവര്‍ത്തനം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഈ രോഗത്തിന് ചികിത്സ ഇല്ല. ശരീരത്തില്‍ ഏല്‍ക്കുന്ന ഏത് തരം പരിക്കും, അതായത് ഒരു ചെറിയ ചതവ് പോലും പുതിയ അസ്ഥി വളര്‍ച്ചയ്ക്ക് കാരണമാകും. വൈദ്യശാസ്ത്രത്തെ വരെ വെല്ലുവിളിക്കുന്ന ഒരു രോഗമായാണ് സ്‌റ്റോണ്‍ മാന്‍ ഡിസീസ് അറിയപ്പെടുന്നത്.

ഓട്ടോ- ബ്രൂവറി സിന്‍ഡ്രോം

ഒരു തുള്ളി മദ്യം പോലും കഴിക്കാതെ മദ്യപിച്ചതുപോലുള്ള ശാരീരിക അവസ്ഥകളുണ്ടാക്കുന്ന ഒന്നാണ് ഓട്ടോ- ബ്രൂവറി സിന്‍ഡ്രോം. ഇവിടെ ഒരാളുടെ ശരീരം തന്നെ മദ്യം ഉത്പാദിപ്പിക്കുകയാണ്. നിങ്ങളുടെ കുടലില്‍ യീസ്റ്റ് അമിതമായി വളരുകയും കാര്‍ബോഹൈഡ്രേറ്റുകള്‍ എത്തനോള്‍ ആയി പുളിപ്പിക്കുകയും ചെയ്യുന്നതാണ് ഈ രോഗത്തിന് കാരണം. തലകറക്കം, ലക്കില്ലാത്ത അവസ്ഥ, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങി ലഹരി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന എല്ലാ മാറ്റങ്ങളും ആ വ്യക്തിക്ക് അനുഭവപ്പെടുന്നു. പലപ്പോഴും രോഗത്തെക്കുറിച്ച് അറിവില്ലാത്തതിനാല്‍ അവഗണിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുന്നു.

പെര്‍സിസ്റ്റന്റ് സെക്ഷ്വല്‍ അരൂസല്‍ സിന്‍ഡ്രോം

പെര്‍സിസ്റ്റന്റ് ജെനിറ്റല്‍ എറോസല്‍ ഡിസോര്‍ഡര്‍ (PGAD) എന്നത് അപൂര്‍വമായ ഒരു അവസ്ഥയാണ്. ഇതില്‍ ജനനേന്ദ്രിയങ്ങളില്‍ അനാവശ്യമായ ഉത്തേജനം അനുഭവപ്പെടുകയും ഒന്നോ അതിലധികമോ രതിമൂര്‍ച്ഛകള്‍ ഉണ്ടായാലും പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. ചികിത്സിച്ചില്ലെങ്കില്‍, PGAD ശരീരത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുകയും ജീവിത നിലവാരം കുറയ്ക്കുകയും ചെയ്യും.ലൈംഗിക ഉത്തേജനം സാധാരണയായി ആനന്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ PGAD യുടെ കാര്യത്തില്‍ അങ്ങനെയല്ല. PGAD ഉള്ളപ്പോള്‍, നിങ്ങളുടെ ജനനേന്ദ്രിയങ്ങളില്‍ അനാവശ്യമായ ശാരീരിക സംവേദനങ്ങളായി നിങ്ങള്‍ക്ക് ഉത്തേജനം അനുഭവപ്പെടുന്നു.പിജിഎഡി നിരാശയിലേക്കും നാണക്കേടിലേക്കും നയിച്ചേക്കാം. 2001 വരെ PGAD തിരിച്ചറിഞ്ഞിരുന്നില്ല. അത് ഒരു സാധാരണ രോഗനിര്‍ണയവുമല്ല. ഇക്കാരണത്താല്‍, ഗവേഷകര്‍ ഇപ്പോഴും അതിന്റെ കാരണങ്ങളും ഏതൊക്കെ ചികിത്സകളാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്.

ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സിന്‍ഡ്രോം

ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സിന്‍ഡ്രോം (AIWS) എന്നത് തലച്ചോറിന്റെ സെന്‍സറി ഇന്‍പുട്ട് പ്രോസസ്സ് ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു അപൂര്‍വ അവസ്ഥയാണ്. ഈ അവസ്ഥയുള്ള ആളുകള്‍ക്ക് സ്വന്തം ശരീരത്തിന്റെ വലുപ്പം (മുഴുവന്‍ ശരീരമോ പ്രത്യേക ഭാഗങ്ങളോ) ശരിയായി മനസ്സിലാക്കുന്നതില്‍ പ്രശ്നമുണ്ട്. കൈകാലുകളൊക്കെ തെറ്റായ വലിപ്പത്തിലാണെന്ന് തോന്നും. ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും സാധ്യമായ ചില കാരണങ്ങള്‍ ഇവയാണ്, മൈഗ്രേന്‍, ബാക്ടീരിയ-വൈറല്‍ അണുബാധകള്‍, അപസ്മാരം, പക്ഷാഘാതം, മാനസിക അവസ്ഥകള്‍,ചില മരുന്നുകളുടെ ഉപയോഗം, ഡീ ജനറേറ്റീവ് ബ്രയിന്‍ രോഗങ്ങള്‍ ഇവയൊക്കെ ഇതില്‍പ്പെടും.

ഫോറിന്‍ ആക്‌സന്റ് സിന്‍ഡ്രാം

ഈ രോഗമുള്ള ആളുകള്‍ പെട്ടെന്ന് അപരിചിതമായ ഉച്ചാരണത്തില്‍ സംസാരിക്കുന്നു. പ്രത്യേകിച്ച് സ്ട്രാക്ക്, തലയിലെ പരിക്ക്, നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ശേഷം. തലച്ചോറിലം മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന സംസാരരീതിയിലെ യഥാര്‍ഥവും അനിയന്ത്രിതവുമായ മാറ്റമാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ, നിങ്ങള്‍ ഒരു വിദേശ ഉച്ചാരണത്തില്‍ സംസാരിക്കാന്‍ തുടങ്ങിയതുപോലെയാണ് മറ്റുള്ളവര്‍ക്ക് തോന്നുന്നത്. FAS വളരെ അപൂര്‍വമാണ്. 1907-ല്‍ ഫ്രഞ്ച് ന്യൂറോളജിസ്റ്റായ പിയറി മേരിയാണ് ഈ അവസ്ഥയെക്കുറിച്ച് ആദ്യമായി വിവരിച്ചത്. അതിനുശേഷം ഏകദേശം 100 സ്ഥിരീകരിച്ച കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ട്രീ മാന്‍ ഡിസീസ്

ട്രീ മാന്‍ സിന്‍ഡ്രോം എന്നും അറിയപ്പെടുന്ന എപ്പിഡെര്‍മോഡിസ്പ്ലാസിയ വെറുസിഫോം (ഇവി) എന്നത് രോഗിയെ ചര്‍മ്മ കാന്‍സറിനുള്ള ഉയര്‍ന്ന അപകടസാധ്യതയിലേക്ക് നയിക്കുന്ന ഒരു അപൂര്‍വ ജനിതക വൈകല്യമാണ്. ഈ അവസ്ഥ ഉണ്ടാകുമ്പോള്‍, വൈറസ് ശരീരത്തിലുടനീളം വ്യാപിച്ച് വൃക്ഷം പോലെയുള്ള വളര്‍ച്ച സൃഷ്ടിക്കുന്നതിനാലാണ് ഇതിനെ ട്രീ മാന്‍ എന്ന് വിളിക്കുന്നത്. HPV (ഹ്യുമന്‍ പാപ്പിലോമ വൈറസ്) കൈകാര്യം ചെയ്യാനുള്ള കഴവിനെ പ്രതികൂലമായി ബാധിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. ഈ രോഗത്തിന് ചികിത്സ ഇല്ല.

(FFI) Fatal familial insomnia ഉറക്കമില്ലായ്മ

ഈ ഉറക്കമില്ലായ്മ രോഗം ഒരു ജനിതക പ്രിയോണ്‍ രോഗമാണ്. ഇവിടെ തലച്ചോറിന്റെ ഉറങ്ങാനുള്ള കഴിവ് പൂര്‍ണമായും നഷ്ടപ്പെടുന്നു. ഇത് മാനസികാവസ്ഥയേയും ബൗദ്ധികമായ തകര്‍ച്ചയിലേക്കും നയിക്കുന്നു. ഈ രോഗത്തിന് ചികിത്സയില്ല.ഒരു പാരമ്പര്യ രോഗം കൂടിയായ FFI അപൂര്‍വ്വവും ഭയാനകവുമായ രോഗമാണ്. മനുഷ്യശരീരം,തലച്ചോറ്, പ്രതിരോധ ശേഷി, ജീവശാസ്ത്രം എന്നിവയെക്കുറിച്ച് നമുക്ക് എത്രത്തോളം അറിവില്ല എന്നതിനുള്ള തെളിവാണ് ഈ അവസ്ഥകള്‍ ഓരോന്നും. പലതും വളരെ അപൂര്‍വ്വമായതിനാല്‍ ഗവേഷണം വിരളവും രോഗനിര്‍ണയം മന്ദഗതിയിലുമാണ്.

Content Highlights :Some strange diseases that challenge medicine.

To advertise here,contact us