ഉഷ വാൻസ് 40ാം വയസിൽ ഗർഭിണി, കത്രീന കെയ്ഫ് 42ാം വയസിൽ അമ്മയായി! വൈകി ഗർഭം ധരിക്കുന്നത് അസാധാരണമല്ല

ബോളിവുഡ് താരമായ കത്രീന കെയ്ഫ് 42ാം വയസിലാണ് അമ്മയായത്. പിന്നാലെ കൊമേഡിയനായ ഭാരതി സിംഗ് 41ാം വയസിൽ രണ്ടാമത് അമ്മയായി

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ ഭാര്യ ഉഷാ വാൻസ് 40ാം വയസിൽ അമ്മയാകാൻ പോകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസ് ചരിത്രത്തിൽ തന്നെ ഇതാദ്യമാണ് ഇങ്ങനൊരു അറിയിപ്പ്. അധികാരത്തിലിരിക്കുന്ന വേളയിൽ ഗർഭിണിയാണെന്ന് പ്രഖ്യാപിക്കുന്ന ആദ്യ സെക്കന്റ് ലേഡിയാണ് ഉഷ. 2014ലാണ് ഉഷ ജെഡി വാൻസിനെ വിവാഹം കഴിക്കുന്നത്. നിലവിൽ ഇരുവർക്കും മൂന്നുമക്കളാണുള്ളത്. ഈ വർഷം ജൂലായിലാകും ഡെലിവറി എന്നും അറിയിച്ചിട്ടുണ്ട്.

ഉഷ വാൻസ് ഇക്കാര്യം തന്റെ എക്‌സിലൂടെയാണ് എല്ലാവരെയും അറിയിച്ചത്. ഹൈ പ്രൊഫൈലിലുള്ള വ്യക്തികൾ അവരുടെ പ്രഗ്നനൻസികൾ അറിയിക്കുമ്പോൾ പല ചർച്ചകളും സജീവമാകുന്നുണ്ട്. അത് അവരുടെ പ്രായത്തെ കുറിച്ചാണ്. ഇത്ര പ്രായത്തിൽ തന്നെ പെൺകുട്ടികൾ പ്രസവിച്ചിരിക്കണം, കുറച്ചുകൂടി പ്രായമേറിയാൽ അതൊരു അസാധാരണ സംഭവമായി കണക്കാക്കിയിരുന്ന അവസ്ഥയും ഉണ്ടായിരുന്നു. ബോളിവുഡ് താരമായ കത്രീന കെയ്ഫ് 42ാം വയസിലാണ് അമ്മയായത്. പിന്നാലെ കൊമേഡിയനായ ഭാരതി സിംഗ് 41ാം വയസിൽ രണ്ടാമത് അമ്മയായി.

സ്ത്രീകളിൽ ഒരു വിഭാഗം അവരുടെ മുപ്പതുകളുടെ അവസാനത്തിൽ അല്ലെങ്കിൽ നാൽപതുകളുടെ തുടക്കത്തിലാണ് അമ്മയാവാൻ തയ്യാറാവുന്നത്. ഡോക്ടർമാർ പറയുന്നത് ഒരു പ്രായം കഴിഞ്ഞ് അമ്മയാവുന്നതിൽ ചില അപകടങ്ങളുണ്ടെന്നാണ്. എന്നാലും ഇന്നത്തെ കാലത്ത് അതൊന്നും ഒരു തടസമായി ആരും കാണുന്നില്ല. വൈകിയുള്ള ഗർഭധാരണം സുരക്ഷിതമാണെന്നും എന്നാൽ അതിൽ ചില അപകടങ്ങളുണ്ടെന്നുമാണ് ഇന്ദ്രപ്രസ്ഥാ അപ്പോളോ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ നീലം സുരി പറയുന്നത്. പ്രായം കുറച്ചായതിന് ശേഷം ഗർഭം ധരിക്കുന്നത് ഇപ്പോൾ അസാധാരണമായ ഒരു കാര്യമല്ല.

മികച്ച ചികിത്സയും മുൻകരുതലും ഉണ്ടെങ്കിൽ അതിന്റെ ഫലവും മികച്ചതാകുമെന്നും ഡോക്ടർ പറയുന്നു. ഇരുപതുകളിലേയും മുപ്പതുകളിലെയും പ്രസവവുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ പ്രശ്‌നങ്ങളുണ്ട്. എല്ലാ പ്രശ്‌നങ്ങളും മനസിലാക്കിയുള്ള, കൃത്യമായ പരിശോധനകൾ നടത്തുന്ന, മികച്ച ജീവിതശൈലി പിന്തുടരുന്ന സ്ത്രീയാണെങ്കിൽ അവർ ഗർഭം ധരിച്ചാൽ കുഞ്ഞും അമ്മയും സുരക്ഷിതരായിരിക്കും എന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

35വയസിന് ശേഷം അണ്ഡത്തിന്റെ ഗുണനിലവാരത്തിലും അളവിലും കുറവ് സംഭവിക്കാം. ഇതിനാൽ ഐവിഎഫ് ഉൾപ്പെടെയുള്ള രീതികളെ ആശ്രയിക്കേണ്ടി വരാം. മെഡിക്കൽ മേഖലയിൽ വന്ന പല കണ്ടുപിടിത്തങ്ങളും ഇത്തരം പ്രഗ്നൻസികൾ സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ഡോക്ടർമാരും സ്ത്രീകളും ഇതുമായി ബന്ധപ്പെട്ട സങ്കീർണതകൾ അറിഞ്ഞിരിക്കണം. ഗെസ്റ്റേഷണൽ ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, പ്രീക്ലാംപ്‌സിയ എന്നിങ്ങനെയുള്ള അവസ്ഥകൾ 35വയസിന് ശേഷം ഉണ്ടാവാമെന്ന കാരണത്താൽ കൂടുതലും സിസേറിയനാകും നടക്കുക. ഇത്തരം അവസ്ഥകൾ നേരത്തെ കണ്ടെത്തുന്നതും അപകടം കുറയ്ക്കും.

പ്രായമുള്ള അമ്മമാർക്ക് ജനിക്കുന്ന കുട്ടികൾക്ക് ക്രോമസോമുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇതിലൊന്നാണ് ഡൗൺ സിൻഡ്രോം. ചിലപ്പോൾ പ്രസവം നേരത്തെ നടക്കാം, അല്ലെങ്കിൽ ജനിക്കുന്ന കുഞ്ഞിന്റെ ഭാരം കുറവായിരിക്കും. സ്‌ക്രീനിങ് ടെസ്റ്റുകളും പരിശോധനകളും ഇത്തരം പ്രശ്‌നങ്ങൾ ഇല്ലാതാക്കും.

35വയസിന് ശേഷം ഗർഭം ധരിക്കുന്നതിന് മുമ്പ് ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് നിർദേശങ്ങൾ തേടുന്നത് നല്ലതാണെന്ന് ഡോ സുരി പറയുന്നു. സങ്കീർണതകൾ ഒഴിവാക്കാൻ കൃത്യമായി പ്രീനേറ്റൽ പരിശോധനകൾ നടത്തണം, ആരോഗ്യകരമായ ജീവിതരീതികൾ പിന്തുടരണം, സമ്മർദമില്ലാത്ത സാഹചര്യങ്ങളിൽ കുടുംബത്തിന്റെ പിന്തുണയോടെ നല്ല ഗർഭകാലം നയിക്കണമെന്നുള്ള ഉപദേശങ്ങളും ഡോക്ടർ നൽകുന്നുണ്ട്.

Content Highlights: Late pregnancy is no longer unusual

To advertise here,contact us