തലവേദന മുതല് വിട്ടുമാറാത്ത രോഗങ്ങള്ക്ക് വരെ മരുന്നുകളെ ആശ്രയിക്കുന്നവരാണ് നാമെല്ലാവരും. സാധാരണയായി ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കല് ഷോപ്പുകളില് പോയി മരുന്ന് വാങ്ങുകയാണ് പതിവ്. മരുന്ന് വാങ്ങുമ്പേള് അതിന്റെ പാക്കറ്റില് വ്യത്യസ്തമായ മാര്ക്കുകള്,ലേബലുകള്, മറ്റ് പല വിവരങ്ങള് എന്നിവ നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ?
ചുവന്ന വര
മരുന്നുകളുടെ സ്ട്രിപ്പുകളിലെ ചുവന്ന വര സൂചിപ്പിക്കുന്നത് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വാങ്ങി കഴിക്കരുത് എന്നാണ്. ചില പാക്കേജുകളില് ഒരു ചുവന്ന ബോക്സില് ഇതേ വിവരങ്ങള് നല്കാറുണ്ട്. കൂടാതെ ഡോക്ടര് മരുന്ന് നിര്ദ്ദേശിക്കുമ്പോള് മരുന്നിന്റെ മുഴുവന് കോഴ്സും പൂര്ത്തിയാക്കുന്നതാണ് ഉചിതമെന്നും ഇതിന് അര്ഥമുണ്ട്.
ഡോസേജ്
മരുന്നിന്റെ ഡോസേജിനെ സംബന്ധിക്കുന്ന കാര്യങ്ങള് മെഡിസിന് സ്ട്രിപ്പിലോ ബോട്ടിലിലോ എളുപ്പത്തില് കണ്ടെത്താന് കഴിയും.മുതിര്ന്ന ആളുകള്ക്കും കുട്ടികള്ക്കും കഴിക്കാവുന്ന ഡോസുകള് ഇവയില് അടയാളപ്പെടുത്തിയിട്ടുണ്ടാവും. പതിവായി മരുന്ന് ഉപയോഗിക്കുന്നവരാണെങ്കിലും മരുന്ന് വാങ്ങുമ്പോള് എപ്പോഴും ഡോസേജ് പരിശോധിക്കുക. ചിലപ്പോള് പിഴവുകള് മാരക രോഗങ്ങള്ക്ക് ഇടയാക്കും.
അലര്ജി
ചില മരുന്നുകളില് അലര്ജി ഉണ്ടാക്കുന്ന ഘടകത്തെക്കുറിച്ച് പരാമര്ശിക്കുന്ന ഒരു മുന്നറിയിപ്പ് ലേബല് ഉണ്ടാകും.അത് വായിച്ച് നോക്കി മനസിലാക്കിയാല് അലര്ജി പ്രവര്ത്തനങ്ങള് ഉണ്ടാകുന്നത് തടയാന് കഴിയും. ഗര്ഭിണികളും പ്രായമായ രോഗികളുമെല്ലാം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മരുന്ന് സൂക്ഷിക്കേണ്ട രീതി
മരുന്ന് സൂക്ഷിക്കേണ്ട രീതിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇതിലുളളത്. താപനില, ഈര്പ്പം, വെളിച്ചം ഇവയെക്കുറിച്ചുള്ള വിവരങ്ങള്. മുറിയിലെ താപനിലയിലാണോ ഫ്രിഡിജിലാണോ മരുന്ന് സൂക്ഷിക്കേണ്ടത് എന്ന വിവരങ്ങള് ഇതിലൂടെ അറിയാന് കഴിയും. ശരിയായ രീതിയില് സൂക്ഷിച്ചില്ലെങ്കില് മരുന്നുകളുടെ ഫലപ്രാപ്തി കുറയുകയും പ്രതികൂല പ്രവര്ത്തനങ്ങളുടെ സാധ്യത വര്ധിക്കുകയും ചെയ്യും.
എക്സപയറി ഡേറ്റ് (കാലഹരണ തീയതി)
കാലഹരണ തീയതി പരിശോധിക്കാതെ ഒരിക്കലും മരുന്ന് വാങ്ങരുത്.കാലഹരണപ്പെട്ട മരുന്നുകള്ക്ക് വീര്യം കുറവും രാസപരമായ അപചയത്തിന് വിധേയമായതും ആയിരിക്കും. ഇവ പ്രതികൂല ഫലങ്ങള് ഉണ്ടാക്കിയേക്കാം.
ലഘുലേഖ അല്ലെങ്കില് പാക്കേജ് ഇന്സേര്ട്ട്
മിക്കവാറും എല്ലാ മരുന്നിന്റെ കവറിലും പേപ്പര് ലഘുലേഖ നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ?. ഈ ലഘുലേഖ മരുന്നിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള് അടങ്ങിയതാണ്.അതിന്റെ ഉപയോഗങ്ങള്, പാര്ശ്വഫലങ്ങള്,ശ്രദ്ധിക്കേണ്ട കാര്യങ്ങള്, ഉപയോഗിക്കേണ്ട വിധം എന്നിങ്ങനെയുളള വിവരങ്ങള് ഇതിലൂടെ ലഭിക്കുന്നു. രോഗികള് മരുന്ന് ഉപയോഗിക്കുന്നതിന് മുന്പ് ഇവ ശ്രദ്ധാപൂര്വ്വം വായിക്കുകയും സംശയമുണ്ടെങ്കില് ആരോഗ്യ വിദഗ്ധനെ സമീപിക്കുകയും വേണം.
Content Highlights :When buying medicine, have you noticed different marks, labels, and other information on its package?