ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരണകാരണമാകുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളാണ്. പലർക്കും അറിയാത്ത കാര്യം, അല്ലെങ്കിൽ മിക്കയാളുകളും ശ്രദ്ധിക്കാതെ പോകുന്ന കാര്യം ഇതുമായി ബന്ധപ്പെട്ട് ശരീരം തരുന്ന പല സൂചനകളുമാണ്. സൂക്ഷമവും വളരെ മുൻകൂട്ടി ശരീരം നൽകുന്നതുമായ മുന്നറിയിപ്പുകൾ തിരിച്ചറിയുന്നത് കാർഡിയോ വസ്കുലാർ പ്രശ്നങ്ങൾ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് കാർഡിയോവാസ്കുലാർ റിസർച്ച് സയന്റിസ്റ്റ് ഡോ ജയിംസ് ഡിനികോൾആന്റോണിയോ ചൂണ്ടിക്കാട്ടുന്നു.
ഉദ്ധാരണക്കുറവാണ് ഇതിൽ ആദ്യത്തെ അടയാളം. പുരുഷന്മാരിൽ Erectile dysfunction ഹൃദയസംബന്ധമായ അസുഖങ്ങളുടെ പ്രധാന അടയാളമാണ്. ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രശ്നമുള്ളവരിൽ പകുതിയോളം പേരിൽ ഈ പ്രശ്നമുണ്ട്. ഒരു അഞ്ച് വർഷത്തിനുള്ളിൽ അവരൊര് ഹൃദ്രോഗിയാകുകയും ചെയ്യുമെന്ന് ഡോക്ടർ പറയുന്നു. പെനിസിലെ ചെറിയ ധമനികളിലെ രക്തചക്രമണത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ കൊറോണറി ധമനികളിലെ പ്രശ്നങ്ങളുടെ പ്രതിഫലനമാണ്. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധിയിൽപ്പെട്ടാൽ ചികിത്സ നേടാൻ ശ്രദ്ധിക്കണം.
ചെറിയ പ്രവർത്തികൾ ചെയ്യുമ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് അടുത്ത ലക്ഷണം. പടികൾ കയറുമ്പോൾ അല്ലെങ്കിൽ ചെറിയ വ്യായാമങ്ങൾ ചെയ്യുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത് ഹൃദയം ബുദ്ധിമുട്ടിലാണെന്ന് പറയാത പറയുകയാണ്. നിങ്ങളുടെ മാതാപിതാക്കളോ, വീട്ടിലെ മുതിർന്ന അംഗങ്ങളോ തിരക്കുകളുമായി ഓടിനടക്കുന്നതിനിടയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നെങ്കിൽ ശ്രദ്ധിക്കണം. ഹൃദയത്തിന് മതിയായ അളവിൽ രക്തം പമ്പുചെയ്യാൻ കഴിയുന്നില്ലെന്നാണ് അല്ലെങ്കിൽ നിങ്ങളുടെ ശ്വാസകോശം അമിതഭാരം വഹിക്കുകയാണെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.
പാദങ്ങൾ, കണങ്കാൽ, കാലിന് താഴ്വശം എന്നിവിടങ്ങളിൽ കാണപ്പെടുന്ന നീർവീക്കം വളരെ ഗൗരവമായി തന്നെ കണക്കാക്കണം. ഇത് ഹൃദയസംബന്ധമോ അല്ലെങ്കിൽ വൃക്ക സംബന്ധമോ ആയ പ്രശ്നങ്ങളുടെ സൂചനയാകാം. പലപ്പോഴും ഇത്തരത്തിൽ നീരുണ്ടാകുന്ന അവസ്ഥയെ തള്ളിക്കളയുന്ന സ്ഥിതിയാണ് കാണപ്പെടുന്നത്. ക്ഷീണം, ശ്വാസംമുട്ട് എന്നിവയ്ക്ക് പുറമേ നീർവീക്കവും ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ സമീപിക്കണം. നിങ്ങളുടെ ഹൃദയം മതിയായ രീതിയിൽ രക്തം പമ്പ് ചെയ്യുന്നില്ലെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.
ഹൃദയം മുഴുവനായി പ്രവർത്തനരഹിതമാകുന്ന സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പല അടയാളങ്ങളും ശരീരത്തിലുണ്ടാകും. 2023ൽ ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗ് നീർവീക്കം, ക്ഷീണം, ശ്വാസംമുട്ട് എന്നിവയെ ഹൃദയം നന്നായി പ്രവർത്തിക്കുന്നില്ലതിന്റെ സൂചനയായി അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രായമാകുന്നതിന്റെ ലക്ഷണമായി കണ്ടുമാത്രം ഇതിനെ തള്ളിക്കളയുന്ന നിരവധി പേരാണ് നമുക്കിടയിലുള്ളത്.
Content Highlights: Three signs of silent attack majority of people overlooked