മനുഷ്യരും കൊതുകുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടത്തിയ ഒരു പഠനത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. എന്തുകൊണ്ടാണ് കൊതുകുകൾ മനുഷ്യനെ തന്നെ നിരന്തരം കടിക്കുന്നതെന്ന ചോദ്യത്തിനാണ് കൃത്യമായ ഉത്തരം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കൊതുകുകൾ മനുഷ്യരിലാണ് കൂടുതൽ ആകൃഷ്ടർ എന്നാണ് ഗവേഷകർ പറയുന്നത്. ഇതിന് കാരണവും മനുഷ്യന്റെ കയ്യിലിരിപ്പാണ്.
മനുഷ്യർ നടത്തുന്ന വനനശീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് കൊതുക്കിന്റെ ഈ രീതിക്ക് കാരണമെന്നാണ് ഫ്രണ്ടിയേഴ്സ് ഇൻ എക്കോളജി ആൻഡ് എവല്യൂഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നത്. ബ്രസീലിലുള്ള കൊതുകുകളിലാണ് ഗവേഷകർ പഠനം നടത്തിയത്. കാടുകൾ നശിപ്പിക്കപ്പെടുന്നതിന് പിന്നാലെ വന്യജീവികളുടെ എണ്ണം കുറയുന്നു. ഇതോടെ രക്തംകുടിക്കുന്ന വിഭാഗത്തിൽപ്പെട്ട ഈ ജീവികൾക്ക് മറ്റ് വഴിയില്ലാത്ത അവസ്ഥയായി. ഇതോടെ പകരക്കാരായി ഇവർ തെരഞ്ഞെടുത്തത് മനുഷ്യരെ തന്നെയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ബ്രസീലിലെ അലാന്റിക്ക് ഫോറസ്റ്റിലെ രണ്ട് വന്യജീവി സങ്കേതങ്ങളിലാണ് റിയോ ഡി ജനീറോയിലവെ ഫെഡറൽ യൂണിവേഴ്സിറ്റി, ഓസ്വാൾഡോ ക്രസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകർ പഠനം നടത്തിയത്. അമ്പത്തിരണ്ട് സ്പീഷ്യസ് കൊതുകുകളിലാണ് പഠനം നടത്തിയത്. ഇവർ കെണികളൊരുക്കി പിടികൂടിയ കൊതുകുകളെ പഠനത്തിനായി ഉപയോഗിക്കുകയാണ് ഉണ്ടായത്.
1700 കൊതുകുകളിൽ നിന്നും പെൺ കൊതുകുകളെ ആദ്യം വേർതിരിച്ചു. ഇതിൽ 24 എണ്ണത്തിന് തിരിച്ചറിയാൻ കഴിയുന്ന ഡിഎൻഎയാണെന്നു ഗവേഷകർ മനസിലാക്കി. ഇവിടെ ഗവേഷകരെ അമ്പരിപ്പിച്ച കാര്യം ഈ ഡിഎൻഎയിൽ പതിനെട്ട് വ്യത്യസ്ത മനുഷ്യരുടെ ചില അടയാളങ്ങൾ ഉണ്ടായിരുന്നു എന്നതാണ്. അറ്റ്ലാന്റിക്ക് വനങ്ങളിൽ നിന്നും ലഭിച്ച കൊതുകൾ മനുഷ്യ രക്തം കുടിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇതെന്ന് ഓസ്വാൾഡോ ക്രസ് ഇൻസ്റ്റിറ്റ്യൂട്ട് ബയോളജിസ്റ്റായ ജെറോനിമോ അലൻസർ വിശദീകരിക്കുന്നു.
അന്തരീക്ഷ താപനില ഉയരുന്നത് കൊതുക്കിന്റെ കാലചക്രത്തെ സ്വാധീനിക്കുന്നുണ്ട്. ഇവയുടെ പ്രചനന കാലത്തെ ഇവ നീട്ടാൻ ഇടയാക്കി. അതോടെ മനുഷ്യരക്തത്തിനായുള്ള വിഷപ്പും ഇവയ്ക്ക് കൂടി. മനുഷ്യന്റെ കയ്യേറ്റങ്ങൾ ഇവയുടെ ആവാസവ്യവസ്ഥയിലേക്കായപ്പോൾ സമ്പർക്കം കൂടുതൽ എളുപ്പമാവുന്ന നിലയിലായി. പ്രകൃതിദത്തമായി ഇവയ്ക്ക് ലഭിച്ചിരുന്ന ഉറവിടങ്ങൾ ലഭ്യമല്ലാതെ വന്നതോടെ കൊതുകുകൾ പുത്തൻ രക്ത ഉറവിടങ്ങൾ തേടിപ്പോയി. ഒടുവിൽ അവർ കണ്ടെത്തിയത് മനുഷ്യരെ തന്നെയായെന്ന് ഫെഡറൽ യൂണിവേഴ്സിറ്റി ഗവേഷകനായ സെർജിയേ മച്ചാഡോ പറയുന്നു.
ഡെങ്കി, സിക്ക, മലേറിയ അടക്കമുള്ള രോഗങ്ങൾ പരത്തുന്നത് കൊതുകുകളാണ്. കൊതുകുജന്യ രോഗങ്ങൾ മൂലം ലോകത്ത് വർഷാവർഷം ഒരു മില്യനോളം ആളുകളാണ് മരിക്കുന്നത്.
Content Highlights: A scientific study has been published that investigates why mosquitoes bite humans more often than other animals. Researchers identified specific factors related to human biology and behavior that make people more attractive to mosquitoes