നിങ്ങളുടെ ശരീരത്തില് എവിടെയെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല് അതിന് കൃത്യമായ മുന്നറിയിപ്പും ലഭിക്കും. ഹൃദയത്തിന് പ്രശ്നം വന്നാലും മറിച്ചല്ല കാര്യം. എന്നു കരുതി ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങള് ശരീരം അറിയിക്കുന്നത് നെഞ്ച്വേദനയിലൂടെ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. ഒരു ബന്ധവും തോന്നിപ്പിക്കാത്ത വിധത്തിലുള്ള മുന്നറിയിപ്പുകളും ശരീരം നല്കും. താടിയെല്ലിനുണ്ടാകുന്ന വേദന, പല്ലു വേദന, ശ്വാസംമുട്ട്, ഓക്കാനം, ഇനി പുരുഷന്മാരിലാണെങ്കില് ഉദ്ധാരണക്കുറവ് എന്നിവയും ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്കുള്ള മുന്നറിയിപ്പായിരിക്കാം. ഇത്തരം സൂക്ഷ്മമായ പലപ്പോഴും ആളുകള് തള്ളിക്കളയുന്ന മുന്നറിയിപ്പുകള് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാം.
കാര്ഡിയോളജിസ്റ്റും ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ ഡിമിട്രി യാരനോവ് നിങ്ങളുടെ ഹൃദയത്തെ കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിവരിക്കുകയാണ്. ഹൃദയം ചിലപ്പോള് നേരിട്ടുള്ള മുന്നറിയിപ്പുകള് ആയിരിക്കില്ല നല്കുന്നത്. പല കാര്ഡിയാക്ക് പ്രശ്നങ്ങളും പൊന്തിവരുന്നത് രീതിയെ ആളുകള് നിസാരമായി കാണുകയാണ് പതിവ്. പ്രതിരോധവും പെട്ടെന്നുള്ള പ്രവര്ത്തനവുമാണ് ജീവന് രക്ഷിക്കുക. ഈ പുതുവര്ഷത്തില് ഹൃദയത്തിന് കൂടൂതല് പ്രാധാന്യം കൊടുക്കുകയെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
താടിയെല്ല് അല്ലെങ്കില് പല്ലുവേദനയാണ് ഹൃദയം പണിമുടക്കുന്നതിന് മുമ്പ് തരുന്ന മുന്നറിയിപ്പുകളിലൊന്ന്. പലപ്പോഴുമിത് ഒരു ഡെന്റല് പ്രശ്നമായി മാത്രം ധരിക്കും. ചിലപ്പോഴത് ഹൃദയാഘാതത്തിന്റെ അടയാളമാകും. അല്ലെങ്കില് ആന്ജിന എന്ന അവസ്ഥയുടെ മുന്നറിയിപ്പാകും. ഹൃദയത്തിന്റെ പേശികളിലേക്ക് മതിയായ രക്തയോട്ടം ഇല്ലാതെയാകുമ്പോള് നെഞ്ചിനുണ്ടാകുന്ന ഒരു അസ്വസ്ഥതയെയാണ് ആന്ജിന എന്ന് പറയുന്നത്. കാലിലെ നീരാണ് മറ്റൊരു മുന്നറിയിപ്പ്, ഫ്ളൂയിഡുകള് അടിഞ്ഞുകൂടിയുണ്ടാകുന്ന ഈ അടയാളം ഹൃദയത്തിന്റെ താളം തെറ്റിത്തുടങ്ങി എന്നതിന്റെ കൃത്യമായ മുന്നറിയിപ്പാണ്. ഹൃദയത്തിന് നന്നായി രക്തം പമ്പ് ചെയ്യാന് കഴിയില്ലെങ്കില് ഫ്ളൂയിഡുകള് അടിഞ്ഞു കൂടുന്നത് കാലുകളിലാണ്. ഈ അവസ്ഥ രാത്രികാലങ്ങളില് വലിയ അസ്വസ്ഥതയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.
കിടക്കുമ്പോള് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓര്ത്തോപീനിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഇത് ഹൃദയസംബന്ധമായി പ്രശ്നത്തിന്റെ സൂചനയാണ്. കിടക്കുമ്പോള് നിങ്ങള്ക്ക് അധികം തലയണകള് വേണ്ടിവരുമെങ്കില് അതൊരു റെഡ് ഫ്ളാഗാണെന്ന് ഉറപ്പിക്കാമെന്ന് ഡോക്ടര് പറയുന്നു. ഓക്കാനവും വിയര്പ്പും പ്രത്യേകിച്ച് സ്ത്രീകളിലാണ് കാണപ്പെടുന്നത്. സൈലന്റ് ഹാര്ട്ട് അറ്റാക്കുകളിലാണ് ഈ മുന്നറിയിപ്പ് ഉണ്ടാകുന്നത്. ക്ഷീണം, തലക്കറക്കം, ഉത്കണ്ഠ എന്നിവയ്ക്കൊപ്പമാകും ഈ ലക്ഷണം കാണപ്പെടുക. നിങ്ങള്ക്ക് എന്തോ പന്തികേട് ഉണ്ടെന്ന് തോന്നുന്നെങ്കില് അത് തള്ളിക്കളയരുത്.
ഇനി പുരുഷന്മാരിലാണെങ്കില് ഉദ്ധാരണക്കുറവാണ് ഹൃദയത്തിന്റെ പ്രശ്നത്തെ ചൂണ്ടിക്കാണിക്കുന്നത്. ഹൃദയത്തിന്റെ പ്രശ്നങ്ങള് തീവ്രമായ അവസ്ഥയിലേക്ക് പോകുന്നതിന് മുമ്പാകും ഈ ലക്ഷണം കാണപ്പെടുക. കൊറോണറി ആര്ട്ടറികളെക്കാള് ചെറുതായിരിക്കും പെനിസിലേക്കുള്ള ധമനികള്, അതാണ് ഇവ ആദ്യം ബാധിക്കപ്പെടുന്നത്.
Content Highlights: The five main symptoms that shows your heart is in danger