ഭംഗിയുള്ള അരക്കെട്ട് ഏതൊരു സ്ത്രീയുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. എന്നാല് അരക്കെട്ടിന്റെ വലിപ്പം സൗന്ദര്യത്തെ മാത്രമല്ല പ്രതിഫലിപ്പിക്കുന്നത്. ഇത് ആരോഗ്യത്തെക്കുറിച്ചും വലിയ അറിവാണ് നല്കുന്നത്. ശരീരഭാരം കൂടുമെന്നത് മാത്രമല്ല സ്ത്രീകളില് അരക്കെട്ടിന്റെ വലിപ്പം അവരിലെ ആരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള സൂചനയും കൂടിയാണ് നല്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സമ്മര്ദ്ദം, ജീവിതശൈലി, പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങള് എന്നിവയെ ശരീരം എങ്ങനെ നേരിടുന്നുവെന്ന് അരക്കെട്ടിന്റെ അളവിന് വെളിപ്പെടുത്താന് കഴിയും. വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് മറ്റ് ശരീരഭാരങ്ങളിലെ കൊഴുപ്പിനേക്കാള് വ്യത്യസ്തമായാണ് പ്രവര്ത്തിക്കുന്നത്. ഇത് ഹൃദയത്തെയും രക്തത്തിലെ പഞ്ചസാരയേയും ഹോര്മോണുകളെയും ബാധിക്കുന്ന രാസവസ്തുക്കളെയും പുറത്തുവിടുന്നു.
യുഎസിലെയും യൂറോപ്പിലെയും വലിയ ജനസംഖ്യാ പഠനങ്ങളില്നിന്നുള്ള ഗവേഷണങ്ങള് കാണിക്കുന്നത് പ്രായപൂര്ത്തിയായ സ്ത്രീകളുടെ അരക്കെട്ടിന്റെ വലിപ്പം 34മുതല് 37 ഇഞ്ച് വരെയാണെന്നാണ്. ലോകാരോഗ്യ സംഘടന (WHO) , യുഎസ് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്ത് (NIH) തുടങ്ങിയ ആരോഗ്യ ഏജന്സികള് പറയുന്നതനുസരിച്ച് സ്ത്രീകളുടെ അരക്കെട്ടിന്റെ വലിപ്പം 35(88 സെന്റിമീറ്റര്) കൂടുതലാണെങ്കില് മൊത്തത്തിലുള്ള ഭാരം എത്രയാണെങ്കിലും വിട്ടുമാറാത്ത രോഗത്തിനുള്ള സാധ്യത കൂടുതലാണെന്നാണ്.
അരയ്ക്ക് ചുറ്റുമുളള കൊഴുപ്പിനെ വിസറല് ഫാറ്റ് എന്നാണ് വിളിക്കുന്നത്. ചര്മ്മത്തിനടിയിലുള്ള കൊഴുപ്പില്നിന്ന് വ്യത്യസ്തമായി വിസറല് കൊഴുപ്പ് കരള്, പാന്ക്രിയാസ് തുടങ്ങിയ അവയവങ്ങള്ക്ക് ചുറ്റും പൊതിയുന്നു. സ്ത്രീകളില് ഗര്ഭാവസ്ഥയിലുണ്ടാകുന്ന ഹോര്മോണ് മാറ്റങ്ങള്, സമ്മര്ദ്ദം,ആര്ത്തവ വിരാമം എന്നിവയൊക്കെ അരക്കെട്ടിലെ കൊഴുപ്പ് കൂട്ടുന്ന ഘടകങ്ങളായി പ്രവര്ത്തിക്കുന്നു. ഭാരത്തില് കാര്യമായ മാറ്റങ്ങള് ഒന്നും ഇല്ലാതെതന്നെ ചില സ്ത്രീകളുടെ വയറിലെ കൊഴുപ്പ് വര്ധിക്കുന്നതിന് കാരണം ഇതാണ്.
അമേരിക്കന് ഹാര്ട്ട് അസോസിയേഷന്റെ ഒരു പഠനം അനുസരിച്ച് 35 ഇഞ്ചില് കൂടുതല് അരക്കെട്ട് വലിപ്പമുളള സ്ത്രീകള്ക്ക് അവരുടെ ബോഡിമാസ് ഇന്ഡക്സ്(BMI) സാധാരണ നിലയിലാണെങ്കില് കൂടി ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകളില് അരക്കെട്ടിന്റെ വലിപ്പം വര്ധിക്കുന്നത് ഹോര്മോണ് അസന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാന് പ്രേരിപ്പിക്കുന്ന സ്ട്രെസ് ഹോര്മോണാണ് കോര്ട്ടിസോള്. മാത്രമല്ല അരക്കെട്ടിന്റെ വലിപ്പം ഇന്സുലിന് പ്രതിരോധത്തെയും സൂചിപ്പിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിനും പോളിസിസ്റ്റിക് ഓവറി സിന്ഡ്രോം(PCOS) മിനുമുളള സാധ്യത വര്ധിപ്പിക്കുന്നു.
പ്രായം കൂടുന്നതനുസരിച്ച് അരക്കെട്ടിന്റെ വലിപ്പം സ്വാഭാവികമായും മാറുന്നു. എന്നാല് ആര്ത്തവ വിരാമത്തിന് ശേഷം ഈ മാറ്റം കൂടുതലാകുന്നു. സ്ത്രീഹോര്മോണായ ഈസ്ട്രജന്റെ അളവ് കുറയുന്നത് കൊഴുപ്പ് സംഭരണം കൂടുതല് വയറിന്റെ ഭാഗത്താക്കുന്നു. ആര്ത്തവ വിരാമം കഴിഞ്ഞ സ്ത്രീകള്ക്ക് ഭക്ഷണക്രമം പാലിച്ചാലും വിസറല് കൊഴുപ്പ് വര്ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള് കാണിക്കുന്നു. 45 വയസിന് മുകളിലുള്ള സ്ത്രീകളുടെ ഭാരത്തെക്കാള് അരക്കെട്ടിന്റെ വലിപ്പമാണ് കൂടുതല് ശ്രദ്ധിക്കേണ്ടതെന്ന് ഡോക്ടര്മാര് പറയുന്നു.
അരക്കെട്ടിനുണ്ടാകുന്ന വലിപ്പം നാണക്കേടായി കണക്കാക്കേണ്ടതില്ല. മറിച്ച് കരുതലാണ് നല്കേണ്ടത്. വൈകാരിക സമ്മര്ദ്ദം, ഉറക്കക്കുറവ് ഇവയെല്ലാം കൊഴുപ്പ് വര്ധിക്കാന് കാരണമാകുന്നുണ്ട്.
Content highlights: Do you know how big a woman's waist can be? Study finds that a larger waistline increases the risk of heart disease