വന്ധ്യത നേരിടുന്നവരുടെ പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോള്, ആദ്യം പലരും വിരൽ ചൂണ്ടുന്നത് സ്ത്രീകളിലേക്കായിരിക്കും. സ്ത്രീകളുടെ കുഴപ്പം മൂലമാണ് കുട്ടികളില്ലാത്തതെന്ന കുറ്റപ്പെടുത്തൽ എല്ലായിടത്തുമുണ്ടായിരുന്ന കാലത്ത് നിന്ന് ഇന്ന് മാറ്റങ്ങള് വന്നുതുടങ്ങിയിട്ടുണ്ട്. ശാസ്ത്രം വളർന്നതോടെ പലരും പുരുഷന്മാരുടെ പ്രശ്നങ്ങളും കുട്ടികളില്ലാത്തതിന് കാരണമാകുമെന്ന് മനസിലാക്കി തുടങ്ങി. വന്ധ്യത നേരിടുന്നവരുടെ എണ്ണം ലോകവ്യാപകമായി കൂടി വരികയാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് അൺപ്രൊട്ടക്റ്റഡ് സെക്സിലേർപ്പെടുന്ന നാലു ദമ്പതിമാരില് ഒന്നിന്, ഒരു വർഷത്തിന് ശേഷവും ഗർഭം ധരിക്കാൻ കഴിയുന്നില്ലെന്നാണ്. കണക്കുകൾ പ്രകാരം ഐയർലെന്റിൽ ആറു ദമ്പതിമാരിൽ ഒന്ന് എന്ന രീതിയില് വന്ധ്യത ഉണ്ടെന്നാണ് വ്യക്തമാകുന്നത്.
നിലവിൽ നടക്കുന്ന ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത് ദൈന്യദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നതാണ്. ഇതില് കൂടുതലും പുരുഷ വന്ധ്യതയാണ്. ഇത്തരം രാസവസ്തുക്കൾ ബീജത്തിന്റെ കൗണ്ടിനെ ബാധിക്കുന്നുണ്ടെന്ന് ഗവേഷണം വ്യക്തമാക്കുന്നു. പ്രൊഫസർ ഷന്ന സ്വാൻ പറയുന്നത്, 2050 ആവുമ്പോഴേക്കും ദമ്പതിമാർക്ക് IVFനെ ആശ്രയിക്കേണ്ടി വരുമെന്നാണ്. ന്യൂയോർക്കിലെ മൗണ്ട് സീനായ് സ്കൂൾ ഓഫ് മെഡിക്കൽ സയൻസിൽ പബ്ലിക്ക് ഹെൽത്ത് ആൻഡ് എൻവിറോൺമെന്റൽ മെഡിസിനിലെ ഹൈ പ്രൊഫൈൽ പ്രൊഫസറാണ് സ്വാൻ. ഇവിടെ മൂന്നു പതിറ്റാണ്ടിലേറെയായി വന്ധ്യതയെ കുറിച്ചുള്ള പഠനം നടത്തുകയാണിവർ.
2017ൽ പ്രസിദ്ധീകരിച്ച കൗണ്ട്ഡൗൺ എന്ന പുസ്തകത്തിലാണ് ബീജത്തിന്റെ കൗണ്ടിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് സ്വാൻ പ്രതിപാദിച്ചിരിക്കുന്നത്. സ്വാനിന്റെ ഗവേഷണം പറയുന്നത്, പുരുഷന്മാരിലെ സ്പേം കൗണ്ട് 1973നും 2011നും ഇടയിൽ ഏകദേശം 1.4 ശതമാനമായി കുറഞ്ഞുവെന്നാണ്. മൊത്തത്തിൽ 52 ശതമാനത്തോളം കുറവാണ് വന്നതെങ്കിലും ഇതിന്റെ ഒരടയാളവും കാണപ്പെട്ടിട്ടില്ലെന്നതും സ്വാൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇങ്ങനെയാണ് കാര്യങ്ങളുടെ ഗതിയെങ്കിൽ സ്വയം പ്രത്യുത്പാദനം നടത്താൻ മനുഷ്യവർഗത്തിന് കഴിയാതെ വരുമെന്നും 2050 ആകുമ്പോഴേക്കും പല ദമ്പതിമാർക്കും IVFനെ അല്ലെങ്കിൽ സാങ്കേതിക വിദ്യയെ ആശ്രയിക്കേണ്ടിവരുമെന്നും സ്വാൻ പറയുന്നു.
എന്താണ് ബീജത്തിന്റെ കൗണ്ട് കുറയാൻ കാരണമാകുന്നത്, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്താണ് എന്നെല്ലാം സ്വാന്റെ ബുക്കിൽ പറയുന്നുണ്ട്. ഇതിന് പ്രധാനകാരണങ്ങളിലൊന്ന് പരിസ്ഥിതിയിലുള്ള രാസവസ്തുക്കളാണ്. ഏറ്റവും പ്രശ്നം എൻഡോക്രൈൻ ഡിസ്റപ്റ്റിങ് കെമിക്കലുകളാണ്(EDC).
പെയിന്റ് മുതൽ കീടനാശിനികളിൽ വരെ ഇത് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ നാച്ചുറൽ ഹോർമോണുകളുമായി പ്രവർത്തിക്കുകയും പ്രത്യുത്പാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഈസ്ട്രജനും ടെസ്റ്റോസ്റ്റെറോണുമാണ് പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ഹോർമോണുകൾ. ശരീരത്തിലെത്തുന്ന എൻഡോക്രൈൻ ഡിസ്റപ്പ്റ്റിങ് കെമിക്കലുകൾ ഈ ഹോർമോണുകളുമായി പ്രവർത്തിക്കും അല്ലെങ്കിൽ ഇവയെ അനുകരിക്കും. ഇതോടെ ആവശ്യമായ ഹോർമോണുകൾ മതിയായ അളവിൽ ഉണ്ടെന്ന് ശരീരം തെറ്റിദ്ധരിക്കും. പിന്നാലെ ടെസ്റ്റോസ്റ്റെറോൺ, ഈസ്ട്രജൻ എന്നിവയുടെ ഉത്പാദനം കുറയും. ഇത് ആരോഗ്യത്തെയും പ്രത്യുത്പാദന ശേഷിയെയും ബാധിക്കും.
പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുപാദന ശേഷി ആരോഗ്യമുള്ള ഹോർമോൺ വ്യവസ്ഥയെ ആശ്രയിച്ചാണുള്ളത്. ഹോർമോണുകളിലുണ്ടാകുന്ന പ്രശ്നങ്ങൾ ആരോഗ്യമുള്ള ബീജവും അണ്ഡവും ഉണ്ടാകുന്നതിന് തടസമാകും. എൻഡോക്രൈൻ ഡിസ്റപ്പ്റ്റീവ് കെമിക്കലുകൾ നാൽപത് ശതമാനത്തോളം യുവാക്കളുടെ പ്രത്യുത്പാദന ശേഷിയെ ബാധിച്ചിട്ടുണ്ടെന്ന് 2012ലെ ലോകാരോഗ്യ സംഘടനയുടെയും യുഎന്നിന്റെയും റിപ്പോർട്ടുകളിലുണ്ട്.
ഒന്നും രണ്ടുമല്ല എണ്ണൂറോളം കെമിക്കലുകളാണ് അപകടകാരികൾ. സൗന്ദര്യ വർധക ഉത്പന്നങ്ങളിലെ പ്രിസർവേറ്റീവുകളായ പാരബെൻസ്, ആന്റിമൈക്രോബിയലായ ട്രൈക്ലോസാൻ, ഇലക്ട്രിക്ക് സാധനങ്ങള്, വീട്ടിലെ മറ്റ് ഉപകരണങ്ങൾ എന്നിവയിലെ ഫ്ളെയിം റീട്ടാർഡന്റുകൾ, നോൺ സ്റ്റിക്ക് കുക്ക് വെയർ, പേപ്പർ, ടെക്സ്റ്റൈൽസ് പ്രൊട്ടക്ടേഴ്സ് എന്നിവയിലും രാസവസ്തുക്കളുണ്ട്. ഈ കെമിക്കലുകൾ നമ്മൾ സ്പർശിക്കും, ചിലപ്പോൾ ശ്വസിക്കും. പാക്ക് ഫുഡ്, വിളകൾ എന്നിവയിലൂടെ എത്തുന്നവ വേറെ. ചില കോക്ക്ടെയിലുകളും പ്രശ്നമാണ്.
ഇതിനെതിരെയുള്ള പ്രതിരോധം ആദ്യം തുടങ്ങേണ്ടത് അടുക്കളയിൽ നിന്നാണ്. ആഹാരമാണ് ഇത്തരം കെമിക്കലുകൾ കാണപ്പെടുന്ന പ്രധാന ഉറവിടം. പ്ലാസ്റ്റിക്ക് മൈക്രോവേവിൽ ഉപയോഗിക്കരുത്. പ്രോസസ് ചെയ്യാത്ത ഭക്ഷണം കഴിക്കാൻ ശ്രമിക്കണം. ആഹാരം ശേഖരിച്ചുവയ്ക്കുന്നതിലും ശ്രദ്ധവേണം. പ്ലാസ്റ്റിക്ക് പാത്രങ്ങളിലുള്ള Phthalates, Bisephnol A എന്നിവ പ്രശ്നമാണ്. ഗ്ലാസ്, മെറ്റൽ, സെറാമിക് കണ്ടെയ്നറുകളാണ് ഇതിന് പകരം നല്ലത്. ഇഡിസിയുള്ള നോൺസ്റ്റിക്ക് പാത്രങ്ങൾ നിങ്ങളുടെ ഭക്ഷണത്തെ മോശമാക്കും. പാൻ വാങ്ങുമ്പോൾ സ്റ്റെയിൻലെസ് സ്റ്റീൽസ്, കാസ്റ്റ് അയൺ എന്നിവ വാങ്ങുക, അപകടം, വിഷം, ജീവഹാനിയുണ്ടാവാൻ സാധ്യത എന്നീ ലേബലിലുള്ള ക്ലീനിങ് ഉത്പന്നങ്ങൾ ഒഴിവാക്കാം, കോസ്മറ്റിക്കുകൾ വാങ്ങുമ്പോഴും ലേബലുകൾ നോക്കാം, paraben , phthalate എന്നിവ ഇല്ലാത്ത ഷാംപൂ, കണ്ടീഷ്ണർ, ക്ലൻസർ, സൺസ്ക്രീൻ, മേക്കപ്പ്, ടൂത്ത്പേസ്റ്റ് എന്നിവ വാങ്ങാം. Phthalate ഉള്ള മണമുള്ള ഉത്പന്നങ്ങളോടും നോ പറയാം.
Content Highlights: Sperm count in Men reduces, by 2025 test tube babies number will rise