തലകറങ്ങുമ്പോള്, ക്ഷീണം തോന്നുമ്പോള്, ഹൃദയമിടിപ്പ് കൂടുമ്പോള്, തലവേദനയുണ്ടാകുമ്പോഴൊക്കെ പലരും പറയുന്ന കാര്യമാണ്, പ്രഷറ് കുറഞ്ഞെന്ന് തോന്നുന്നു, അല്ലെങ്കില് പ്രഷറ് കൂടിയെന്ന് തോന്നുന്നു. ഒന്ന് ബിപി നോക്കിക്കളയാം എന്ന് അല്ലേ? . ഇന്നത്തെകാലത്ത് രക്തസമ്മര്ദ്ദവും പ്രമേഹവുമൊക്കെ പരിശോധിക്കാന് ഇടയ്ക്കിടെ പുറത്തുപോകേണ്ട കാര്യമില്ല. വീട്ടില്ത്തന്നെ അതിനുള്ള ഉപകരണങ്ങള് ഉള്ളതുകൊണ്ട് ഈസിയായി ആര്ക്കുവേണമെങ്കിലും പരിശോധിക്കാവുന്നതേയുള്ളൂ. എന്നാല് ഇടയ്ക്കിടയ്ക്ക് രക്തസമ്മര്ദ്ദം പരിശോധിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ? അങ്ങനെ ഇടയ്ക്കിടയ്ക്ക് രക്തസമ്മര്ദ്ദം പരിശോധിക്കേണ്ടതുണ്ടോ?.
മിക്ക ആരോഗ്യ പരിശോധനകളുടെയും പതിവ് ഭാഗമാണ് രക്തസമ്മര്ദ്ദ പരിശോധന. ഒരാളുടെ രക്തസമ്മര്ദ്ദം എത്രതവണ പരിശോധിക്കണം എന്നുള്ളത് അയാളുടെ പ്രായത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു. എന്നാല് ശരീരത്തില് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമ്പോള് ഒരു ദിവസം പലതവണ പ്രഷര് പരിശോധിച്ചേക്കാം എന്ന് കരുതുന്നവര് അറിയേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യവിദഗ്ധന്റെ നിര്ദ്ദേശമില്ലാതെ ഇടയ്ക്കിടയ്ക്ക് രക്തസമ്മര്ദ്ദം പരിശോധിക്കുന്നതില് അപകടമുണ്ട്. കാരണം ഉപകരണങ്ങള് എപ്പോഴും ശരിയായ കണക്ക് നല്കണമെന്നില്ല. തെറ്റായ ഫലങ്ങളും നല്കിയേക്കാം. മെഷീനുകളുടെ തകരാറ്, കൈകളുടെ തെറ്റായ സ്ഥാനം തുടങ്ങി പരിശോധനയിലൂടെയുണ്ടാകുന്ന ചെറിയ തെറ്റുകള് പോലും കണക്കുകളെ ബാധിച്ചേക്കാം.
സ്ഥിരമായി രക്തസമ്മര്ദ്ദം പരിശോധിക്കേണ്ടത് ആരൊക്കെയാണ്
- 18 നും 39 നും ഇടയില് പ്രായമുള്ള, ഒപ്റ്റിമല് രക്തസമ്മര്ദ്ദമുള്ളവര്, അതായത് നിങ്ങളുടെ സിസ്റ്റോളിക് (മുകളിലെ) സംഖ്യ 120 ല് താഴെയും ഡയസ്റ്റോളിക് (താഴെ) സംഖ്യ 80 ല് താഴെയുമുള്ള രക്തസമ്മര്ദ്ദം) ഉള്ള ആളുകള് 2 മുതല് 5 വര്ഷത്തിലൊരിക്കല് രക്തസമ്മര്ദ്ദ പരിശോധന നടത്തണം.
- 40 വയസ്സിനു മുകളിലുള്ളവരും അല്ലെങ്കില് ഉയര്ന്ന രക്തസമ്മര്ദ്ദ സാധ്യത കൂടുതലുള്ളവരും എല്ലാ വര്ഷവും രക്തസമ്മര്ദ്ദ പരിശോധന നടത്തണം.
- ഉയര്ന്നതോ താഴ്ന്നതോ ആയ രക്തസമ്മര്ദ്ദം അല്ലെങ്കില് ഹൃദ്രോഗം പോലുള്ള ദീര്ഘകാല ആരോഗ്യപ്രശ്നങ്ങള് ഉള്ള ആളുകള്ക്ക് കൂടുതല് തവണ രക്തസമ്മര്ദ്ദ പരിശോധനകള് നടത്തേണ്ടി വന്നേക്കാം.
- രക്താതിമര്ദ്ദം ഉള്ളവര്, രക്തസമ്മര്ദ്ദ മരുന്നുകള് കഴിക്കുന്നവര്, പ്രമേഹം വൃക്കരോഗം അല്ലെങ്കില് ഹൃദ്രോഗമുള്ളവര് ഇവരൊക്കെ രക്ത സമ്മര്ദ്ദ പരിശോധനകള് ഇടയ്ക്കിടയ്ക്ക് നടത്തണം.
രക്തസമ്മര്ദ്ദ പരിശോധന നടത്തുമ്പോള് എന്തൊക്കെ ശ്രദ്ധിക്കണം
രക്ത സമ്മര്ദ്ദ പരിശോധനകള് നടത്തുന്നതിന് പ്രത്യേക തയ്യാറെടുപ്പുകള് ആവശ്യമില്ല. എങ്കിലും ഇനി പറയുന്ന കാര്യങ്ങള് ശ്രദ്ധിക്കുന്നത് കൃത്യമായ കണക്ക് ലഭിക്കാന് സഹായിക്കും.
- പരിശോധനയ്ക്ക് 30 മിനിറ്റ് മുതല് ഒരു മണിക്കൂര് വരെ പുകവലിക്കുകയോ വ്യായാമം ചെയ്യുകയോ കഫീന് ഉപയോഗിക്കുകയോ ചെയ്യരുത് അത്തരം പ്രവര്ത്തനങ്ങള് രക്തസമ്മര്ദ്ദവും ഹൃദയമിടിപ്പും വര്ദ്ധിപ്പിക്കും.
- രക്തസമ്മര്ദ്ദ കഫ് നിങ്ങളുടെ കൈയില് കൂടുതല് എളുപ്പത്തില് വയ്ക്കാന് കഴിയുന്ന തരത്തില് ഒരു ഷോര്ട്ട് സ്ലീവ് ഷര്ട്ട് ധരിക്കുക .
- പരിശോധനയ്ക്ക് മുമ്പ് കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ഒരു കസേരയില് വിശ്രമിക്കുക.
- നിങ്ങളുടെ പുറം ഒരു കസേരയോട് ചേര്ത്ത് വയ്ക്കണം.
- ശാന്തമായിരിക്കാന് ശ്രമിക്കുക, സമ്മര്ദ്ദകരമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുത്.
- രക്തസമ്മര്ദ്ദം അളക്കുമ്പോള് സംസാരിക്കരുത്.
- നിങ്ങള് കഴിക്കുന്ന മരുന്നുകളെക്കുറിച്ച് നിങ്ങളുടെ ആരോഗ്യ സംരക്ഷണ സംഘത്തോട് പറയുക . ചില മരുന്നുകള് രക്തസമ്മര്ദ്ദത്തെ സ്വാധീനിച്ചേക്കാം.
Content Highlights :Does constantly checking blood pressure put your health at risk?