മറ്റാര്‍ക്കും കേള്‍ക്കാനാവാത്ത ആ ശബ്ദം നിങ്ങള്‍ക്ക് മാത്രമേ കേള്‍ക്കാന്‍ കഴിയുന്നുള്ളോ?

നിങ്ങള്‍ക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്ന തരത്തില്‍ ചെവിയിലുണ്ടാകുന്ന മൂളലോ മുഴക്കമോ ഞരക്കമോ പോലുള്ള ശബ്ദങ്ങള്‍ കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? 'ടിന്നിടസ്' എന്ന ശരീരത്തിലെ ഈ അവസ്ഥയെക്കുറിച്ച് അറിഞ്ഞിരുന്നോളൂ.

നിങ്ങളുടെ ചെവിയില്‍ നിന്ന് വല്ലപ്പോഴും മൂളലും മുഴക്കമോ ക്ലിക്, ക്ലിക് പോലുള്ള അസാധാരണ ശബ്ദങ്ങളോ കേള്‍ക്കാറുണ്ടോ? പുറത്തുനിന്നുളള ശബ്ദമല്ലാതെ നിങ്ങളുടെ ചെവിയില്‍ മാത്രം മുഴങ്ങി കേള്‍ക്കുന്നത്. ചില ആളുകളില്‍ ഈ ശബ്ദം ദീര്‍ഘ സമയം നീണ്ടുനില്‍ക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യാറുണ്ട്? എന്താണ് ഈ അവസ്ഥയ്ക്ക് പിന്നിലുള്ള കാരണം? കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് ടിന്നിടസ് ( Tinnitus) എന്ന ഈ അവസ്ഥ. ചിലപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്നില്ല എങ്കിലും ടിന്നിടസ് അപൂര്‍വ്വമായി ഗുരുതരമായ മെഡിക്കല്‍ അവസ്ഥയുടെ ലക്ഷണങ്ങളാണ്. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്താണ് ടിന്നിടസ്(Tinnitus)

പുറത്തുനിന്നല്ലാതെ എന്തെങ്കിലും ശബ്ദം ചെവിയില്‍ മുഴങ്ങുന്ന അവസ്ഥയാണ് ടിന്നിടസ്. മുതിര്‍ന്നവരില്‍ 10 മുതല്‍ 25 % പേർ വരെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് അനുഭവിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അപൂര്‍വ്വമായ അവസരങ്ങളില്‍ ഹൃദയമിടിപ്പിന്റെ അതേ താളത്തിലായിരിക്കും ശബ്ദം കേള്‍ക്കുന്നത്. ഇതിനെ 'പള്‍സറ്റെല്‍ ടിന്നിടസ്'(pulsatile tinnitus ) എന്നാണ് വിളിക്കുന്നത്. മൂന്ന് മാസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന ടിന്നിടസിനെ ശരീരത്തിലെ വിട്ടുമാറാത്ത ഒരു അവസ്ഥയായി കണക്കാക്കുന്നു. മിക്ക കേസുകളിലും ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നില്ല എങ്കിലും ചിലരില്‍ ശ്രദ്ധക്കുറവും അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഉത്കണ്ഠയോ വിഷാദമോ ഉണ്ടാക്കുകയും ചെയ്യുന്നു.

തട്ടലും മുട്ടലും പോലെയുള്ള ശബ്ദങ്ങളോ, ചീറ്റലോ,ക്ലിക് ക്ലിക് ശബ്ദമോ ഒക്കെ പതുക്കയോ ഉച്ചത്തിലുളളതോ ആകാം. അത് എല്ലായ്‌പ്പോഴും ഉണ്ടാകുന്നതോ ഇടയ്ക്കിടെ വന്നുപോകുന്ന രീതിയിലുള്ളതോ ആയിരിക്കാം. ചില ആളുകള്‍ തല, കഴുത്ത് അല്ലെങ്കില്‍ കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ ചെറിയ സമയത്തേക്ക് ശബ്ദം മാറുന്നതായി അനുഭവപ്പെടാറുണ്ട്. ഇതിനെ സോമാറ്റോസെന്‍സറി ടിന്നസ് (somatosensory tinnitus) എന്നാണ് വിളിക്കുന്നത്.

എന്തുകൊണ്ടാണ് ടിന്നിടസ് ഉണ്ടാകുന്നത്

ഉയര്‍ന്ന ശബ്ദം

വളരെ ഉച്ചത്തിലുള്ള ശബ്ദം ചെവി വേദന ഉണ്ടാക്കും. യന്ത്രങ്ങളില്‍നിന്നുള്ള ശബ്ദം, ഉച്ചത്തിലുളള സംഗീതം, സ്‌ഫോടന ശബ്ദങ്ങള്‍ ഇവയൊക്കെ കാരണങ്ങളാകാം.

മരുന്നുകളുടെ ഉപയോഗം

ചില മരുന്നുകള്‍ അമിത അളവില്‍ കഴിക്കുന്ന സാഹചര്യങ്ങളില്‍ ടിന്നിടസ് ഉണ്ടാകാം. ഉദാഹരണത്തിന് ഇബുപ്രോഫെന്‍, ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍, ചില ആന്റി ബയോട്ടിക്കുകള്‍, കാന്‍സര്‍ മരുന്നുകള്‍, ചില ആന്റി ഡിപ്രസന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടാം.

അണുബാധ, ചെവിയിലെ വാക്‌സ്

കാലങ്ങളായി ചെവിയില്‍ വാക്‌സ് അടിഞ്ഞുകൂടുന്നതിന്റെയയും അണുബാധ ഉണ്ടാകുന്നതിന്റെയും ഫലമായി ചെവി അടയുകയും ടിന്നിടസിന് കാരണമാകുകയും ചെയ്യും.

പരിക്കുകള്‍

തലയ്‌ക്കോ കഴുത്തിനോ ഏല്‍ക്കുന്ന പരിക്കുകള്‍ ചെവിയുടെ ശ്രവണ നാഡിക്കോ, ശബ്ദം പ്രോസസ് ചെയ്യുന്നതിന് സഹായിക്കുന്ന തലച്ചോറിന്റെ ഭാഗത്തിനോ കേടുപാടുകള്‍ വരുത്തിയേക്കാം.

മറ്റ് കാരണങ്ങള്‍

  • ചെവിയിലെ വായു മര്‍ദ്ദത്തിലെ മാറ്റങ്ങള്‍
  • ചെവിക്കുണ്ടാകുന്ന മെനിയേഴ്‌സ് രോഗം(Meniere's disease)
  • പല്ല് കടിക്കല്‍
  • അക്കൗസ്റ്റിക് ന്യൂറോമ (acoustic neuroma) പോലെയുളള മുഴകള്‍
  • രക്തക്കുഴലുകളിലെ തകരാറുകള്‍
  • പ്രമേഹം, മൈഗ്രേന്‍, തൈറോയിഡ് പ്രശ്‌നങ്ങള്‍, വിളര്‍ച്ച, ല്യൂപ്പസ് മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് പോലെയുള്ള പ്രശ്‌നങ്ങള്‍

ചികിത്സകള്‍

ടിന്നിടസ് പൂർണ്ണമായി സുഖപ്പെടുത്താന്‍ കഴിയില്ലെങ്കിലും ലക്ഷണങ്ങളെ കുറയ്ക്കാന്‍ സാധിക്കും. ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സൗണ്ട് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി(കൗണ്‍സിലിംഗിലൂടെ രോഗബാധിതര്‍ അവരുടെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാകുകയും അതിനോടുള്ള വൈകാരിക പ്രതികരണത്തെ നിയന്ത്രിക്കാന്‍ പഠിക്കുകയും ചെയ്യുക), മരുന്നുകള്‍ എന്നിവയൊക്കെയാണ് ചികിത്സാ രീതികള്‍.

Content Highlights :Tinnitus is a sound that you hear only in your ears, not from outside sounds.

To advertise here,contact us