വിഷാദരോഗത്തിനുള്ള ചികിത്സയുടെ ഭാഗമായി ഡോക്ടറെ കാണുകയും മരുന്നുകള് കഴിക്കുകയും ഒക്കെ ചെയ്യുന്ന ആളുകള് ധാരാളമാണ്. എന്നാല് അത്തരത്തിലുളള ആളുകള്ക്ക് സന്തോഷിക്കാന് വകയുണ്ട്. കാരണം വിഷാദരോഗം ചികിത്സിക്കാനായി സ്വയം ഉപയോഗിക്കാന് കഴിയുന്ന ഒരു ഹെഡ്സെറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് അമേരിക്കയിലെ ഒരു കമ്പനി. ഉപകരണത്തിന് യുഎസ് ഫുഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അംഗീകാരം ലഭിച്ചു. 2026 പകുതിയോടെ ഇത് പുറത്തിറക്കും.
മാനസികാരോഗ്യ ചികിത്സയില് വൈദഗ്ധ്യമുള്ള ഫ്ളോ ന്യൂറോസയന്സ് എന്ന കമ്പനി നിര്മ്മിച്ച FL-100 എന്ന ഈ ഉപകരണം ഹെഡ്സെറ്റിന്റെ ആകൃതിയിലുള്ളതാണ്. ദീര്ഘകാല ഉപയോഗത്തിലൂടെയുണ്ടാകുന്ന മരുന്നുകളുടെ പാര്ശഫലങ്ങള് തടയാന് ഈ ഉപകരണം സഹായിക്കും. ഹെഡ്സെറ്റിന്റെ നെറ്റിയില് ഘടിപ്പിക്കുന്ന പാഡുകള് വൈദ്യുതോര്ജം തലയിലേക്ക് നല്കുകയാണ് ചെയ്യുന്നത്. മെഡിക്കല് ഇക്കണോമിക്സ് പ്രകാരം മിതമായതോ കഠിനമോ ആയ വിഷാദരോഗമുളള രോഗികള്ക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന ചികിത്സയായി ഇത് കണക്കാക്കപ്പെടുന്നു. മരുന്നുകള്ക്കപ്പുറം മാനസികാരോഗ്യചികിത്സയെ മാറ്റിമറിക്കുന്ന ഒരു നാഴികക്കല്ലായിട്ടാണ് വൈദ്യശാസ്ത്രം ഈ കണ്ടുപിടുത്തത്തെ കാണുന്നതെന്ന് ഫ്ളോ ന്യൂറോ സയന്സിന്റെ സിഇഒ എറിന് ലീ പറഞ്ഞു.
ഹെഡ്സെറ്റ് തലച്ചോറിന്റെ ഡോര്സോളാറ്ററല് പ്രീഫ്രോണ്ടല് കോര്ട്ടെക്സ് എന്ന ഭാഗത്തേക്ക് ഒരു നേരിയ വൈദ്യുത പ്രവാഹം നല്കുന്നു. ഇത് മാനസികാവസ്ഥയേയും സമ്മര്ദ്ദത്തെയും നിയന്ത്രിക്കാന് സഹായിക്കുന്നു. 18 വയസും അതില് കൂടുതലുമുളള മുതിര്ന്നവരിലെ മിതമായത് മുതല് കഠിനമായ വിഷാദരോഗം വരെ പ്രതിരോധിക്കാന് ഈ ഉപകരണംകൊണ്ട് കഴിയും. 174 പേരില് നടത്തിയ ക്ലിനിക്കല് പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഡിഎ അംഗീകാരം നല്കിയത്.
10 ആഴ്ചയില് 30 മിനിറ്റ് സെഷനുകളില് ഹെഡ്സെറ്റ് ധരിച്ചവര്ക്ക് ഹെഡ്സെറ്റ് ഉപയോഗിക്കാത്ത മറ്റ് രോഗികളുമായി താരതമ്യപ്പെടുത്തുമ്പോള് വിഷാദരോഗ ലക്ഷണങ്ങളില് നിന്ന് ഗണ്യമായ ആശ്വാസം അനുഭവപ്പെട്ടതായി സയന്റിഫിക് അമേരിക്കനിലെ ഒരു റിപ്പോര്ട്ടില് പറയുന്നു. 2024-ല് നേച്ചര് മെഡിസിനില് പ്രസിദ്ധീകരിച്ച ആ പരീക്ഷണത്തിന്റെ ഫലം വിഷാദരോഗത്തില് കുറവുണ്ടാക്കിയതായി റിപ്പോര്ട്ട് ചെയ്തു.വൈദ്യുത ഉത്തേജനം ലഭിച്ച രോഗികളില് ഏകദേശം 58 ശതമാനം പേരും രോഗമുക്തി നേടി. പരീക്ഷണത്തിന് പാര്ശ്വഫലങ്ങള് ഉണ്ടായിരുന്നുവെങ്കിലും അവ താല്ക്കാലികവും നേരിയതുമായിരുന്നു.