മധുരം ഒഴിവാക്കാന്‍ മനശക്തിയുണ്ടോ? ഒരു മാസം മധുരം ഒഴിവാക്കിയാല്‍ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളറിയാം

മധുരം ഒഴിവാക്കിയാല്‍ ശരീരത്തിന് സംഭവിക്കാന്‍ പോകുന്ന പോസിറ്റീവായ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞുവച്ചോളൂ

'ഇന്ന് കൂടി മാത്രമേ ഉള്ളൂ, നാളെമുതല്‍ ഞാന്‍ മധുരം കഴിക്കുന്നത് നിര്‍ത്തും'. ഇങ്ങനെ തീരുമാനമെടുത്തിട്ട് നടക്കാതെ പോകുന്നവരാണ് പലരും. അവര്‍ എല്ലാ ദിവസവും ഇങ്ങനെ തീരുമാനങ്ങള്‍ എടുത്തുകൊണ്ടേയിരിക്കും. എന്നാല്‍ മധുരം ഒഴിവാക്കുന്നത് നിങ്ങളുടെ ശരീരത്തിലുണ്ടാക്കുന്നത് വലിയ മാറ്റങ്ങളാണ്. മിക്ക ആളുകള്‍ക്കും മധുരം ഒഴിവാക്കുന്ന ആദ്യ ദിവസങ്ങളില്‍ നേരിയ ഊര്‍ജക്കുറവും മധുരം കഴിക്കാനുള്ള ത്വരയും അനുഭവപ്പെടാറുണ്ട്. എന്നാല്‍ 4 അല്ലെങ്കില്‍ 5 ദിവസം കഴിയുമ്പോള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി സ്ഥിരപ്പെടാന്‍ തുടങ്ങുമ്പോള്‍ മധുരത്തോടുള്ള ആസക്തി കുറയാന്‍ തുടങ്ങും.

ആദ്യത്തെ ശ്രദ്ധേയമായ മാറ്റം സ്ഥിരമായ ഊര്‍ജം ലഭിക്കുമെന്നതാണ്

മധുരം നിര്‍ത്തി ആദ്യ ആഴ്ച അവസാനത്തോടെ ശരീരത്തിനുണ്ടാകുന്ന ഏറ്റവും വലിയ മാറ്റം സ്ഥിരതയുള്ള ഊര്‍ജമുണ്ടാകുമെന്നതാണ്. പഞ്ചസാരക്കുറവ് മൂലം ഉണ്ടാകുന്ന ശരീരത്തിലെ മാറ്റങ്ങള്‍ സ്ഥിരപ്പെടുകയും ശരീരം ഇന്ധനത്തിനായി കൊഴുപ്പ് കാര്യക്ഷമമായി ഉപയോഗിക്കുന്നതിലേക്ക് മാറുകയും ചെയ്യുന്നു. ഈ മാറ്റങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ ഉച്ചക്ക് ശേഷമുള്ള ഉറക്കവും വൈകുന്നേരം ചായ കുടിക്കാനുള്ള ത്വരയുമെല്ലാം ഇല്ലാതാകും.

മെച്ചപ്പെട്ട ദഹനം

മറ്റൊരു പ്രധാനപ്പെട്ട മാറ്റം വയറില്‍ ഗ്യാസ് കെട്ടിക്കിടക്കുന്നത് ഇല്ലാതാവുകയും മെച്ചപ്പെട്ട ദഹനം ലഭിക്കുകയും ചെയ്യുന്നു എന്നതാണ്. മധുരം ദോഷകരമായ കുടല്‍ബാക്ടീരിയകളെയും യീസ്റ്റിന്റെയും വളര്‍ച്ചയേയും ത്വരിതപ്പെടുത്തുന്നു. ഇത് വയറില്‍ ഗ്യാസ്, അസിഡിറ്റി,അസ്വസ്ഥത എന്നിവ ഉണ്ടാകും. മധുരം ഉപേക്ഷിച്ച് 10-14 ദിവസത്തിനുള്ളില്‍ കുടല്‍ മൈക്രോബയോം വീണ്ടും സന്തുലിതമാകാന്‍ തുടങ്ങും. ഇത് മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ ചര്‍മ്മത്തിലെ മുഖക്കുരുവും പാടുകളും അപ്രത്യക്ഷമാവുകയും രണ്ടാമത്തെ ആഴ്ചയോടെ ചര്‍മ്മത്തിന് സ്വാഭാവികമായ തിളക്കം ലഭിക്കുകയും ചെയ്യും.

ശരീരഭാരം കുറയുന്നു

30 ദിവസം മധുരം ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് ശരീരഭാരത്തിലും മെറ്റബോളിസത്തിലുമുണ്ടാകുന്ന വ്യത്യാസമാണ്. മധുരം കുറയുമ്പോള്‍ ഇന്‍സുലിന്‍ അളവ് കുറയ്ക്കുന്നു. ഇന്‍സുലിന്‍ അളവ് താഴ്ന്നും സ്ഥിരമായും നില്‍ക്കുന്നതുകൊണ്ട് ശരീരം സംഭരിച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങും. തുടര്‍ന്ന് ശരീരഭാരം കുറയുകയും വിശപ്പിന് സ്ഥിരത ഉണ്ടാവുകയും ചെയ്യും.

ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു

കൂടുതല്‍ മധുരം കഴിക്കുന്നത് മെലറ്റോണിന്‍ ഹോര്‍മോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും രാത്രിയില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും.ഇത് തലച്ചോറിന് വിശ്രമം നല്‍കുന്നത് ബുദ്ധിമുട്ടാക്കുന്നു. മധുരം ഒഴിവാക്കുന്ന ആളുകള്‍ക്ക് ആഴത്തിലുള്ള ഉറക്കം ലഭിക്കുകയും രാവിലെ ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ സാധിക്കുകയും ചെയ്യും. മൂന്നാം ആഴ്ചമുതല്‍ രുചിമുകുളങ്ങളില്‍ വ്യത്യാസം അനുഭവപ്പെടാന്‍ തുടങ്ങും. അതായത് പഴങ്ങള്‍, പാല് , മധുരക്കിഴങ്ങ് പോലെയുളള മധുരമുളളവ കഴിക്കുമ്പോള്‍ സ്വാഭാവികമായി മധുരം അനുഭവപ്പെടാന്‍ തുടങ്ങും. ചോക്ലേറ്റ്, പേസ്ട്രി ബിസ്‌കറ്റുകള്‍ ഒക്കെ പോലെയുള്ള മധുരപലഹാരങ്ങളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയും. പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുക എന്നതല്ല ഇതിനര്‍ഥം. 30 ദിവസത്തെ ഇടവേള എടുത്ത് ഒരിക്കല്‍ ആ ഗുണം അനുഭവിച്ചറിഞ്ഞാല്‍ സ്വാഭാവികമായും കൂടുതല്‍ ശ്രദ്ധയോടെ മധുരം കഴിക്കാന്‍ സാധിക്കുമെന്നാണ്.

Content Highlights :Learn about the positive changes that will happen to your body if you avoid sweets for 30 days

To advertise here,contact us