ഭേദമാക്കാനാവാത്തതും മാരകവുമായ അര്ബുദങ്ങളിലൊന്നാണ് രക്താര്ബുദം അഥവാ ലുക്കീമിയ. എല്ലുകള്ക്കുള്ളിലെ മജ്ജയില് നിന്ന് ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന രോഗമാണ് രക്താര്ബുദം. ഇത് രക്തം, അസ്ഥിമജ്ജ, ലിംഫ്, ലിംഫറ്റിക് സിസ്റ്റം എന്നിവയെയാണ് ബാധിക്കുന്നത്. രക്താര്ബുദം വേഗത്തില് പടരുകയും തലച്ചോറ്, നട്ടെല്ല്, എന്നിവയുള്പ്പടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും പടരുകയും ചെയ്യും. 2021 ല് ഏകദേശം 460,000 പുതിയ കേസുകളും അതേവര്ഷം 320,000ലധികം മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുള്ള ഒരു പ്രധാന ആഗോള ആരോഗ്യ പ്രശ്നമാണ് രക്താര്ബുദം.
എന്നാല് ഇപ്പോള് രക്താര്ബുദം ഭേദമാക്കാനുള്ള ജീന്തെറാപ്പി കണ്ടുപിടിച്ചുവെന്ന ആശ്വാസകരമായ വാര്ത്തയാണ് പുറത്തുവരുന്നത്. ലണ്ടന് യൂണിവേഴ്സിറ്റി കോളജ്(UCL) , ഗ്രേറ്റ് ഓര്മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റല്(GOSH) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര് വികസിപ്പിച്ചെടുത്ത ജീന് തെറാപ്പി, രോഗംബാധിച്ച കുട്ടികള്ക്കും മുതിര്ന്നവര്ക്കും വലിയ പ്രതീക്ഷയാണ് നല്കുന്നത്.
പുതിയ ചികിത്സയായ BE-CAR7 വ്യത്യസ്തവും നൂതനവുമായ മാര്ഗ്ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. രോഗിയുടെ സ്വന്തം രോഗപ്രതിരോധ കോശങ്ങള് ഉപയോഗിക്കുന്നതിന് പകരം ആരോഗ്യമുള്ള ദാതാവിന്റെ T കോശങ്ങള് ഉപയോഗിക്കുകയാണ് ഇവിടെ ചെയ്യുന്നത്. DNA എഡിറ്റിംഗിന്റെ കൃത്യമായ രൂപമായ ബേസ് എഡിറ്റിംഗ് എന്ന രീതി പ്രയോഗിച്ചുകൊണ്ട് ഈ ദാതാവിന്റെ കോശങ്ങളെ ഒരു ലാബില് ജനിതകമായി പുനക്രമീകരിക്കുകയാണ് ചെയ്യുന്നത്. കാന്സര് ബാധിച്ച T കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും കോശങ്ങളെ പ്രാപ്തമാക്കുന്ന ഒരു 'കെറാമിക് ആന്റിജന് റിസപ്റ്റര്' റും ശാസ്ത്രജ്ഞന്മാര് വികസിപ്പിച്ചിട്ടുണ്ട്. ഇത് രോഗിയുടെ ശരീരത്തിലേക്ക് കുത്തിവച്ചുകഴിഞ്ഞാല് ബേസ് എഡിറ്റ് ചെയ്ത T- കോശങ്ങള് ഒരു മരുന്നായി പ്രവര്ത്തിക്കുന്നു. അവ മാരകമായ T കോശങ്ങളെ നശിപ്പിക്കുന്നു. അതുവഴി കാന്സറിനെ ഫലപ്രദമായി ഇല്ലാതാക്കുന്നു. പല രോഗികള്ക്കും ഇതേതുടര്ന്ന് അസ്ഥിമജ്ജ മാറ്റിവയ്ക്കല് നടത്തുകയാണ് ചെയ്യുന്നത്.
അടുത്തിടെ ഒരു പ്രധാന ഹെമറ്റോളജി മീറ്റിംഗില് നടത്തിയ ഫലങ്ങള് കാണിക്കുന്നത് ഏകദേശം 82 ശതമാനം രോഗികളും രോഗശാന്തി നേടിയെന്നാണ്. ചില രോഗികള്ക്ക് ചികിത്സ കഴിഞ്ഞ് മൂന്ന് വര്ഷത്തിന് ശേഷവും രോഗലക്ഷണങ്ങളൊന്നും കണ്ടില്ല എന്നും 64 ശതമാനം രോഗികളും രോഗമുക്തി നേടിയെന്നും റിപ്പോര്ട്ടില് പറയുന്നുണ്ട്.
രക്താര്ബുദ ചികിത്സയുടെ കാര്യത്തില് പരീക്ഷണങ്ങള് വിജയിച്ചിട്ടുണ്ടെങ്കിലും BE-CAR7 ജീന് തെറാപ്പി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്ന് ഗവേഷകര് വ്യക്തമാക്കുന്നു. മിക്ക കേസുകളിലും ചികിത്സയും മൂന്ന് വര്ഷത്തെ നിരീക്ഷണവും സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഉറച്ച നിഗമനത്തില് എത്താന് സാധിക്കൂ. ഇനിയും ഇത് സംബന്ധിച്ച് പഠനങ്ങള് ആവശ്യമാണ്.
Content Highlights :World's first gene therapy to cure leukemia