പെട്ടെന്ന് തല കറങ്ങുന്നതുപോലെയോ കാഴ്ചമങ്ങുന്നതുപോലെയോ തോന്നാറുണ്ടോ?

എന്തുകൊണ്ടാണ് പെട്ടെന്ന് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്നതെന്നതിന് കാരണമിങ്ങനെയാണ്

കുറേ സമയം ഒരിടത്ത് നില്‍ക്കുമ്പോള്‍ അല്ലെങ്കില്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തല കറങ്ങുകയും കാഴ്ച മങ്ങുകയും ബോധംമറയുകയും ഒക്കെ ചെയ്യുന്നതുപോലെ തോന്നാറുണ്ടോ? കുറച്ച് സമയത്തേക്കെങ്കിലും നീണ്ടുനില്‍ക്കുന്ന ഇത്തരം അനുഭവം ഉണ്ടാവുകയും എന്നാല്‍ പെട്ടെന്ന് തന്നെ ബോധം വീണ്ടെടുക്കുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇതിനുള്ള കാരണം വാസോവഗല്‍ സിന്‍കോപ്പ് എന്ന അവസ്ഥയാണ്.

ഹൃദയമിടിപ്പും രക്തയോട്ടവും പെട്ടെന്ന് കുറയുകയും ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ടാണ് അല്‍പ്പസമയത്തേക്ക് ബോധം നഷ്ടപ്പെടുന്നത്. ചില പ്രത്യേക കാരണങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുമ്പോള്‍ നിങ്ങള്‍ ബോധരഹിതനാവുകയാണ്.(രക്തംകാണുന്നതോ വൈകാരിക ക്ലേശമോ ഒക്കെ ഇതില്‍ ഉള്‍പ്പെടാം). കഠിനമായ വേദന, സമ്മര്‍ദ്ദം, ഭയം, ദീര്‍ഘനേരം നില്‍ക്കുക ഇവയൊക്കെ വാസോവാഗല്‍ സിന്‍കോപ്പിന് കാരണമാകാറുണ്ട്. വാസോവഗല്‍ സിന്‍കോപ്പിനെ ന്യൂറോകാര്‍ഡിയോജനിക് സിന്‍കോപ്പ് എന്നും വിളിക്കാറുണ്ട്.

ആവശ്യത്തിന് വെള്ളം കുടിക്കാതെ നിര്‍ജലീകരണം സംഭവിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയോ രക്തത്തിന്റെ ഓക്‌സിജന്‍ വിതരണം ഗണ്യമായി കുറയുകയോ ചെയ്യുന്നതും ബോധക്ഷയത്തിലേക്ക് നയിച്ചേക്കാം.

ഈ അവസ്ഥ സാധാരണയായി നിരുപദ്രവകരമാണ്. ഇതിന് ചികിത്സയും ആവശ്യമില്ല. എന്നാല്‍ ഇങ്ങനെ സംഭവിമ്പോള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ പോലെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

എന്തൊക്കെയാണ് സിന്‍കോപ്പിന്റെ ലക്ഷണങ്ങള്‍

വാസോവാഗല്‍ സിന്‍കോപ്പിന്റെ ഫലമായി തലകറക്കം ഉണ്ടാകുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായേക്കാം.

  • ചര്‍മ്മത്തിന്റെ നിറത്തിലുണ്ടാകുന്ന മാറ്റങ്ങള്‍
  • തലകറക്കം
  • കാഴ്ചയിലെ മങ്ങല്‍
  • വയറുവേദന
  • ശരീരം ചൂടെടുക്കുന്നതുപോലെ തോന്നുക
  • അമിതമായി വിയര്‍ക്കുക
  • ഹൃദയമിടിപ്പ് കുറയുക

സിന്‍കോപ്പിന്റെ എപ്പിസോഡിന് ശേഷം ഒരു മിനിറ്റിനുള്ളില്‍ സാധാരണയായി റിക്കവര്‍ ചെയ്‌തെടുക്കാന്‍ സാധിക്കും. ബോധം വീണ്ടെടുത്തതിന് ശേഷം പെട്ടെന്ന് ചാടി എഴുന്നേറ്റാല്‍ ഏകദേശം 15 മുതല്‍ 30 മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് വീണ്ടും ബോധക്ഷയം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.

Content Highlights :What is syncope? How does this condition occur?

To advertise here,contact us