പുരുഷന്മാരിൽ സ്തനങ്ങളിലെ കോശങ്ങളുടെ അമിതമായ വികാസത്തെയാണ് ഗൈനക്കോമാസ്റ്റിയ എന്ന് വിളിക്കുന്നത്. ഹോർമോൺ നിലയിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണം. നാൽപത് മുതൽ അമ്പത് ശതമാനം പുരുഷന്മാർ ഈ അവസ്ഥയിലൂടെ ജീവിതത്തിലെ ഒരു ഘട്ടത്തില് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ചിലരിൽ ഇത് യൗവനകാലങ്ങളിൽ കാണപ്പെടുമെങ്കിലും പിന്നീടത് തനിയെ തന്നെ മാറുന്നതും കാണാം. അമേരിക്കയിൽ ഇപ്പോൾ ഈ അവസ്ഥയെ മറികടക്കാൻ പ്ലാസ്റ്റിക്ക് സർജറിയെ ആശ്രയിക്കുകയാണ് പുരുഷന്മാർ എന്ന് വ്യക്തമാക്കുകയാണ് പുറത്ത് വരുന്ന ഒരു റിപ്പോർട്ട്. നിലവിൽ ഏറ്റവും പ്രചാരം ലഭിച്ചിരിക്കുന്ന രീതി ബ്രസ്റ്റ് റിഡക്ഷൻ പ്രോസീജ്യർ എന്ന പ്ലാസ്റ്റിക്ക് സർജറിയാണെന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക്ക് സർജൻസ് അഭിപ്രായപ്പെടുന്നു.
2024ൽ മാത്രം 26,430 ശസ്ത്രക്രിയകളാണ് നടന്നത്. 2019ൽ ഇത് 20,955ആയിരുന്നെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളാണ് പുരുഷന്മാർ അവർ കടന്നു പോകുന്ന ഇത്തരം അവസ്ഥകളെ കുറിച്ച് തുറന്നുപറയാൻ കാരണമായതെന്നാണ് മാൻഹട്ടനിലെ ന്യൂ ലുക്ക് ന്യൂ ലൈഫ് ആശുപത്രിയിലെ കോസ്മറ്റിക്ക് സർജനും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ ക്ലോഡിയ കിം പറയുന്നത്.
സ്കൂൾ കാലഘട്ടത്തിലെ ഗൈനക്കോമാസ്റ്റിയ മൂലം ബുദ്ധിമുട്ട് അനുഭവിച്ച് തന്റെ രോഗിയെ കുറിച്ച് ക്ലോഡിയ പറയുന്നത്, പതിനായിരം ഡോളർ ലോൺ എടുത്താണ് ആ വ്യക്തി ശരീരത്തിലുണ്ടായിരുന്ന അമിതമായ കൊഴുപ്പും, ഗ്ലാൻഡുലാർ ടിഷ്യുവും ചർമവും അടക്കം നീക്കം ചെയ്തതെന്നാണ്. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ കഴിയാതെ മറ്റുള്ളവരുടെ മുന്നിൽ പോകാൻ പോലും മടിച്ചു നിന്ന കാലം പലർക്കും ഉണ്ടായിരുന്നെന്നും ഡോക്ടർ വിശദീകരിക്കുന്നു. പലരും തങ്ങൾ കടന്നുപോകുന്ന വേദനയും മാനസികസമ്മർദ്ദവും പുറത്ത് പറയാതെ നടക്കുകയാണ് പതിവെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നു.
ഈ അവസ്ഥ പരിശോധിച്ച്, കൃത്യമായി മനസിലാക്കിയ ശേഷം മാത്രമാണ് ശസ്ത്രക്രിയ നിർദേശിക്കുന്നതെന്ന് ഡോക്ടർ വിശദീകരിക്കുന്നു. ഡോക്ടറുടെ നിർദേശം സ്വീകരിച്ച് വ്യക്തമായ പരിശോധനകളിലൂടെയും മറ്റും മാത്രമേ ഈ രീതിയിലേക്ക് കടക്കാവുവെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശം. അമേരിക്കയിൽ ഗൈനക്കോമാസ്റ്റിയിലൂടെ കടന്നുപോകുന്നവർ പൂർണമായും വിശ്വാസമർപ്പിക്കുന്നത് മേൽപ്പറഞ്ഞ പ്ലാസ്റ്റിക്ക് സർജറിയെയാണ്.
Content Highlights: Breast reduction procedure plastic surgery most popular among men in US