ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാന് ലളിതമായ ഈ കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. ഇവ മെഡിക്കല് പരിശോധനകള്ക്ക് പകരമാവില്ലെങ്കിലും ഹൃദയത്തിന്റെ ആരോഗ്യം നിരീക്ഷിക്കാനുളള ലളിതമായ മാര്ഗങ്ങളാണ്. ടൈംസ് ഓഫ് ഇന്ത്യയില് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത്.
ശാന്തമായിരിക്കുന്ന സമയത്ത് നിങ്ങളുടെ ഹൃദയമിടിപ്പ് 60-80 നും ഇടയിലാണെങ്കില് ഹൃദയം അധികം ആയാസമില്ലാതെ രക്തം പമ്പ് ചെയ്യുന്നു എന്നാണ് അര്ഥമാക്കുന്നത്. എങ്കിലും സ്ഥിരമായി ഉയര്ന്നതോ ക്രമരഹിതമായോ ആയ ഹൃദയമിടിപ്പാണ് ഉള്ളതെങ്കില് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
ശ്വാസംമുട്ടല്, നെഞ്ചിലെ പിരിമുറുക്കം, അമിതമായ ക്ഷീണം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ നിങ്ങള്ക്ക് സുഖകരമായി പടികള് കയറാന് കഴിയുന്നുണ്ട് എങ്കില് നിങ്ങളുടെ ഹൃദയം ആരോഗ്യമുളളതാണെന്ന് പറയാം. ഇതിനര്ഥം രക്തയോട്ടം സുഗമമായി നടക്കുന്നുണ്ടെന്നും പേശികള്ക്ക് ആവശ്യത്തിന് ഓക്സിജന് ലഭിക്കുന്നുണ്ട് എന്നുമാണ്. പടികള് കയറുന്ന സമയത്ത് ശ്വസിക്കാന് ബുദ്ധിമുട്ടോ നെഞ്ചില് ഭാരമോ സമ്മര്ദ്ദമോ അനുഭവപ്പെടുകയാണെങ്കില് എത്രയും വേഗം ഒരു ഡോക്ടറെ കാണേണ്ടതാണ്.
ഒരാളുടെ സാധാരണ രക്തസമ്മര്ദ്ദം ഏകദേശം 120/ 80 mmHg യാണ്. ഇത് നല്ല ലക്ഷണമാണ്. ഉയര്ന്ന രക്തസമ്മര്ദ്ദം കാലക്രമേണേ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വര്ധിപ്പിക്കുകയും ചെയ്യുന്നു.
ആരോഗ്യമുള്ള ഹൃദയം രക്തം നന്നായി പമ്പ് ചെയ്യുന്നു. ഹൃദയത്തിന്റെ ആരോഗ്യം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് കാല്പ്പത്തിയിലോ കണങ്കാലിലോ ഉണ്ടാകുന്ന നീര്. കാലുകളിലെ തുടര്ച്ചയായ നീര്വീക്കം ഹൃദയസംതംഭനത്തിന്റെയോ രക്തചംക്രമണം മോശമാകുന്നതിന്റെയോ സൂചനയാകാം. കാലുകളില് നീരുണ്ടെങ്കില് വിരല് കൊണ്ട് അമര്ത്തി നോക്കുക, അപ്പോള് ആ ഭാഗം കുഴിയുകയും പൂര്വ്വസ്ഥിതിയിലാകാന് സമയമെടുക്കുകയും ചെയ്യുന്നുണ്ട് എങ്കില് പരിശോധന നടത്തേണ്ടതുണ്ട്.
ഉറക്കം തടസ്സപ്പെടുക, ശ്വാസംകിട്ടാതെ ഉണരുക എന്നിവയൊക്കെ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കാം. എന്നാല് പതിവായി നന്നായി ഉറങ്ങന് കഴിയുന്നുണ്ടെങ്കില് ഹൃദയത്തിന് ആവശ്യത്തിന് ഓക്സിജന് ലഭിക്കുന്നുണ്ട് എന്നാണ് മനസിലാക്കേണ്ടത്. ഉറക്കത്തില് കൂര്ക്കം വലിക്കുകയോ ശ്വാസംമുട്ടുകയോ ചെയ്യുന്നത് സ്ലീപ് അപ്നീയയെ സൂചിപ്പിക്കാം. ഇത് ഹൃദ്രോഗത്തിന്റെ അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ്.
ഹൃദയത്തിന് ആരോഗ്യമുണ്ടെങ്കില് ശരീരത്തിന് ആവശ്യത്തിന് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നുണ്ട് എന്ന് മനസിലാക്കാം. ഇത് ശരീരത്തിന്റെ ഊര്ജ്ജം സ്ഥിരമായി നിലനില്ക്കാന് സഹായിക്കും. അമിത ക്ഷീണമില്ലാതെ ദൈനംദിന പ്രവര്ത്തികള് ചെയ്യാന് കഴിയുന്നുണ്ട് എങ്കില് ഹൃദയം നന്നായി പ്രവര്ത്തിക്കുന്നതിന്റെ സൂചനയാണ്. നേരിയ വ്യായാമത്തിന് ശേഷം വ്യക്തമായ കാരണമില്ലാതെ ക്ഷീണം അനുഭവപ്പെടുകയാണെങ്കില് ഡോക്ടറുടെ ശ്രദ്ധയില്പ്പെടുത്തേണ്ടതാണ്.
സാധാരണ ലിപിഡ് കൊഴുപ്പുകള്, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് വര്ധിക്കുന്നത് ധമനികളുടെ ആരോഗ്യം അപകടത്തിലാണ് എന്നതിന്റെ സൂചനയാണ്. ഉയര്ന്ന അളവിലുളള കൊളസ്ട്രോള് രക്തക്കുഴലുകളെ ചുരുക്കും. അതേസമയം പഞ്ചസാരയുടെ അളവ് കൂടുന്നത് രക്തക്കുഴലുകളെ നശിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോള് എന്നിവ ഇടയ്ക്കിടെ പരിശോധിക്കണം.
ഹൃദ്രോഗം നിശബ്ദമായിട്ടാണ് കടന്നുവരുന്നത്. എങ്കിലും ചില മുന്നറിയിപ്പ് അടയാളങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നാല് അത് നേരത്തെ തിരിച്ചറിയാന് സഹായിക്കും. സമ്മര്ദ്ദം, നെഞ്ചുവേദന, ശാരീരിക പ്രവര്ത്തനത്തിനിടയിലോ വിശ്രമത്തിനിടയിലോ ശ്വാസതടസം , ക്ഷീണം , ബലഹീനത എന്നിവ ഉണ്ടാവുക, ഹൃദയമിടിപ്പ്, തലകറക്കം, കാലിലെ നീര്വീക്കം, ചുമ , ശ്വാസതടസം, കഴുത്ത്, താടിയെല്ല്, തോള്, അല്ലെങ്കില് കൈകളിലേക്ക് വ്യാപിക്കുന്ന അസ്വസ്ഥത എന്നിവ മുന്നറിയിപ്പ് ലക്ഷണങ്ങളാണ്.
Content Highlights :Know if your heart is healthy; Just pay attention to these symptoms