

മുട്ട പുഴുങ്ങി കഴിക്കാനും പൊരിച്ചു കഴിക്കാനും ഇഷ്ടപ്പെടുന്നവർ ചിലപ്പോഴെങ്കിലും കേട്ടിട്ടുണ്ടാകും മഞ്ഞക്കുരു അധികം കഴിക്കുന്നത് ആരോഗ്യത്തിനത്ര നല്ലതല്ലെന്ന്. ആരോഗ്യകാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കുന്നവർ സൂപ്പർ ഫുഡായി കണക്കാക്കുന്ന മുട്ട പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമാണ്. ഇതിനൊപ്പം മറ്റ് പോഷകങ്ങളും മുട്ടയിൽ നിന്നും ലഭിക്കാറുണ്ട്. എന്നാൽ കുറച്ച് വർഷങ്ങളായി മഞ്ഞക്കരുവിനെ ഒഴിവാക്കി മുട്ടയുടെ വെള്ളമാത്രം കഴിക്കുന്നൊരു ട്രൻഡ് ഉയർന്ന് വന്നിരുന്നു. ദഹനത്തിനും ഭാരം കുറയ്ക്കുന്നതിനും ഇത് മികച്ച രീതിയാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാസ്ട്രോഎന്ററോളജിസ്റ്റ് ഡോ ശുഭം വാത്സ്യ മുട്ടയിലെ മഞ്ഞക്കരുവിനെ വില്ലനായി ചിത്രീകരിക്കുന്നതിന് എതിരെ കൃത്യമായി വിശദീകരണം നൽകുകയാണ്. മഞ്ഞക്കരു കഴിച്ചാൽ അത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുവരെ പ്രചരണങ്ങൾ ശക്തമാകുകയാണ്. ഒരു മനുഷ്യന്റെ കരൾ സ്വയം ശരീരത്തിലെ കൊളസ്ട്രോളിന്റെ എൺപത് ശതമാനവും ഉത്പാദിപ്പിക്കുന്നുണ്ട്.
നിങ്ങൾ കഴിക്കുന്ന മഞ്ഞക്കരുവിൽ നിന്നും ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോളിന്റെ അളവ് രക്തത്തിലെ കൊളസ്ട്രോളിനെ ഒരു തരത്തിലും ബാധിക്കുന്നില്ല. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദയസ്തംഭനമോ പക്ഷാഘാതമോ ഉണ്ടാക്കാൻ വഴിവെയ്ക്കില്ലെന്നാണ് 15,000 പേരിൽ നടത്തിയ പഠനത്തെ മുൻനിർത്തി ഡോക്ടർ പറയുന്നത്. അതേസമയം മഞ്ഞക്കരു കഴിക്കുന്നത് മൂലം നല്ല കൊളസ്ട്രോളിന്റെ അളവ് കൂടും. ഇതുകൂടാതെ ലൂട്ടിൻ, കോളിൻ, ഹൃദയം, കരൾ, തലച്ചോറ് എന്നിവയ്ക്ക് അവശ്യമായ മറ്റ് വിറ്റാമിനുകൾ എന്നിവയും ലഭ്യമാകുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
ഇനി എന്തെങ്കിലും പ്രശ്നം ഇതുമൂലം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിൽ അത് പാചകം ചെയ്യുന്ന രീതിയായിരിക്കുമെന്നും ഡോക്ടർ വ്യക്തമാക്കുന്നുണ്ട്. ചിലർ മുട്ട പാചകം ചെയ്യുന്നത് നെയ്യ്, ക്രീം, അധികമായി എണ്ണ ഉപയോഗിച്ചെല്ലാമായിരിക്കും. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കാം. പ്രമേഹ രോഗമില്ലാത്ത ഹൈപ്പർടെൻസീവ് അല്ലാത്ത ഒരു മനുഷ്യന് ഒരു ദിവസം മൂന്ന് മുട്ടയെങ്കിലും കഴിക്കാമെന്നും ഡോക്ടർ വ്യക്തമാക്കുന്നുണ്ട്.
Content Highlights: Does egg yolk cause heart attack?