ടെന്‍ഷന്‍ തലവേദന ഉണ്ടാക്കുമോ? തലപൊട്ടിപോകുന്നതുപോലെ വേദന വരുന്നവര്‍ അറിയാന്‍

ടെന്‍ഷന്‍ തലവേദനയുടെ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം

തലവേദന ശരിക്കും ഒരു തലവേദന തന്നെയാണ്. അനുഭവിച്ചവര്‍ക്ക് അതിന്റെ ഭീകരത നന്നായി അറിയാം. തലവേദന വരാന്‍ പല കാരണങ്ങളുണ്ട് . പനിയും ജലദോഷവും പോലുള്ള ചെറിയ അസുഖങ്ങള്‍ മുതല്‍ ബ്രെയിന്‍ കാന്‍സര്‍ പോലെയുള്ള ഗുരുതരമായ പല രോഗങ്ങളുമായി ബന്ധപ്പെട്ട് തലവേദന ഉണ്ടാകാറുണ്ട്. എന്നാല്‍ ഏതെങ്കിലും അസുഖങ്ങളുടെ ഭാഗമായിട്ടല്ലാതെ, ടെന്‍ഷന്‍ വരുമ്പോള്‍ ഉണ്ടാകുന്ന തലവേദന എങ്ങനെയായിരിക്കും ? അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

തലയുടെ ഇരുവശങ്ങളിലേക്കും വ്യാപിക്കുന്നതും വലിഞ്ഞുമുറുകുന്നതുപോലെയുളള അസ്വസ്ഥതയോടെയുമാണ് സാധാരണയായി ടെന്‍ഷന്‍ തലവേദന ആരംഭിക്കുന്നത്. ഇത് കഴുത്തിലേക്കോ നെറ്റിയിലേക്കോ പടര്‍ന്നേക്കാം. വേദന സാധാരണയായി കുറച്ച് മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടുനിന്നേക്കാം. തീവ്രമായ സമ്മര്‍ദ്ദമോ വിശ്രമക്കുറവോ ഉള്ള സമയങ്ങളില്‍ മാത്രമേ വേദന കൂടുതല്‍ സമയം നീണ്ട് നില്‍ക്കൂ. ടെന്‍ഷന്‍ തലവേദനയില്‍ ഓക്കാനം, കാഴ്ച വൈകല്യങ്ങള്‍, പ്രകാശത്തോടും ശബ്ദത്തോടും തോന്നുന്ന അസ്വസ്ഥത ഇവയൊക്കെ അപൂര്‍വ്വമായി മാത്രമേ കാണുകയുള്ളൂ. ഇത്തരം തലവേദനയുടെ തീവ്രത നേരിയതോ മിതമായിട്ടുള്ളതോ ആയിരിക്കും. ശാരീരിക പ്രവര്‍ത്തനങ്ങളെയോ ബൗദ്ധികമായ മറ്റ് കാര്യങ്ങളെയോ ബാധിക്കുകയില്ല.

എന്താണ് തലവേദനയ്ക്ക് കാരണം

Journal of Headache and Pain ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് പേശികളുടെ പിരിമുറുക്കവും കേന്ദ്രനാഡീവ്യൂഹത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ചേര്‍ന്നാണ് പലപ്പോഴും ടെന്‍ഷന്‍ തലവേദന ഉണ്ടാകുന്നത്. ദീര്‍ഘനേരം എന്തെങ്കിലും കാര്യത്തില്‍ ശ്രദ്ധിച്ചിരിക്കുക, മൊബൈലും ലാപ്‌ടോപ്പും ഒക്കെ കൂടുതല്‍ സമയം ഉപയോഗിക്കുക, മാനസിക സമ്മര്‍ദ്ദം ഉണ്ടാവുക എന്നിവയെല്ലാം തലയോട്ടി, കഴുത്ത്,തോളുകള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പേശികളെ ബാധിക്കും. ഈ പേശീമാറ്റങ്ങള്‍ വേദനയെ പ്രോസസ് ചെയ്യുന്ന നാഡീ വ്യവസ്ഥയുമായി ഇടപെടുകയും സമ്മര്‍ദ്ദം പോലെയുള്ള ഒരു അനുഭവം സൃഷ്ടിക്കുകയും ചെയ്യും.

ടെന്‍ഷന്‍ തലവേദന എങ്ങനെ കൈകാര്യം ചെയ്യാം

ടെന്‍ഷന്‍ തലവേദന വരുമ്പോള്‍ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നിന്ന് അകലം പാലിക്കുകയോ, കണ്ണിന്റെയും മറ്റ് ശരീര പേശികളെയും റിലാക്‌സ് ചെയ്യിക്കാനും ചെറിയ ഇടവേളകളെടുക്കേണ്ടതാണ്. കഴുത്ത്, തോള്‍ ഭാഗങ്ങളില്‍ റിലാക്‌സ് ചെയ്യാനുള്ള വ്യായാമങ്ങള്‍ ചെയ്യാം. പിരിമുറുക്കമുളള സ്ഥലങ്ങളില്‍ ചൂടുപിടിക്കാം. നന്നായി വെള്ളംകുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ശാരീരിക ക്ഷീണം തടയാനും സഹായിക്കും. തലവേദന നിലനില്‍ക്കുകയാണെങ്കില്‍ ലളിതമായ വേദന സംഹാരികള്‍ കഴിക്കാവുന്നതാണ്. എന്നിരുന്നാലും അവയുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കേണ്ടതാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :How to recognize the symptoms of a tension headache

To advertise here,contact us