ചൂടുള്ള ചോറാണോ തണുത്ത ചോറാണോ കഴിക്കുന്നത്; പ്രമേഹവും ശരീരഭാരവും കുറയാന്‍ അനുയോജ്യം ഏതാണ്?

വേവിച്ച ഉടനെ ചോറ് കഴിക്കല്ലേ... ചോറ് കഴിക്കുന്നതിനും ചില രീതികളുണ്ട്

മലയാളികളുടെ പ്രധാനപ്പെട്ട ആഹാരമാണ് ചോറ്. ദിവസം ഒരു നേരമെങ്കിലും ചോറ് കഴിക്കാതിരിക്കാന്‍ നമുക്കാവില്ല. നല്ല എരിവുള്ള ബിരിയാണി മുതല്‍ മധുരമുളള പായസം വരെ തയ്യാറാക്കാന്‍ അരി ഉപയോഗിക്കാറുണ്ട്. എങ്കിലും ചൂട് ചോറ് കഴിക്കുന്നതാണോ തണുത്ത ചോറ് കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലതെന്നുളള ഒരു തര്‍ക്കം നിലനില്‍ക്കുകയാണ്. ചൂട് ചോറിനെക്കുറിച്ചും തണുത്ത ചോറിനെക്കുറിച്ചും അറിയേണ്ട ചില കാര്യങ്ങളുണ്ട്? ഏതാണ് ആരോഗ്യത്തിന് ഗുണകരം? എങ്ങനെയാണ് ചോറ് കഴിക്കേണ്ട രീതി?

ചൂടുള്ള ചോറിന്റെ ഗുണങ്ങളും ദോഷങ്ങളും

പുതിയതായി വേവിച്ചെടുത്ത ചോറ് നല്ല രുചിയുള്ളതും ദഹിക്കാന്‍ എളുപ്പവുമാണ്. കാരണം ചൂടുചോറില്‍ അന്നജം അതിന്റെ സ്വാഭാവിക ജെലാറ്റിനൈസ് രൂപത്തിലാണ് ഉള്ളത്. ഇത് ദഹിക്കാന്‍ എളുപ്പവും വേഗത്തില്‍ ഊര്‍ജ്ജവും ഗ്ലൂക്കോസും ലഭ്യതയും ഉള്ളതാണെന്ന് പറയപ്പെടുന്നു. എന്നാല്‍ ചൂടുള്ള ചോറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ വര്‍ധിപ്പിക്കും മാത്രമല്ല അതില്‍ നാരുകള്‍ പോലുള്ള അന്നജം കുറവുമാണ്. ഇത് തികച്ചും ആരോഗ്യകരമാണെങ്കിലും പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കല്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങളുളളവര്‍ക്ക് ചൂട് ചോറ് കഴിക്കുന്നത് അനുയോജ്യമല്ല.

തണുത്ത ചോറിന്റെ ഗുണങ്ങളും ദോഷങ്ങളും

തണുത്ത ചോറ് ആരോഗ്യകരമായ ഒരു ഓപ്ഷനായാണ് കണക്കാക്കപ്പെടുന്നത്. അരി വേവിച്ച് മണിക്കൂറുകളോളം തണുപ്പിക്കുമ്പോള്‍ അതിലെ ചില കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രതിരോധ ശേഷിയുള്ള അന്നജമായി മാറുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പ്രതിരോധശേഷിയുളള അന്നജം നാരുകള്‍ പോലെ പ്രവര്‍ത്തിക്കുകയും കൂടുതല്‍ നേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കുകയും നല്ല കുടല്‍ ബാക്ടീരിയയെ സഹായിക്കുകയും ദഹനത്തെയും പ്രതിരോധശേഷിയേയും സഹായിക്കുന്ന ഷോര്‍ട്ട് -ചെയിന്‍ ഫാറ്റി ആസിഡുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിദഗ്ധര്‍ പറയുന്നതനുസരിച്ച് അരി പാകം ചെയ്ത് കൂടുതല്‍ സമയം മുറിയിലെ താപനിലയില്‍ വച്ചാല്‍ അതില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയകള്‍ പെരുകുകയും ഓക്കാനം,ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.

യഥാര്‍ഥത്തില്‍ ചോറ് കഴിക്കേണ്ടത് എങ്ങനെയാണ്

ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് ചോറ് കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം വീണ്ടും ചൂടാക്കി കഴിക്കുക എന്നതാണ്. അടുത്തതായി നടന്ന ഒരു പഠനം അനുസരിച്ച് ചൂട് ചോറ് മുറിയിലെ താപനിലയില്‍ വച്ച് ചൂടാറിയശേഷം 4 ഡിഗ്രി സെല്‍ഷ്യസില്‍ 24 മണിക്കൂര്‍ തണുപ്പിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യപ്രദമാണെന്നും ഇതില്‍ പ്രതിരോധ ശേഷിയുള്ള അന്നജത്തിന്റെ അളവ് കൂടുതലുണ്ടാകുമെന്നും പറയുന്നു.

അധിക വെളളത്തില്‍ അരി പാകം ചെയ്താല്‍

അരി പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ മറ്റൊരു പഠനത്തില്‍ അധിക വെള്ളത്തില്‍ അരി പാകം ചെയ്യുന്നത് അവശ്യമൂലകങ്ങളുടെ കുറവ് വരുത്തുന്നു. അതുവഴി പോഷകക്കുറവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് ചോറിനെ ആശ്രയിക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരില്‍ ഇത് പോഷകാഹാരക്കുറവിന് കാരണമാകുന്നു.

ചൂടുളള ചോറും തണുത്ത ചോറും ആരോഗ്യകരമാണെങ്കിലും അത് കഴിക്കുന്നത് ഓരോ വ്യക്തിയുടെയും ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ചൂടുളള ചോറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. തണുത്തതോ വീണ്ടും ചൂടാക്കിയതോ ആയ ചോറ് ശരീരഭാരം കുറയ്ക്കാനും പഞ്ചസാര നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

Content Highlights :Advantages and disadvantages of hot and cold rice

To advertise here,contact us