കാൽ വിരലുകളിൽ രോമ വളർച്ചയുണ്ടോ? ഹൃദയം പണിമുടക്കുമോ എന്നറിയാം!

ശരീരത്തിലെ രക്തയോട്ടം തടസമില്ലാതെ നടക്കുന്നതിന്റെ ലക്ഷണമാണ് കാൽവിരലുകളിലെ രോമങ്ങൾ

കാൽ വിരലുകളിലെ രോമങ്ങൾ നിങ്ങളുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കാൽ വിരലുകളിൽ കാണപ്പെടുന്ന രോമത്തിന്റെ അളവ് കൂടുതലാണെങ്കിൽ അത് ആരോഗ്യമുള്ള രക്തകുഴലിന്റെ അടയാളമാണ്. ഹൃദയത്തിന്റെയും ഒരു വ്യക്തിയുടെ ശരീരത്തിന്റെയും ആരോഗ്യമായി ഇത് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുകയാണ് ഡോ ശ്രദ്ധേയ് കത്തിയാർ.

മുടിയിഴകൾ ആരോഗ്യത്തോടെയിരിക്കാൻ സ്ഥിരമായ രക്തയോട്ടമുണ്ടാകണം. ശരീരത്തിലെ രക്തയോട്ടം തടസമില്ലാതെ നടക്കുന്നതിന്റെ ലക്ഷണമാണ് കാൽവിരലുകളിലെ രോമങ്ങൾ. ഇൻസുലിൻ പ്രതിരോധമുണ്ടായാൽ അത് രക്തകുഴലുകൾ നശിക്കാൻ കാരണമാകും ഇത് രക്തയോട്ടത്തെ ബാധിക്കും. രക്തയോട്ടം കുറഞ്ഞാൽ കാൽ വിരലുകളിലെ രോമവും അപ്രത്യക്ഷമാകും. അതിനാൽ ഈ രോമങ്ങൾ പ്രമേഹമുള്ളവരിലും ധമനികളുമായി ബന്ധപ്പെട്ട പ്രശ്‌നമുള്ളവരിലും കുറവാകാനാണ് സാധ്യത.

കാൽ വിരലുകളിലെ രോമങ്ങൾ രക്തകുഴലുകൾ സേഫ് ആണെന്നതിന്റെ സൂചനയാണ്. ഇതുവഴി ഹൃദയവും ആരോഗ്യത്തോടെ പ്രവർത്തിക്കുന്നെന്ന് ഉറപ്പിക്കാം. ഇനി ഇവ കുറവാണെങ്കിൽ രക്തയോട്ടത്തിന് പ്രശ്‌നമുണ്ടെന്നും ഇൻസുലിനുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടോയെന്നും സംശയിക്കാം. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഈ അനുമാനത്തിലെത്താം എന്നല്ല ഡോക്ടർ പറയുന്നത്. ഇത് ശരീരം നൽകുന്ന അടയാളമാകാം.

ഈ ലക്ഷണത്തിനൊപ്പം പാദങ്ങളിൽ തണുപ്പ് അനുഭവപ്പെടുക, തരിപ്പും മരവിപ്പും തോന്നുക, മുറിവുകൾ ഉണങ്ങുന്നതിനുള്ള കാലതാമസം, പേശിവലിവ് എന്നിവയും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിക്കുമെന്ന് അദ്ദേഹം ഉപദേശിക്കുന്നു.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights: Do you have good hair growth in your toes?

To advertise here,contact us