നെഞ്ച്, പുറം, കഴുത്ത്, തല; ഈ ഭാഗങ്ങളില്‍ മുഴയുണ്ടോ, ചര്‍മ്മത്തില്‍ ചുവപ്പോ നീലയോ നിറത്തില്‍ പാടുകളുണ്ടോ?

ചര്‍മ്മത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്ന മുഴയും നിറവ്യത്യാസവും ശ്വാസകോശ കാന്‍സറിന്റെ ലക്ഷണമാകാം

ചിലപ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില ലക്ഷണങ്ങളായിരിക്കാം നമ്മുടെ ആരോഗ്യം

തകരാറിലായി എന്നുളളതിന്റെ സൂചനകള്‍. പലതരം രോഗങ്ങളെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും ഇന്ന് ആളുകള്‍ക്ക് അറിവുണ്ട്. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതും ശ്രദ്ധിക്കപ്പെടാത്തതുമായ ചില ലക്ഷണങ്ങളിലൊന്നാണ് ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍. തൊലിപ്പുറത്ത് കാണപ്പെടുന്ന ചില അടയാളങ്ങള്‍ ശ്വാസകോശ കാന്‍സറിന്റെ ലക്ഷണങ്ങളാകാമെന്ന് ചില മെഡിക്കല്‍ പഠനങ്ങളില്‍ പറയുന്നു.

ശ്വാസകോശ അര്‍ബുദത്തെക്കുറിച്ച് അറിയാം

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ശ്വാസകോശ അര്‍ബുദം നമ്മുടെ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. വായു സഞ്ചികളിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയാണ് ഇവിടെ ചെയ്യുന്നത്. ചര്‍മ്മവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില ലക്ഷണങ്ങള്‍ ശ്വാസകോശ കാന്‍സറിന്റെ സൂചനയാകാം.

ചര്‍മ്മത്തിലെ മുഴകള്‍

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് രക്തപ്രവാഹത്തിലൂടെ സഞ്ചരിക്കാനും ചര്‍മ്മത്തില്‍ സ്ഥിരതാമസമാക്കാനും കഴിയും. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ മെറ്റാസ്റ്റാറ്റിക് നോഡ്യൂളുകള്‍ എന്നറിയപ്പെടുന്ന ഉറച്ചതും വൃത്താകൃതിയിലുളളതുമായ മുഴകള്‍ ഉണ്ടാകുന്നു. ഈ മുഴകള്‍ റബ്ബര്‍ പോലെയുളളതോ കടുപ്പമുള്ളതോ ആയിരിക്കും. ഇവ സാധാരണയായി നെഞ്ചിലോ, നെഞ്ചിന് പുറകുവശത്തോ കഴുത്തിലോ തലയിലോ ആണ് ഉണ്ടാകുന്നത്. ഇവ വേദനയില്ലാത്ത മുഴകളാണ്. ഇതോടൊപ്പം ഈ ഭാഗത്തെ ചര്‍മ്മത്തിന്റെ നിറം ചുവപ്പോ നീലയോ ആകാം. ചിലപ്പോള്‍ അവ വൃണമുള്ളതായിരിക്കാം. ശ്വാസകോശത്തിനപ്പുറത്തേക്ക് കാന്‍സര്‍ വ്യാപിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.

ചര്‍മ്മത്തിലെ ചൊറിച്ചില്‍ അല്ലെങ്കില്‍ പാടുകള്‍

ചില ശ്വാസകോശ അര്‍ബുദങ്ങള്‍ ചര്‍മ്മത്തില്‍ ചൊറിഞ്ഞ് പൊങ്ങുന്നതുപോലെയോ അല്ലെങ്കില്‍ തുടര്‍ച്ചയായി ചൊറിച്ചില്‍ ഉണ്ടാക്കുന്നതുപോലെയോ ഉള്ള സൂചനകള്‍ കാണിക്കുന്നു. ഇതിന് വ്യക്തമായ കാരണങ്ങളൊന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. നെഞ്ചിലോ പുറത്തോ ചുവന്ന ചുളിവുകള്‍ പോലെയുള്ള പാടുകള്‍ , കണ്ണുകള്‍ക്ക് ചുറ്റും വയലറ്റോ ചുവപ്പോ നിറത്തിലുള്ള ചുണങ്ങുകള്‍ കൈകാല്‍ മുട്ടുകള്‍ക്ക് മുകളില്‍ ചെതുമ്പല്‍ നിറഞ്ഞ വയലറ്റ് നിറമുളള കനമുളള പാടുകള്‍ തുടങ്ങിയ ചര്‍മ്മത്തിലെ ഈ മാറ്റങ്ങള്‍ ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ലക്ഷണങ്ങളാണ്.

ചര്‍മ്മത്തിലെ മഞ്ഞനിറം

ശ്വാസകോശ അര്‍ബുദം കരളിലേക്ക് പടരുന്നത് പിത്തരസ നാളങ്ങളെ തടസ്സപ്പെടുത്തിയേക്കാം. ഇത് മഞ്ഞപ്പിത്തത്തിലേക്കോ ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറത്തിനോ കാരണമാകുന്നു. കരളുമായി ബന്ധപ്പെട്ട സാധാരണ പ്രവര്‍ത്തനങ്ങളെ ട്യൂമര്‍ തടസ്സപ്പെടുത്തുന്നതാണ് ഈ ലക്ഷണം ഉണ്ടാകാന്‍ കാരണം. ശ്വാസകോശ അര്‍ബുദം ആന്തരിക അവയവങ്ങളെ ബാധിക്കുന്നുണ്ടോ എന്ന് നിര്‍ണയിക്കുന്നതിന് ഈ മഞ്ഞനിറം സഹായിക്കും.

വിരലുകളും നഖങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍

ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളില്‍ സംഭവിക്കാവുന്ന ചര്‍മ്മത്തിലെ ഒരു മാറ്റമാണ് ക്ലബ്ബിംഗ്. വിരല്‍ത്തുമ്പുകളും നഖങ്ങളും വൃത്താകൃതിയിലേക്ക് മാറുന്നു. നഖങ്ങള്‍ താഴേക്ക് വളയുന്നു. രക്തത്തിലെ ഓക്‌സിജന്റെ കുറഞ്ഞ അളവാണ് ഇതിനൊക്കെ കാരണം.

ചര്‍മ്മത്തിലെ നിറം മാറുകയും ചര്‍മ്മം ചുളിയുകയും ചെയ്യുന്നു

കൈപ്പത്തിയിലെ കട്ടിയുള്ളതും നീലനിറത്തിലുള്ളതുമായ പാടുകള്‍, കഴുത്തിലും മടക്കുകളിലും ഇരുണ്ട പാടുകള്‍ എന്നിവ അപൂര്‍വ്വമായ ചര്‍മ്മ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ചര്‍മ്മത്തിലെ ഈ മാറ്റങ്ങള്‍ പെട്ടെന്ന് വികസിക്കുന്നവയാണ്. ഈ ലക്ഷണങ്ങള്‍ സാധാരണ ചര്‍മ്മ പ്രശ്‌നമായി തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്യാറ്. ഇത്തരത്തില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഡോക്ടറുടെ സേവനം തേടുകയോ വേണ്ടവിധത്തിലുള്ള പരിശോധനകള്‍ നടത്തുകയോ ചെയ്യേണ്ടതാണ്.

Content Highlights :Lumps and discoloration in some areas of the skin may be a sign of lung cancer

To advertise here,contact us