ഇനി പറയാന് പോകുന്ന എട്ട് കാര്യങ്ങളിലേക്ക് വഴുതി വീഴാത്തവരാണെങ്കില് ശക്തമായ മനസിന്റെ ഉടമകളായിരിക്കും നിങ്ങളെന്ന് മന:ശാസ്ത്ര പഠനങ്ങള് പറയുന്നു. ശക്തമായ മനസുമായി, ജീവിതത്തില് വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടുപോകാന് കഴിയുന്നവരായിരിക്കും ഇക്കൂട്ടര്. എല്ലാത്തിനുമുപരി മന:സമാധാനത്തോടെ ജീവിക്കാന് കഴിയുന്നവരാകും നിങ്ങളെന്നും മനശാസ്ത്ര വിദഗ്ധര് പറയുന്നു.
ആരെങ്കിലും നിങ്ങളെ തെറ്റായ രീതിയില് എന്തെങ്കിലും പറഞ്ഞാലോ മനസ് വിഷമിപ്പിക്കുന്ന രീതിയില് സംസാരിച്ചാലോ ഉടനടി അതിനോട് പ്രതികരിക്കുന്നവരാണോ നിങ്ങള്? എന്നാല് ആ ശീലം അത്ര നല്ലതല്ല എന്നാണ് മനശാസ്ത്രം പറയുന്നത്. മാനസിക ശക്തി വേണമെങ്കില് വികാര നിയന്ത്രണം ആവശ്യമാണ്. നിങ്ങളുടെ വികാരങ്ങളെ അടിച്ചമര്ത്തുക എന്നതല്ല ഇതിനര്ഥം. എല്ലാ കാര്യങ്ങളോടും പ്രതികരിക്കുന്നതിന് പകരം ആത്മസംയമനം പാലിച്ചാല് ക്രമേണ ഇത്തരം കാര്യങ്ങള് നിങ്ങളെ ബാധിക്കാതാകും.
ചില ആളുകളെ കണ്ടിട്ടില്ലേ. അവര് ചെറിയ കാര്യങ്ങളെ വലുതാക്കി, വലിയ പ്രശ്നമാക്കി കാണുകയും വെറുതേ ആശങ്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കും. മനശാസ്ത്രജ്ഞര് ഇതിനെ 'cognitive distortion' എന്നാണ് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മനസ് കൂടുതല് സംഘര്ഷത്തില് അകപ്പെടുകയും മറ്റുളളവര്ക്ക് മുന്നില് നിങ്ങള് ഒരു പ്രശ്നക്കാരനായി മാറുകയും ചെയ്യും. അതിന് പകരം ഇത്തരം കാര്യങ്ങളെ നിസ്സാരമായി മനസിലേക്കെടുക്കുന്നത് നിങ്ങളുടെ മനസിന്റെ ശക്തി കൂട്ടാനും മാനസികമായി പക്വത കൈവരിക്കാനും സഹായിക്കും.
നിങ്ങള് ചെയ്യുന്ന കാര്യങ്ങള് മറ്റുളളവര് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കാറുണ്ടോ? 'വൗ നീ ചെയ്തത് വളരെ നന്നായിട്ടുണ്ട്' എന്ന് ആരെങ്കിലും പറഞ്ഞുകേള്ക്കുന്നത് സന്തോഷമൊക്കെ തോന്നിക്കുമെങ്കിലും അത് കേള്ക്കാന് വേണ്ടി കാത്തിരിക്കുന്നത് അത്ര നല്ലതല്ല. യഥാര്ഥത്തില് മിടുക്കരായ ആളുകള്ക്ക് നിരന്തരമായ കൈയ്യടികള് ലഭിക്കണമെന്നില്ല. പ്രശംസയും അംഗീകാരവും ശ്രദ്ധിക്കാതെ മുന്നോട്ടുപോകാന് കഴിയേണ്ടതുണ്ട്. അപ്പോള് നമുക്ക് സ്വന്തം കഴിവുകള് തിരിച്ചറിയാം. അംഗീകാരത്തിനായി അവര് ചുറ്റും നോക്കാറില്ല. ഇതിനര്ഥം അവര് അഹങ്കാരികളാണെന്നല്ല, ആത്മാഭിമാനം ഉള്ളവരാണെന്നാണ്.
ചില ആളുകള് അവര്ക്ക് മാനസികമായ അസ്വസ്ഥതകള് ഉണ്ടാകാതിരിക്കാന് മുന്കൂട്ടി പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്തെങ്കിലും അസ്വസ്ഥതകള് ഏതെങ്കിലും കാര്യങ്ങളില് ഉണ്ടെങ്കില് അതിനെ നേരിടാന് അവര്ക്ക് ബുദ്ധിമുട്ടാണ്. പക്ഷേ അസ്വസ്ഥതകളും വിമര്ശനങ്ങളും ഉണ്ടായാലേ കൂടുതല് വളര്ച്ചയുണ്ടാവുകയും പ്രതികൂല സാഹചര്യങ്ങളോട് പൊരുത്തപ്പെടാന് ശക്തി ലഭിക്കുകയും ചെയ്യുകയുളളൂ. മാനസികമായി ശക്തരായ ആളുകള് വിമര്ശനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാന് തയ്യാറായിരിക്കും.
ചില മനുഷ്യര്ക്ക് പല കാര്യങ്ങളെക്കുറിച്ചും ആകുലതയാണ്. സ്വന്തം കാര്യങ്ങള് കൂടാതെ മറ്റുള്ള ലോകകാര്യങ്ങളില് പോലും അവര്ക്ക് ആശങ്കയായിരിക്കും. മറ്റുളളവര് എന്ത് വിചാരിക്കും, സൗഹൃദം നഷ്ടപ്പെട്ടാല് എന്ത് ചെയ്യും എന്ന് തുടങ്ങി പല കാര്യങ്ങളെക്കുറിച്ചും അവര്ക്ക് ആശങ്കയാണ്. എന്നാല് internal locus of control (ആന്തരിക നിയന്ത്രണം) ഉളള ആളുകള് ആത്മവിശ്വാസം ഉള്ളവരായിരിക്കും. നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങളെ ആലോചിച്ച് അവര് ഒരുപാട് തല പുകയ്ക്കാറില്ല.
സോഷ്യല് മീഡിയയില് സ്ക്രോള് ചെയ്തുപോകുന്ന സമയത്ത് വലിയ വീടുവച്ചതോ മികച്ച ജോലി നേടിയതോ ആയ നിങ്ങളുടെ ഒരു സുഹൃത്തിന്റെ വിശേഷം കാണുകയാണെങ്കില് 'അയ്യോ എനിക്ക് ഇങ്ങനെയൊന്നും ഇല്ലാതെ പോയല്ലോ' എന്ന് താരതമ്യം ചെയ്യുന്നവരാണോ നിങ്ങള് ?, ആ ചിന്ത സ്വാഭാവികമാണെങ്കിലും അത് തന്നെ ആലോചിച്ചിരിക്കുന്നത് പ്രശ്നമാണ്. പകരം അവര് അങ്ങനെയൊരു നേട്ടം കൈവരിച്ചതിന് പിന്നില് വലിയൊരു കഠിനാധ്വാനത്തിന്റെ കഥയുണ്ടെന്ന് ചിന്തിക്കണം. അങ്ങനെ സ്വന്തം ജീവിതത്തെ മറ്റൊരാളുടെ ജീവിതവുമായി താരതമ്യപ്പെടുത്താതെ അവരവരുടെ വഴിയേ തന്നെ സഞ്ചരിക്കുന്നവര് മാനസികമായി ശക്തരായിരിക്കും.
നാം ക്ഷീണിതരാകുമ്പോഴോ അസുഖങ്ങളുണ്ടാവുമ്പോഴോ ശരീരം നമുക്ക് സിഗ്നലുകള് നല്കും. ജോലി പൂര്ത്തിയാക്കാന് വൈകിയും ഇരിക്കുക, സമയം ഇല്ലാത്തതിനാല് ഉച്ചഭക്ഷണം ഒഴിവാക്കുക തുടങ്ങിയുള്ള കാര്യങ്ങള് ചെയ്യുമ്പോള് നിങ്ങള് വിചാരിക്കും നിങ്ങള് പ്രൊഡക്ടീവ് ആയിരിക്കും എന്ന്. പക്ഷേ ഇങ്ങനെ ചെയ്യുമ്പോള് ശരീരം ക്ഷീണിക്കും. വിശപ്പ് , ക്ഷീണം, മാനസിക പിരിമുറുക്കം, അസ്വസ്ഥത ഇവയൊക്കെയുണ്ടാകുമ്പോള് ശരീരം നല്കുന്ന സിഗ്നലുകളെ അവഗണിച്ചാല് നിങ്ങള് രോഗിയാകും. പകരം ശരീരം ക്ഷീണിക്കുമ്പോള് വിശ്രമിക്കുകയും വിശക്കുമ്പോള് ഭക്ഷണം കഴിക്കുകയും പോലെയുള്ള കാര്യങ്ങള് ചെയ്യുമ്പോള് നിങ്ങള് നിങ്ങളെ തന്നെ നന്നായി സൂക്ഷിക്കുന്നു എന്നാണ് അര്ഥം.
ബഹളമുണ്ടാക്കരുത്… ഇത്ര വൈകാരികമായി പ്രതികരിക്കരുത്…തുടങ്ങിയ പല തരത്തിലുളള 'അരുതുകള്' കേട്ടായിരിക്കും ചെറുപ്പത്തില് നിങ്ങള് വളര്ന്നിരിക്കുക. ഇങ്ങനെ വികാരങ്ങളെ അടിച്ചമര്ത്തി വളര്ന്നുവന്നവര്ക്ക് പേടിയോടെയേ എല്ലാത്തിനേയും സമീപിക്കാന് സാധിക്കുകയുള്ളൂ. യഥാര്ഥത്തില് മാനസിക ശക്തിയുള്ള ആളുകള് എല്ലാ വികാരങ്ങളെയും ഉള്ക്കൊണ്ട് അവയെ അഭിമുഖീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ദു:ഖവും നിരാശയും ഒക്കെ അറിഞ്ഞ് വേണം ജീവിതം കൊണ്ടുപോകാന്.
മാനസികമായ ശക്തി എന്നതില് തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കൂടി ഉള്പ്പെടുന്നു. നിങ്ങളുടെ തീരുമാനം ശരിയായാലും തെറ്റായാലും അതില് ഉറച്ച് നില്ക്കുക എന്നതിലാണ് കാര്യം. സത്യത്തില് ഓരോ മനുഷ്യനും നാം വിചാരിക്കുന്നതിലും ശക്തരാണ്. ആ ശക്തി സ്വയം തിരിച്ചറിയണമെന്ന് മാത്രം.
Content Highlights :Saying 'no' to some things and deliberately rejecting some things will make us mentally stronger.