മദ്യപാനം നിര്ത്താന് പ്രായമുണ്ടോ, അതൊരാളുടെ വ്യക്തിപരമായ തീരുമാനമല്ലേ എന്നായിരിക്കും ഇപ്പോള് നിങ്ങളുടെ മനസില് തോന്നുന്നത്. എന്നാല് മെഡിക്കല് ഗവേഷണങ്ങള് സൂചിപ്പിക്കുന്നത് ഒരു പ്രത്യേക പ്രായം കഴിഞ്ഞ് മദ്യപിക്കുന്നത് വളരെ അപകടകരമാണെന്നാണ്. റോച്ചസ്റ്റര് മെഡിക്കല് സെന്ററിലെ യൂണിവേഴ്സിറ്റിയുടെ പഠനമനുസരിച്ച് മദ്യത്തോടുള്ള ശരീരത്തിന്റെ പ്രതികരണം പ്രായത്തിനനുസരിച്ച് മാറുന്നു.
65 വയസ്സിന് ശേഷം പേശികളുടെ അളവും ശരീരത്തിന്റെ മൊത്തം ജലാംശവും കുറയുകയും ഉപാപചയം മന്ദഗതിയിലാവുകയും ചെയ്യും. അതുകൊണ്ടുതന്നെ പ്രായമാകുമ്പോള് മദ്യം ശരീരത്തില് അധിക സമയം നിലനില്ക്കാനിടയുണ്ട്. പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദ്ദം, അള്സര് തുടങ്ങിയ അവസ്ഥകള്ക്കുള്ള മരുന്നുകളുമായും മദ്യം ശക്തമായി ഇടുപഴകും. പ്രായമായവര്ക്ക് ബാലന്സ്, കാഴ്ചശക്തി എന്നിവയിലെല്ലാം പ്രശ്നങ്ങള് ഉണ്ടാകാനുള്ള സാഹചര്യങ്ങള് കൂടുതലായതിനാല് മദ്യപാനവുമായി ബന്ധപ്പെട്ട വീഴ്ചകള്, എല്ല് പൊട്ടല് എന്നിവയ്ക്കൊക്കെ പ്രായമായവരില് കൂടുതല് സാധ്യതയുണ്ട്.
അമേരിക്കന് ന്യൂറോളജിസ്റ്റായ ഡോ. റിച്ചാര്ഡ് റെസ്റ്റാക്ക് പറയുന്നത് മദ്യത്തിന്റെ അപകട സാധ്യതകള് നേരിട്ട് തലച്ചോറിലേക്ക് തന്നെ വ്യാപിക്കുന്നുവെന്നാണ്. മദ്യം വളരെ പ്രശ്നക്കാരനായ ഒരു ന്യൂറോ ടോക്സിന് ആണ്. ഇത് നാഡീ കോശങ്ങള്ക്ക് നല്ലതല്ല എന്നും തുടര്ച്ചയായി മദ്യപിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട ന്യൂറോണ് നഷ്ടം കൂടുതല് വഷളാക്കുമെന്നും ഡോ. റിച്ചാര്ഡ് വാദിക്കുന്നു. മനുഷ്യന് ജീവിതകാലം മുഴുവന് 2 മുതല് 4 ശതമാനം വരെ ന്യൂറോണുകളേ നഷ്ടപ്പെടുന്നുള്ളൂ. പക്ഷേ മദ്യപാനം ന്യൂറോണ് നഷ്ടം കൂടുതലാക്കുന്നു.
65 വയസുകഴിയുമ്പോള് കഴിക്കുന്ന മദ്യത്തില് ഗണ്യമായ കുറവ് വരുത്തണമെന്നും വൈകാതെ പൂര്ണ്ണമായും ഒഴിവാക്കണമെന്നും ഡോ. റെസ്റ്റോക്ക് അഭിപ്രായപ്പെടുന്നു. ഈ പ്രായത്തില് ന്യൂറോണുകളെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. മാത്രമല്ല അമിതമായി മദ്യപിക്കുന്ന ആളുകള്ക്ക് കാലക്രമേണ ഡിമെന്ഷ്യ ഉണ്ടാകാന് സാധ്യതയുണ്ട്. അതുകൂടാതെ ദീര്ഘകാലം അമിതമായ മദ്യപിക്കുന്നവര്ക്ക് കാന്സര്, കരള്രോഗം എന്നിങ്ങനെയുള്ളവ വരാനുള്ള സാധ്യതയും വര്ധിക്കുന്നു. മദ്യം പൂര്ണമായും ഒഴിവാക്കുന്നത് നാഡീവ്യവസ്ഥയുടെ സമ്മര്ദ്ദം കുറയ്ക്കുകയും ഓര്മശക്തി സംരക്ഷിക്കുകയും പേശികള് നശിച്ചുപോകുന്നത് തടയുകയും അപകടസാധ്യതകള് കുറയ്ക്കാന് സഹായിക്കുകയും ചെയ്യും.
Content Highlights :Drinking alcohol after a certain age can be very harmful to the body.