തിരക്കുപിടിച്ച് ജോലിചെയ്യുമ്പോഴും അത്യാവശ്യ കാര്യങ്ങള്ക്കായി ഓടിനടക്കുമ്പോഴും ഭക്ഷണം കഴിക്കുന്നതും വെള്ളംകുടിക്കുന്നതുമടക്കം പലകാര്യങ്ങളും മറന്നുപോകുന്നത് സ്വാഭാവികമാണ്. എന്നാല് നിങ്ങള് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ വെള്ളം കുടിച്ചില്ലെങ്കില് ശരീരത്തില് എന്താണ് സംഭവിക്കുന്നതെന്ന്. അതൊന്നും വലിയ കാര്യമില്ല എന്നാണോ?. അസുഖങ്ങളോ കടുത്ത ചൂടോ ഉണ്ടാകുമ്പോള് മാത്രമേ നിര്ജലീകരണം ഗുരുതരമാകൂ എന്നാണ് പലരും കരുതുന്നത്. എന്നാല് ഒരു ദിവസം 500 മില്ലിയില് താഴെ വെള്ളംകുടിച്ചാല് ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് നോക്കിയാലോ..
മെഡിസിനില് നടത്തിയ ഒരു ക്രോസ് സെഷണല് പഠനത്തില് കണ്ടെത്തിയ കാര്യങ്ങള് ആശങ്കയുയര്ത്തുന്നതാണ്. ദിവസവും 500 മില്ലിയില് കുറവ് വെള്ളംകുടിക്കുന്നവരിലാണ് പഠനം നടത്തിയത്. എന്തെങ്കിലും ലക്ഷണങ്ങള് ശരീരം കാണിച്ചുതുടങ്ങുന്നതിന് മുന്പ് തന്നെ നിര്ജലീകരണം ശരീരത്തിലെ ആന്തരിക സംവിധാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നാണ് പഠനത്തില് ചൂണ്ടിക്കാട്ടുന്നത്.
ലക്ഷണങ്ങള് പ്രത്യക്ഷപ്പെടുന്നതിന് മുന്പ് നിര്ജലീകരണം എങ്ങനെയാണ് ആരോഗ്യത്തെ ബാധിക്കുന്നതെന്നറിയാം
- രക്തത്തിലെ മാലിന്യങ്ങള് അരിച്ചുമാറ്റുന്നതും രാസ സന്തുലിതാവസ്ഥ നിലനിര്ത്തുന്നതും വൃക്കകളാണല്ലോ? ദിവസവും കുടിക്കുന്ന വെള്ളം 500 മില്ലിയില് താഴെയാകുമ്പോള് വൃക്കകള്ക്ക് കൂടുതല് സമയം ജോലിചെയ്യേണ്ടിവരുന്നു. ഇത് അവയെ സമ്മര്ദ്ദത്തിലാക്കും.
- വൃക്കകള് ദ്രാവകം കൊണ്ടുള്ള നഷ്ടം നികത്താന് ശ്രമിക്കുന്നതിനാല് മൂത്രം ഇരുണ്ടതും കട്ടിയുളളതുമായി മാറുന്നു
- ശരീരത്തിലെ ജലസംരക്ഷണ ഹോര്മോണായ വാസോപ്രസിന് വര്ധിക്കുന്നത് വിട്ടുമാറാത്ത നിര്ജലീകരണത്തെ സൂചിപ്പിക്കുന്നു
- വൃക്കകളില് കല്ല് ഉണ്ടാകുന്നു
- ദീര്ഘകാലമായുള്ള നിര്ജലീകരണം വൃക്കകളിലെ കല്ലിന്റെ വലിപ്പം വര്ധിക്കാനിടയാക്കുകയും അപകടസാധ്യതകള് വര്ധിപ്പിക്കുകയും ചെയ്യും.
തലച്ചോറിനെയും രക്തപ്രവാഹത്തെയും ബാധിക്കുന്നത് എങ്ങനെ
- രക്തത്തിന്റെ അളവ് ചെറുതായി കുറയും. അപ്പോള് ശരീരത്തില് രക്തം വിതരണം ചെയ്യുന്ന സ്വഭാവിക പ്രക്രിയ(രക്തചംക്രമണം) പതുക്കെയാക്കുന്നു. ഈ പ്രവര്ത്തനം നിലനിര്ത്താന് ശരീരം ശ്രമിക്കുമ്പോള് ഹൃദയമിടിപ്പ് വേഗത്തിലാകുന്നു.
- തലച്ചോറിലേക്കുളള ഓക്സിജന് വിതരണം കുറയുന്നത് ശ്രദ്ധ കുറയ്ക്കാനിടയാക്കും.തലവേദന, ദേഷ്യം, മന്ദത എന്നിവയ്ക്ക് കാരണമാകുന്നു.
- പടികള് കയറുന്നതുപോലുള്ള ചെറിയ കാര്യങ്ങള് ചെയ്യുമ്പോള് പോലും പേശികള് കൂടുതല് വേഗത്തില് ക്ഷീണിക്കാനിടയാക്കും.
നിര്ജലീകരണം ദഹനത്തെ സ്വാധീനിക്കുന്നത് എങ്ങനെ
ദഹനത്തിനും ഉപാപചയ പ്രവര്ത്തനങ്ങള്ക്കും വെള്ളം പ്രധാന പങ്ക് വഹിക്കുന്നു. വെളളം കുടിക്കുന്നത് കുറയുമ്പോള് ദഹനവ്യവസ്ഥ മന്ദഗതിയിലാകുന്നു.
- ദഹനപ്രക്രീയ മന്ദഗതിയിലാകുന്നു. ഇത് മലബന്ധത്തിനും വയറ് വീര്ക്കുന്നതിനുമുളള സാധ്യത വര്ധിപ്പിക്കുന്നു
- ഉമിനീരിന്റെ അളവ് കുറയുന്നത് ദഹനത്തെ ഫലപ്രദമല്ലാതാക്കുന്നു.
- ദാഹവും വിശപ്പും കൊണ്ട് ശരീരം സമ്മര്ദ്ദത്തിലാകുമ്പോള് വിശപ്പ് ശക്തമായി തോന്നാം.
- ശരീരത്തിലേക്ക് പോഷകം ആഗിരണം ചെയ്യുന്നത് പതുക്കെയാകുന്നു, മാനസികാവസ്ഥയേയും ഉപാപചയ പ്രവര്ത്തനത്തെയും ബാധിക്കുന്നു.
അതുകൊണ്ടുതന്നെ വെള്ളം കുടിക്കുന്നത് ഒന്നോ രണ്ടോ ഗ്ലാസ് വര്ധിപ്പിക്കുന്നതു തന്നെ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തില് ശ്രദ്ധേയമായ മാറ്റം വരുത്തും.