കാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കാം ഈ ഒമ്പത് മാര്‍ഗങ്ങളിലൂടെ! ഡോക്ടര്‍ പറയുന്നു

ഇന്ത്യയില്‍ മാത്രം പതിനാല് ലക്ഷത്തോളം പുതിയ കേസുകളാണ് ഓരോ വർഷവും ഉണ്ടാകുന്നത് എന്ന് 2023ല്‍ പുറത്തുവന്ന ഐസിഎംആര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു

ആഗോളതലത്തില്‍ കാന്‍സര്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇന്ത്യയില്‍ മാത്രം പതിനാല് ലക്ഷത്തോളം പുതിയ കേസുകളാണ് ഓരോ വർഷവും ഉണ്ടാവുന്നത് എന്ന് 2023ല്‍ പുറത്തുവന്ന ഐസിഎംആര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. പല ആളുകളും രോഗനിര്‍ണയത്തോടെ തകര്‍ന്ന് പോകുകയാണ് പതിവ്. പക്ഷേ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ദൈന്യദിന ജീവിതത്തിലെ ചില ശീലങ്ങള്‍ ദീര്‍ഘകാലത്തെ ആരോഗ്യത്തിന് സഹായകരമാകുമെന്നാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതും മുപ്പത് മുതല്‍ അമ്പത് ശതമാനം കാന്‍സര്‍ പ്രതിരോധിക്കാന്‍ ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ട് കഴിയുമെന്നാണ്. നമുക്ക് തന്നെ രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഭക്ഷണത്തിലുണ്ടാകുന്ന മാറ്റം, വെയില്‍ കൊള്ളുക, ശരീരം അനങ്ങുക എന്നിവയിലൂടെ മികച്ച പ്രതിരോധശേഷി ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. ചെയ്യുന്ന കാര്യങ്ങളിലെ പൂര്‍ണത എന്നതിലുപരി ചില പ്രവര്‍ത്തികള്‍ സ്ഥിരതയോടെ ചെയ്യുന്നത് ശരീരത്തെ കൂടുതല്‍ ശക്തമാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വൈറ്റമിന്‍ ഡിയുടെ അളവ് ആരോഗ്യകരമായി നിര്‍ത്തുക എന്നതാണ് കാന്‍സര്‍ പ്രതിരോധത്തിനുള്ള ആദ്യമാര്‍ഗമായി ഡോ. എറിക്ക് ബര്‍ഗ് ചൂണ്ടിക്കാട്ടുന്നത്. വൈറ്റമിന്‍ ഡിയുടെ അളവ് സ്തനം, കുടല്‍, പ്രോസ്‌ട്രേറ്റ് കാന്‍സറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അസാധാരണമായ കോശങ്ങളുടെ വളര്‍ച്ചയെ മനസിലാക്കാന്‍ കഴിയുന്ന പ്രതിരോധ കോശങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ ഘടകമാണ് വൈറ്റമിന്‍ ഡി. വൈറ്റമിന്‍ ഡിക്കായി ഒരു ദിവസം കുറഞ്ഞത് പതിനഞ്ച് മുതല്‍ ഇരുപത്തിയഞ്ച് മിനിറ്റ് സുരക്ഷിതമായ രീതിയില്‍ വെയില്‍ കൊള്ളുന്നത് നല്ലതാണെന്ന് ഡോക്ടര്‍ പറയുന്നു. അതേസമയം തന്നെ മുട്ടയുടെ മഞ്ഞ, കൊഴുപ്പുള്ള മീന്‍ എന്നിവ ശൈത്യകാലങ്ങളില്‍ കഴിക്കുന്നതും നല്ലതാണ്.

ഇടവിട്ട് എടുക്കുന്ന ഉപവാസം (intermediate fasting) ആണ് മറ്റൊരു മാര്‍ഗം. ഈ രീതി ഇന്‍സുലിനെ സ്ഥിരപ്പെടുത്തും. ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കും. ശരീരത്തിലാകമാനം ഒരു ഫ്രഷ് ഫീല്‍ തന്നെ ഇതുവഴി ഉണ്ടാക്കാനാകും. ഉപവാസത്തിലൂടെ കാന്‍സറിന് വഴിതെളിക്കുന്ന കോശങ്ങളുടെ എണ്ണം കുറയും.

കാര്‍ബോഹൈഡ്രേറ്റ്‌സിന്റെ അളവ് ഭക്ഷണത്തില്‍ കുറച്ചാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ സ്ഥിരത ഉണ്ടാകും. ഇതോടെ ഇന്‍സുലിന്റെ അളവ് കുറയും. കാന്‍സര്‍ കോശങ്ങളുടെ ഇന്ധനം ഗ്ലൂകോസാണ്. ഇതിനാല്‍ ഭക്ഷണക്രമത്തില്‍ കാര്‍ബില്‍ കുറവ് വരുത്തുന്നത് മികച്ച രീതിയാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. ശീതളപാനീയങ്ങള്‍ ഒഴിവാക്കുന്നത് പോലും വലിയ ഗുണം ചെയ്യും.

കോള്‍ഡ് തെറാപ്പിയും കാന്‍സര്‍ പ്രതിരോധത്തിന് മികച്ച മാര്‍ഗമാണെന്ന് ഡോക്ടര്‍ പറയുന്നു. ഇത് ബ്രൗണ്‍ ഫാറ്റിനെ ആക്ടിവേറ്റ് ചെയ്യുകയും വീക്കം ഇല്ലാതാക്കുകയും ചെയ്യും. മൈറ്റോകോണ്‍ഡ്രിയല്‍ ആരോഗ്യത്തെയും ഇത് സ്വാധീനിക്കും. ചെറിയ തണുപ്പുള്ള വെള്ളത്തില്‍ കുളിക്കുന്നതും തണുത്ത ഊഷ്മാവില്‍ കുറച്ച് നേരം ചിലവഴിക്കുന്നതും രക്തചക്രമണം കൂട്ടുകയും ഓക്‌സിഡേറ്റീവ് സ്ട്രസ് കുറയ്ക്കുകയും ചെയ്യും. ഇതും കാന്‍സറിനെ പ്രതിരോധിക്കും.

പാചകം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കടുത്ത ചൂടില്‍ പാചകം ചെയ്യുമ്പോള്‍ ഹെട്രോസൈക്ക്‌ളിക്ക് അമൈന്‍സ് ഉണ്ടാകും. ഇവ കൊളാറ്ററല്‍കാന്‍സറിന് കാരണമാകും. ആവിയില്‍ പാചകം ചെയ്യുന്നതോ ചെറിയ ചൂടില്‍ ഉണ്ടാക്കുന്ന ഭക്ഷണമോ ആണെങ്കില്‍ അത് കാന്‍സര്‍ സാധ്യത കുറയ്ക്കും.

കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ഭക്ഷണസാധനങ്ങളും മറ്റൊരു പരിഹാരമാണ്. ഇവയില്‍ പ്രമുഖരാണ് ബ്രോക്കോളിയും കാബേജും. ഇതില്‍ സള്‍ഫോറാഫൈന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കും. ആന്റിഓക്‌സിഡന്റ്‌സ് ഉള്ള പഴങ്ങളും മികച്ചതാണ്. കാറ്റച്ചിന്‍സുള്ള ഗ്രീന്‍ ടീ കോശങ്ങള്‍ക്ക് മികച്ചതാണ്.

ഇരുമ്പ് പാത്രവും ഇരുമ്പ് സപ്ലിമെന്റ്‌സും ഒഴിവാക്കാം. ഇരുമ്പിന്‍റെ അളവ് കൂടുന്നത് ഓക്‌സിഡേറ്റീവ് സ്ട്രസ് ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ആവശ്യത്തിന് ഇരുമ്പിന്റെ അംശം ശരീരത്തിലുള്ളവര്‍ അയണ്‍ സപ്ലിമെന്റുകള്‍ കഴിക്കേണ്ട കാര്യമില്ല. സ്റ്റെയിന്‍ലെസ് സ്റ്റീലോ സെറാമിക്ക് കുക്ക് വെയറോ പാചകത്തിന് ഉപയോഗിക്കുന്നതാണ് നല്ലത്.

വ്യായാമം ചെയ്യുന്നത് പ്രതിരോധത്തിനും ശരീരം അസാധാരണമായ സെല്ലുകളെ തിരിച്ചറിയുന്നതിനും നല്ലതാണ്. ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സിനെ സഹായിക്കും. യോഗ, സൈക്കിളിങ്, വേഗത്തിലുള്ള നടത്തം എന്നിവയെല്ലാം ശീലിക്കുന്നത് നല്ലതാണ്.

Content Highlights: Nine ways to prevent Cancer

To advertise here,contact us