ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കശുവണ്ടി കഴിക്കാം; പക്ഷേ എങ്ങനെ കഴിക്കണമെന്ന് അറിയണം

ദിവസവും കശുവണ്ടി കഴിച്ചാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും കഴിയും

ലോകത്തിലെ ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് ഹൃദ്രോഗം. രോഗം വരുന്നതിന് മുന്‍പ് അത് തടയുക എന്നാതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില വ്യത്യാസങ്ങള്‍ രോഗപ്രതിരോധത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. കശുവണ്ടിപ്പരിപ്പില്‍ ഹൃദയാരോഗ്യത്തെ സഹായിക്കുന്ന കൊഴുപ്പുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യധാതുക്കള്‍, ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

പതിവായി കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അസന്തുലിതാവസ്ഥ ഇല്ലാതാക്കാനും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറച്ച് അത് സന്തുലിതമായി നിലനിര്‍ത്താനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമീകൃത ആഹാരത്തിന്റെ ഭാഗമായി കശുവണ്ടി കൂടി കഴിക്കുമ്പോള്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തോടൊപ്പം ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടും.

ഹൃദയത്തെ സംരക്ഷിക്കുന്ന ആരോഗ്യപരമായ കൊഴുപ്പുകള്‍

കശുവണ്ടിയില്‍ മോണോ സാച്ചുറേറ്റഡ് പോളി അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒലിവ് ഓയിലിലും അവോക്കാഡോയിലും കാണപ്പെടുന്ന അതേരീതിയിലുള്ള നല്ല കൊഴുപ്പകള്‍ ആരോഗ്യകരമായ HDL കൊളസ്‌ട്രോളിന്റെ അളവ് നിലനിര്‍ത്തുന്നതിനോടൊപ്പം ദോഷകരമായ LDL കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും . ഇത് കൊളസ്‌ട്രോള്‍ ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും രക്ത പ്രവാഹം മെച്ചപ്പെടുത്തുകയും കൊറോണറി ആര്‍ട്ടറി രോഗബാധ കുറയ്ക്കുകയും ചെയ്യുന്നു. സംസ്‌കരിച്ച കൊഴുപ്പുകളിലും മാംസങ്ങളിലും കാണപ്പെടുന്ന പൂരിത കൊഴുപ്പുകളില്‍നിന്ന് വ്യത്യസ്തമായി കശുവണ്ടിയിലെ കൊഴുപ്പുകള്‍ രക്തക്കുഴലുകളുടെ വഴക്കത്തെ എളുപ്പമാക്കുന്നു.

കശുവണ്ടി കഴിച്ചാല്‍ ഹൃദയത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

കറന്റ് ഡെവലപ്‌മെന്റ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് കശുവണ്ടിപ്പരിപ്പ് പതിവായി കഴിച്ചാല്‍ സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍( ഹൃദയം മിടിക്കുമ്പോള്‍ രക്തം ധമനികളുടെ ഭിത്തിയില്‍ അമര്‍ത്തുന്ന മര്‍ദ്ദം) ഡയസ്‌റ്റോളിക് ബ്ലഡ് പ്രഷര്‍(ഹൃദയ പേശികള്‍ സ്പന്ദനങ്ങള്‍ക്കിടയില്‍ വിശ്രമിക്കുമ്പോള്‍ രക്തം ധമനികളുടെ ഭിത്തിയില്‍ അമര്‍ത്തുന്ന മര്‍ദം) ഈ രണ്ട് തരത്തിലുളള രക്തസമ്മര്‍ദ്ദത്തില്‍ കുറവുണ്ടാക്കുന്നതിനൊപ്പം ട്രൈഗ്ലിസറൈഡിന്റെ(രക്തത്തില്‍ കാണപ്പെടുന്ന ഒരുതരം കൊഴുപ്പ്) അളവ് കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട് സമീകൃത ആഹാരത്തില്‍ കശുവണ്ടി ചേര്‍ക്കുന്നത് മൊത്തത്തിലുളള ഹൃദയാരോഗ്യത്തെ സഹായിക്കുകയും രക്തസമ്മര്‍ദ്ദം സ്വാഭാവികമായി നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷകള്‍ പറയുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണത്തില്‍ കശുവണ്ടി എങ്ങനെ ഉള്‍പ്പെടുത്താം

  • ദിവസവും 5-10 കശുവണ്ടിപ്പരിപ്പ് ലഘുഭക്ഷണമായോ പ്രഭാത ഭക്ഷണമായോ കഴിക്കാം( ഉപ്പില്ലാത്ത കശുവണ്ടിപ്പരിപ്പ് വേണം ഉപയോഗിക്കാന്‍)
  • സലാഡുകള്‍, സ്മൂത്തികള്‍, സ്റ്റിര്‍ ഫ്രൈകള്‍ എന്നിവയോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ പോഷക ഘടകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും.
  • ഉപ്പിലിട്ടതോ വറുത്തതോ ആയ ഭക്ഷണങ്ങള്‍ക്ക് പകരം പച്ചയോ ഉണക്കി വറുത്തതോ ആയ കശുവണ്ടി തിരഞ്ഞെടുക്കുക
  • സരസഫലങ്ങള്‍(മുന്തിരി, മള്‍ബറി, സ്‌ട്രോബറി, പ്ലം തുടങ്ങിയവ), ഇലക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പുളള മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളോടൊപ്പവും കശുവണ്ടി കഴിക്കാം
  • ഒരു ദിവസത്തെ ഭക്ഷണത്തില്‍ 28 ഗ്രാം ഉള്‍പ്പെടുത്തിയാല്‍ മതിയാകും

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് ഗുണം ചെയ്യുമെങ്കിലും അമിതമായ ഉപയോഗം അധിക കലോറിക്ക് കാരണമാകും. ഉപ്പില്ലാത്ത വറുത്ത കശുവണ്ടി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നട്ട്‌സ് അലര്‍ജിയുള്ളവര്‍ കശുവണ്ടി പൂര്‍ണമായും ഒഴിവാക്കണം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിനുവേണ്ടി മാത്രമുളളതാണ് . ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

To advertise here,contact us