ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്നങ്ങള് കണ്ടുവരുന്നുണ്ട്. മറ്റ് കാന്സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്സറിന്റെ കഴിഞ്ഞ കുറച്ച് വര്ഷങ്ങള്ക്കിടയിലെ കണക്കെടുത്ത് നോക്കിയാല് സ്ത്രീകളില് ഏറ്റവും കൂടുതല് കണ്ടുവരുന്ന ഒരു കാന്സറാണ് ഇത്. തൊണ്ടയില് കാണപ്പെടുന്ന മുഴ, കഴുത്തിലെ കഴലകളില് കാണപ്പെടുന്ന വീക്കം, ഭാരക്കുറവ്, തൊണ്ടവേദന ക്ഷീണം ഇതൊക്കെ തൈറോയിഡ് കാന്സറിന്റെ ലക്ഷണങ്ങളാണ്. പക്ഷേ ഈ ലക്ഷണങ്ങളൊക്കെ രോഗം വഷളാകുമ്പോഴേ പ്രത്യക്ഷപ്പെടുകയുളളൂ എന്ന് മാത്രം.
എന്നാല് തൈറോയിഡ് കാന്സര് ഇന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യാന് കാരണം ടെസ്റ്റുകളും ഇമേജിംഗും കൂടുതല് ചെയ്യുന്നത് കൊണ്ട് തന്നെയാണ്. കഴുത്ത് വേദന, ഷോള്ഡര് പെയിന് എന്നിവ ഉണ്ടാകുമ്പോള് സ്കാനുകള് ചെയ്ത് നോക്കുമ്പോഴാണ് തൈറോയിഡ് കാന്സറിന്റെ ലക്ഷണങ്ങള് പലപ്പോഴും കണ്ടുപിടിക്കപ്പെടുന്നത്. അല്ലെങ്കില് അവസാന സ്റ്റേജ് വരെ ലക്ഷണങ്ങള് കാണിക്കില്ല. 90-95 ശതമാനം തൈറോയിഡ് കാന്സറുകളും വളരെ പതുക്കെ വളരുന്നവയായണ്. അതുകൊണ്ടാണ് ഇതിന് പെട്ടെന്നൊന്നും ലക്ഷണങ്ങള് കാണിക്കാത്തത്.
റേഡിയേഷന് ഏല്ക്കാന് സാഹചര്യമുള്ള ജോലിചെയ്യുന്ന ആളുകള്, അല്ലെങ്കില് റേഡിയേഷന് എക്സ്പോഷര് ഉണ്ടായിട്ടുളള സ്ഥലങ്ങളിലുള്ളവര്, ആണവ റിയാക്ടറുകളില് ലീക്ക് ഉണ്ടാകുന്ന സ്ഥലങ്ങള് അത്തരത്തിലുള്ള ഇടങ്ങളില് തൈറോയിഡ് കാന്സറിന്റെ എണ്ണം കൂടുന്നതായി കണ്ടുവന്നിട്ടുണ്ട്. എന്നാല് നമ്മുടെ നാട്ടില് അത്തരം കാരണങ്ങള് ഇല്ലാത്തതുകൊണ്ട് എന്തുകൊണ്ട് ഇവിടെ കാന്സറിന്റെ വര്ധനവ് കൂടുന്നു എന്നതിനെക്കുറിച്ച് കൂടുതല് പഠനങ്ങള് ആവശ്യമാണ്.
സ്ത്രീകളില് തൈറോയിഡ് കാന്സര് കൂടുതല് കാണുന്നതിന് ഹോര്മോണുമായും ബന്ധമുണ്ടാകാം. തൈറോയിഡിന്റെ ബ്ലഡ് ടെസ്റ്റില് കുഴപ്പമൊന്നും ഇല്ല എന്ന് കരുതി തൈറോയിഡ് കാന്സര് ഇല്ല എന്ന് പറയാന് സാധിക്കില്ല. തൈറോയിഡിന്റെ ബ്ലഡ് ടെസ്റ്റ് ഹോര്മോണിന്റെ ലവല് മാത്രമാണ് കാണിക്കുന്നത്. ഹോര്മോണിന് കുഴപ്പമില്ല എന്ന് മാത്രമാണ് ഇതിനര്ഥം. തൈറോയിഡ് മുഴ ഉണ്ടാകുന്നതുമായി ഇതിനൊരു ബന്ധവുമുണ്ടാകുന്നില്ല.
അള്ട്രാസൗണ്ട് സ്കാന് ചെയ്യുകയാണെങ്കില് തൈറോയിഡില് ചെറിയ മുഴകളൊക്കെ കാണാം. പലതും അപകടകാരികളല്ല. ഒരു സെന്റീമീറ്ററില് താഴെയുളള മുഴകളാണെങ്കില് പേടിക്കേണ്ട കാര്യമില്ല. പക്ഷേ മുഴകളുടെ വലിപ്പം കൂടുന്നതനുസരിച്ചോ കഴുത്തിലുള്ള കഴലകളിലേക്ക് പടരുന്ന അവസ്ഥയോ ഉണ്ടെങ്കില് സര്ജറി വേണ്ടിവരും.
ശബ്ദത്തിന്റെ ഞരമ്പ് തൈറോയിഡുമായി വളരെ അടുത്തിരിക്കുന്നതുകൊണ്ട് തൈറോയിഡ് മുഴ വലിപ്പം വച്ച് ഈ ഞരമ്പിലേക്ക് ഇറങ്ങുകയാണെങ്കില് ശബ്ദത്തില് വ്യത്യാസം വരാം. വിന്ഡ് പൈപ്പിലേക്ക് ഇറങ്ങുകയാണെങ്കില് ശ്വാസതടസ്സം അനുഭവപ്പെടാം. ഇത് തൈറോയിഡ് കാന്സർ അവസാന സ്റ്റേജില് എത്തുമ്പോള് ആയിരിക്കും സംഭവിക്കുക. തുടക്കം മുതല് നല്ല ചികിത്സ ലഭിക്കുകയാണെങ്കില് ചികിത്സിച്ച് ഭേതമാക്കാന് കഴിയുന്ന രോഗമാണ് തൈറോയിഡ് കാന്സര്.
പ്രധാനമായും നാല് തരം തൈറോയിഡ് കാന്സറുകളാണ് ഉള്ളത്. പാപ്പിലറി, ഫോളിക്യുലര്, മെഡ്ഡുലറി, അനാപ്ലാസ്റ്റിക് . ഇവയില് അനാപ്ലാസ്റ്റിക് തൈറോയിഡ് കാന്സര് വളരെ സങ്കീര്ണമാണ്. ഒരു ശതമാനത്തില് താഴെ ആളുകള്ക്ക് മാത്രമേ അനോപ്ലാസ്റ്റിക് കാന്സര് ഉണ്ടാവുകയയുള്ളൂ. പക്ഷേ അത് വന്നാല് അധികം സമയം കിട്ടില്ല. പെട്ടെന്ന് തന്നെ രോഗം അതിന്റെ സ്വഭാവം കാണിക്കും. ഇത് വളരെ അപകടകരവും അപൂര്വ്വവുമാണ്. തൈറോയിഡ് കാന്സര് ചികിത്സ കാന്സറിന്റെ ഓരോ അവസ്ഥകളെ ആശ്രയിച്ചിരിക്കുന്നു. ചികിത്സിച്ചാല് ഭേദപ്പെടുത്താന് കഴിയുന്ന തരത്തിലുള്ള കാന്സറാണിത്.
Content Highlights: Thyroid cancer may not show symptoms. Thyroid cancer can be present even if blood tests are normal.