ഏറ്റവും പോഷകസമൃദ്ധമായ പഴങ്ങളില് ഒന്നാണ് മാതളം. കാണാനും കഴിക്കാനും ഒരുപോലെ മനോഹരമായ പഴം എന്ന് തന്നെ പറയാം. മാതളം പലരും ഇപ്പോള് തങ്ങളുടെ ദൈനംദിന ഭക്ഷണത്തില് ഉള്പ്പെടുത്തുന്നുണ്ട്. ഒരു മാസത്തോളം എല്ലാ ദിവസവും മാതളം കഴിച്ചാല് അത് ശരീരത്തില് എന്തെല്ലാം മാറ്റങ്ങള് വരുത്തുമെന്ന് വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില് വിദഗ്ധര് വ്യക്തമാക്കുകയാണ്.
മികച്ച ചര്മസംരക്ഷണം നല്കുന്ന പഴമാണ് മാതളം എന്നാണ് 2022ല് പുറത്തുവന്ന പഠനം വ്യക്തമാക്കുന്നത് . ഈ പഠനത്തിന്റെ ഭാഗമായി ഇവര് നടത്തിയ സര്വേയില് മാതളം കഴിക്കുന്നവരുടെ തൊലി കൂടുതല് മെച്ചപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മാത്രമല്ല ത്വക്കില് ചുളിവ് വരുന്നതും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള് കാണിക്കുന്നതും കുറവായിരുന്നു.
ഹൃദയാരോഗ്യത്തിനും മാതളം ഏറെ ഫലപ്രദമാണ്. മാതള ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്ദവും ട്രൈഗ്ലെസെറൈഡ് ലെവല് കുറയ്ക്കാന് സഹായിക്കുമെന്ന് പഠനത്തില് കണ്ടെത്തിയിട്ടുണ്ട്. ഹീമോഡയാലിസിസിലൂടെ കടന്നുപോകുന്നവര്ക്ക് മാതളം ഏറെ സഹായകരമാണ്. ഗുണകരമായ കൊളസ്ട്രോള് വര്ധിപ്പിച്ച് ടെന്ഷനും വയറ് സംബന്ധമായ പ്രശ്നങ്ങള് നിയന്ത്രിക്കാനും മാതളത്തിന് കഴിയും.
ദഹനപ്രക്രിയ സുഗമമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളത്തിന് കഴിയും. മാതളം പ്രീബയോട്ടിക് ബാക്ടീരിയ പോലെ പ്രവര്ത്തിക്കും. തലച്ചോറിനും മാതളം നല്ലതാണ്. 2023ല് പുറത്തുവന്ന പഠനത്തില് ദിവസവും മാതളം കഴിക്കുന്നത് ഓര്മശക്തിയും അപഗ്രഥനശേഷിയും വര്ധിപ്പിക്കുമെന്ന് പറയുന്നു.
Content Highlights: Benefits of eating pomegranite for a month