ഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയാണോ ? എന്നാല്‍ ബ്രേക്ക്ഫാസ്റ്റില്‍ ഇനി ഈ മൂന്ന് ഭക്ഷണങ്ങളെയും കൂട്ടിക്കോ...

ഈ മൂന്ന് ഭക്ഷണങ്ങള്‍ ബ്രേക്ക് ഫാസ്റ്റിനൊപ്പം ഉള്‍പ്പെടുത്തുന്നത് ഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എന്തുകൊണ്ടും നല്ലതാണെന്ന് ഡോക്ടർ അവകാശപ്പെടുന്നു

അമിതവണ്ണം എന്നത് ആരോഗ്യത്തെ മാത്രമല്ല ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെയും വലിയ രീതിയില്‍ ബാധിച്ചേക്കാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാനായി പലരും കഠിന ഡയറ്റും വ്യായാമങ്ങളും പരീക്ഷിച്ചു നോക്കാറുമുണ്ട്. ഭക്ഷണശീലത്തില്‍ മാറ്റം വരുത്തുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കും. വെയിറ്റ് ലോസ് ജേര്‍ണിയെ വേഗത്തിലാക്കാന്‍ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ പരിചയപ്പെടുത്തുകയാണ് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ശുഭം വാത്സ്യ.

ഇനി പറയാന്‍ പോകുന്ന മൂന്ന് ഭക്ഷണങ്ങള്‍ ബ്രേക്ക് ഫാസ്റ്റിനൊപ്പം ഉള്‍പ്പെടുത്തുന്നത് ഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എന്തുകൊണ്ടും നല്ലതാണെന്നാണ് ഡോക്ടര്‍ അഭിപ്രായപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഡോ. വാത്സ്യ തൈരും ചിയ സീഡ്സും ബേസില്‍ സീഡ്സും ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നു. ഇവ മെറ്റബോളിസത്തെ മികച്ചതാക്കി നിര്‍ത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

തൈര്

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് തൈര്. ഇതിലെ ഉയര്‍ന്ന പ്രോട്ടീനും കാല്‍സ്യവും മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു. ഇതിന് പുറമേ പ്രോബയോട്ടിക്കുകള്‍ കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൈരില്‍ മധുരമോ മറ്റ് ഫ്‌ലേവറുകളോ ഒന്നും ചേര്‍ക്കാത്തിരിക്കുക. ഇതിന് പകരം ചിയാ സീഡ്സോ ബേസില്‍ സീഡ്സോ ചേര്‍ക്കാവുന്നതാണ്.

ചിയ സീഡ്സ്

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരുടെയും ഡയറ്റ് പട്ടികയിലുള്ള ഒന്നാണ് ചിയ സീഡ്സ്. ഇതിലെ ഉയര്‍ന്ന ഫൈബറും പ്രോട്ടീനും വിശപ്പ് കുറയ്ക്കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ബേസില്‍ സീഡ്സ്

ചിയ സീഡ്സുകളെ പോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയ ഒന്നാണ് ബേസില്‍ സീഡ്സും. ഇവ വിശപ്പ് കുറയ്ക്കുകയും വയറ് നിറഞ്ഞിരിക്കുന്നതായുള്ള തോന്നല്‍ നല്‍കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുകയും ചെയ്യുന്നു.

Content Highlights- These three foods in your breakfast will help you lose weight

To advertise here,contact us