ഏറ്റവും ആരോഗ്യകരമായ ഭക്ഷണവിഭവങ്ങളിലൊന്നാണ് തൈര് സാദം. ദഹനത്തിന് സഹായിക്കുന്ന പ്രോബയോട്ടിക് ഘടകങ്ങൾ കൊണ്ട് സമൃദ്ധമായ തൈരിൽ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. രാത്രിയിൽ തയ്യാറാക്കിയ തൈര് സാദം ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ കഴിക്കുന്നത് ശീലമാക്കിയവർ ഏറെയുണ്ട്.
ഇന്ത്യയെ പോലെ ചൂടുള്ള കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ തൈര് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിനെ തണുപ്പ് നൽകുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ നല്ലതാണെന്ന് കരുതി തൈര് സാദം മാത്രം മൂന്ന് നേരവും കഴിച്ചാൽ എന്താണ് സംഭവിക്കുക?, അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ തന്നെയാകും കാര്യങ്ങൾ. മാസങ്ങളോളം തൈര് സാദം മാത്രം കഴിച്ചാൽ അത് ശാരീരികാരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡയറ്റീഷ്യനായ അംറീൻ ഷെയ്ഖ് പറയുന്നു.
'തൈര് സാദത്തിൽ പ്രോബയോട്ടിക്കുകളും കാത്സ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. എളുപ്പം ദഹിക്കുന്ന ഭക്ഷണവുമാണ്. പക്ഷെ ഉണ്ടാക്കിയ ശേഷം ഏറെ നേരം കഴിഞ്ഞാണ് തൈര് സാദം കഴിക്കുന്നതെങ്കിൽ ഇതിലെ ഗുണകരമായ പല ബാക്ടീരിയകളും നഷ്ടപ്പെട്ടേക്കാം. കൃത്യമായ സൂക്ഷിച്ചില്ലെങ്കിൽ തൈര് കൂടുതൽ പുളിച്ചുപോകാനും ഇത് ദഹനത്തെ ബാധിക്കാനും സാധ്യതയുണ്ട്.
ഇടയ്ക്കെല്ലാം തൈര് സാദം കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെങ്കിലും ഇത് അധികമായാലും പ്രശ്നമാകും. മാസങ്ങളോളം മൂന്ന് നേരവും തൈര് സാദം മാത്രം കഴിച്ചാൽ അത് നിങ്ങളിലെ പോഷകാംശം കുറയ്ക്കും. കാരണം തൈര് സാദം മാത്രം കഴിക്കുമ്പോള് ശരീരത്തിന് ആവശ്യമായ മറ്റ് പല ഘടകങ്ങളും ലഭിക്കാതെ പോവുകയാണ്.
ഇത് മൂലം എപ്പോഴും തളർന്ന അവസ്ഥയിലായേക്കാം. ക്ഷീണവും വിശപ്പില്ലായ്മയും മുടിക്കൊഴിച്ചിലും ഉണ്ടാകും. പ്രോട്ടീൻ ലഭിക്കാതെ ആയാൽ ശരീരത്തിന്റെ പേശികളെയും ബാധിക്കും. അതുകൊണ്ട് ബാലൻസ്ഡ് ഡയറ്റ് ഫോളോ ചെയ്യാൻ ശ്രദ്ധിക്കണം' ഡോ. അംറീൻ ഷെയ്ഖ് പറയുന്നു. ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തൈര് സാദം തുടർച്ചയായി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ അത് ആരോഗ്യകരമായ രീതിയിൽ കഴിക്കണമെന്നാണ് ഡയറ്റീഷ്യൻ നിർദേശിക്കുന്നത്. തൈര് സാദത്തിനൊപ്പം ധാന്യങ്ങളും പ്രോട്ടീനടങ്ങിയ പദാർത്ഥങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കണമെന്ന് ഡോ. അംറീൻ ഷെയ്ഖ് പറയുന്നു.
Content Highlights: Eating curd rice three times a day for months, how it will affect