ലാപ്‌ടോപ്പിൽ ടൈപ്പ് ചെയ്യുന്നതിനിടയിൽ നഖം ഒടിഞ്ഞു പോകാറുണ്ടോ? എന്താണ് ബ്രിട്ടിൽ നെയിൽ സിൻഡ്രോം

പുരുഷന്മാരെക്കാൾ ഈ അവസ്ഥ കാണപ്പെടുന്നത് സ്ത്രീകളിലാണ്

പാത്രം കഴുക്കികൊണ്ടിരിക്കുമ്പോഴോ, ലാപ്‌ടോപ്പിൽ ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുമ്പോഴോ പെട്ടെന്ന് നഖം പൊട്ടിപോകും. ഭൂരിഭാഗം പേരും ആദ്യമത് കാര്യമാക്കിയെടുക്കാറില്ല പക്ഷേ, ഇത് സ്ഥിരമായി ശ്രദ്ധയിൽപ്പെടുമ്പോഴാകും മനസിലൊരു ആശങ്ക ഉടലെടുക്കുക. ഡെർമറ്റോളജി ക്ലിനിക്കുകളിൽ നടന്ന സർവേകളിൽ നിന്നും വ്യക്തമാകുന്നത് ഇരുപത് ശതമാനത്തോളം പേർ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്നാണ്. പുരുഷന്മാരെക്കാൾ ഈ അവസ്ഥ കാണപ്പെടുന്നത് സ്ത്രീകളിലാണ്. കൈകളുടെ സൗന്ദര്യത്തിന് കോട്ടം നൽകുമെന്നതിനെക്കാൾ ഇത് നൽകുന്ന സൂചനയെയാണ് കുറച്ച് ഗൗരവത്തോടെ കാണേണ്ടത്. നിങ്ങളുടെ ശരീരത്തെ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്നുകൂടി ചിന്തിക്കണം.

നഖങ്ങൾ പൊട്ടുന്ന ഈ അവസ്ഥയെ ഓൺകോസ്‌കീഷാ (onychoschizia) എന്നാണ് വിളിക്കുക. എന്നും ചെയ്യുന്ന ജോലികൾ ഈ അവസ്ഥയ്ക്ക് കാരണമാകാം. പക്ഷേ ഇത് നൽകുന്ന പ്രധാന സൂചന എന്താണെന്ന് മനസിലാക്കണം. നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തൊക്കയോ കുറവുകളുണ്ടെന്നതാണ് ഇത് അർത്ഥമാക്കുന്നത്. മിക്കപ്പോഴും പലരും നഖങ്ങൾ പൊട്ടിപ്പോകുന്ന അവസ്ഥയെ കാര്യമാക്കിയെടുക്കാറില്ലെന്നതാണ് ഈ രോഗത്തിന്റെ തീവ്രത വർധിപ്പിക്കുന്നത്. നിങ്ങളുടെ ശരീരത്തിനുള്ളിൽ പലതും ശരിയായ രീതിയിലല്ലെന്നതിന്റെ ആദ്യ അടയാളമാണിത്. ഇതിനെ കൃത്യമായ ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്.

മൈക്രോന്യൂട്രിയൻസിന്റെ കുറവാണ് പ്രധാനമായും നഖങ്ങൾ ഒടിഞ്ഞും പൊട്ടിയും പോകാൻ കാരണം. ഇരുമ്പ്, ബയോട്ടിൻ, വിറ്റാമിൻ ബി12, സിങ്ക് എന്നിവയാണ് ഇക്കൂട്ടത്തിൽപ്പെടുന്നത്. നഖങ്ങൾ ഇത്തരത്തിൽ ആരോഗ്യമില്ലാത്ത അവസ്ഥയിൽ എത്തിച്ചേരുന്നതിനെ കുറിച്ചും ന്യൂട്രീഷ്യണൽ അസന്തുലിതാവസ്ഥ എങ്ങനെയാണ് അതിനെ ബാധിക്കുന്നതെന്നും ദ ജേർണൽ ഓഫ് ദി അമേരിക്കൻ അക്കാദമിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന വിളർച്ച ഇതിന് പ്രധാന കാരണമാണ്. നഖങ്ങൾ മെലിഞ്ഞ്, ഒടിയുന്ന അവസ്ഥയിലെത്തും. മാത്രമല്ല അപ്പോൾ സ്പൂൺ പോലുള്ള ഷെയ്പ്പിലാകും നഖങ്ങൾ കാണപ്പെടുക. കെരാറ്റിന് ഉണ്ടാവാൻ ആവശ്യമായ ബി കോംപ്ലക്‌സ് വൈറ്റമിനായ ബയോട്ടിന്റെ അഭാവവും വില്ലനാകും.

ഓൺകോസ്‌കീഷാ എന്ന അവസ്ഥയെ തുടർന്ന് ബയോട്ടിൻ സപ്ലിമെന്റ് സ്വീകരിക്കുന്ന സ്ത്രീകൾക്ക് നഖത്തിന്റെ കട്ടി 25 ശതമാനത്തോളം ആറു മാസത്തിനുള്ളിൽ കൂടിയതായി മനസിലാക്കിയിട്ടുണ്ട്. ഇതിനർത്ഥം നഖത്തിനെ എന്ത് പ്രശ്‌നമുണ്ടായാലും സപ്ലിമെന്റുകൾ കഴിച്ചാൽ മതിയെന്നല്ല. പല കാരങ്ങൾ മൂലം നഖങ്ങൾക്ക് ഇത്തരത്തിൽ മാറ്റങ്ങൾ സംഭവിക്കാം. ക്ഷീണം, മുടികൊഴിച്ചിൽ, നഖങ്ങളിൽ സ്ഥിരമായുള്ള ബലഹീനത ഇതെല്ലാം നമ്മുടെ ശരീരത്തിൽ എന്തൊക്കെയോ പോഷകങ്ങളുടെ കുറവുണ്ടെന്ന് വിളിച്ചു പറയുകയാണ്. ഇത് മനസിലാക്കാൻ ഒരു രക്തപരിശോധന അത്യാവശ്യമാണ്.

നിരന്തരം വെള്ളവുമായുള്ള സമ്പർക്കം, അസറ്റോൺ അടങ്ങിയ നെയിൽ പോളിഷ്, ചില ഡിറ്റർജെന്റുകൾ, കൃത്രിമ നഖങ്ങളുടെ ഉപയോഗം എന്നിവയെല്ലാം നഖങ്ങളുടെ ആരോഗ്യം മോശമാക്കും. നിരന്തരം നഖങ്ങൾ നനയുകയും അത് ഉണങ്ങുകയും ചെയ്യുന്നത് കെരാറ്റിൻ ലെയറുകളെ ഇല്ലാതാക്കും ഇതോടെ നഖങ്ങളുടെ അവസ്ഥ ശോകമാകും. കാലവസ്ഥയാണ് മറ്റൊരു ഘടകം. തണുത്തതും വരണ്ടതുമായ അന്തരീക്ഷം നഖങ്ങളെ ഡീഹൈഡ്രേറ്റ് ചെയ്യും. ഇതാണ് മൺസുണിനെയും വേനൽക്കാലത്തെയും താരതമ്യം ചെയ്യുമ്പോൾ നഖങ്ങൾ ശൈത്യകാലത്ത് പൊട്ടാൻ കാരണം. ചർമം മോയിസ്ചറൈസ് ചെയ്യുന്നത് പോലെ നഖങ്ങൾക്കും സമാനമായ സംരക്ഷണം ആവശ്യമാണ്. നഖം കടിക്കുന്നതും നഖങ്ങൾക്ക് ചുറ്റുമുള്ള ചർമം ഇളക്കിയെടുക്കുന്നതുമെല്ലാം നല്ല ശീലമല്ല. ഇത് നഖത്തിന്റെ ആരോഗ്യത്തെയാണ് ബാധിക്കുക. ഇത്തരം ശീലങ്ങൾ അപകടകരമല്ലെന്ന് തോന്നിക്കുമെങ്കിലും ഇത് അണുബാധയടക്കം ഉണ്ടാവാൻ കാരണമാകും. ചികിത്സിച്ചില്ലെങ്കിൽ അവസ്ഥ കൂടുതൽ മോശമാകാനും മതി.

ബ്രിട്ടിൽ നെയിൽ സിൻഡ്രോം എന്ന നഖം പൊട്ടിപോകുന്ന അവസ്ഥ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ്. നഖങ്ങൾ പൊട്ടുക, പെട്ടെന്ന് ഒടിഞ്ഞ് വരിക, ഇളകി വരിക എന്നിവയെല്ലാം ഇതിൽപ്പെടും. ഹൈപ്പോതൈറോഡിസം, പെരിഫെറൽ വാസ്‌ക്കുലാർ ഡിസീസ് എന്നിവയിലൂടെ കടന്നുപോകുന്നവരിലും ഈ അവസ്ഥ കാണാറുണ്ട്. പിന്നെ പ്രായവും ഒരു ഘടകമാണ്. പ്രായമാകുമ്പോൾ നഖം വളരുന്നതിന്റെ അളവും ഹൈഡ്രേഷൻ അളവും കുറയും. സ്ത്രീകളിൽ മെനോപോസാവുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളും നഖങ്ങളെ ബാധിക്കാറുണ്ട്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർ സപ്ലിമെന്റുകൾ മാത്രം ഉപയോഗിച്ച് മാറ്റങ്ങൾ കൊണ്ടുവരാമെന്ന് കരുതരുത്. ചീര, മാംസം, ലെൻതിൽസ്, ബയോട്ടിൻ അടങ്ങിയ മുട്ട, നട്ട്‌സ്, ധാന്യങ്ങൾ എന്നിവയൊക്കെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. ഒമേഗ 3 അടങ്ങിയ മത്സ്യം, ചിയാ വിത്തുകൾ എന്നിവയും നഖത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

Content Highlights: Let's know about Brittle Nail Syndrome

To advertise here,contact us