മെലിഞ്ഞിരിക്കുന്നവര് കൊളസ്ട്രോള് ഇല്ലാത്തവരാണെന്നും വണ്ണമുള്ളവര്ക്കാണ് കൊളസ്ട്രോള് ഉണ്ടാകുന്നത് എന്നുമാണോ കരുതിയിരിക്കുന്നത്. എന്നാല് യാഥാര്ഥ്യം അങ്ങനെയല്ല. വണ്ണമുള്ളവരെയും മെലിഞ്ഞവരെയും ഒരുപോലെ കൊളസ്ട്രാള് ബാധിക്കാം. കൊളസ്ട്രോള് അധികമായാല് അത് ധമനികളെ ചുരുക്കുകയും ഹൃദ്രോഗം, പക്ഷാഘാതം, മറ്റ് നിരവധി രോഗങ്ങള് എന്നിവയ്ക്കുള്ള സാധ്യത വര്ധിപ്പിക്കുകയും ചെയ്യും. ശരീരത്തില് ഉയര്ന്ന അളവില് കൊളസ്ട്രോള് ഉണ്ട് എന്ന് മനസിലാക്കാന് ചില ലക്ഷണങ്ങള് പരിശോധിച്ചാല് മതിയാകും.
കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതിന്റെ മുന്നറിയിപ്പ് അടയാളമാണ് ചര്മ്മത്തിലുണ്ടാകുന്ന മുഴകള്. ഇവയെ 'സാന്തോമകള്' എന്നാണ് വിളിക്കുന്നത്. ചര്മ്മത്തില് കൊളസ്ട്രോള് അടിഞ്ഞുകൂടുന്നതിന്റെ ഫലമായി കണ്ണുകള്,കൈമുട്ടുകള്, അല്ലെങ്കില് കാല് മുട്ടുകള് ഇവയ്ക്ക് ചുറ്റും ഇത്തരം മുഴകള് ഉണ്ടാവാം. അതുപോലെ കൃഷ്ണമണിക്ക് ചുറ്റും ആര്ക്കസ് സെനിലിസ് എന്നറിയപ്പെടുന്ന ഇളം നിറത്തിലുള്ള ഒരു വളയം കാണപ്പെടുന്നുണ്ടെങ്കില് ഇവയെല്ലാം ധമനികളില് കൊളസ്ട്രോള് അടിഞ്ഞുകൂടുന്നതിന്റെ ലക്ഷണമാണ്.
കൊളസ്ട്രോളിന്റെ ഉയര്ന്ന അളവ് ധമനികളുടെ ആവരണത്തില് പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് രക്തയോട്ടം മന്ദഗതിയിലാക്കുന്നു. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികള് ഇടുങ്ങിയാല് നെഞ്ചുവേദന(ആന്ജൈന) ഉണ്ടാകാം. നെഞ്ചില് സമ്മര്ദ്ദം, വലിഞ്ഞുമുറുകല്, വേദന എന്നിവയാണ് സാധാരണയായി കാണപ്പെടുന്നത്. ഹൃദയത്തിന് ഓക്സിജന് ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ് ഈ അസ്വസ്ഥതകള്. ഈ ലക്ഷണം ഒരിക്കലും അവഗണിക്കരുത്, ഹൃദയാഘാതത്തിന് കാരണമായേക്കാം.
കൊളസ്ട്രോള് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന പ്ലാക്ക് രക്തം വിതരണം ചെയ്യാന് സഹായിക്കുന്ന രക്തക്കുഴലുകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നു. അങ്ങനെയുള്ളപ്പോള് നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുമ്പോള് കാലില് വേദനയ്ക്ക് കാരണമാകുന്നു. സാധാരണയായി വിശ്രമിക്കുമ്പോള് ഈ അവസ്ഥ കുറയും. രക്തപ്രവാഹം കുറയുമ്പോള് വെറുതെ ഇരിക്കുന്ന അവസ്ഥയിലും വേദനയുണ്ടാക്കിയേക്കാം.
കൊളസ്ട്രോള് അസന്തുലിതാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങളിലൊന്നാണ് 'ഡ്യൂപ്യൂട്രെന്സ് കോണ്ട്രാക്ടര്'. മോതിര വിരലിന്റെയും ചെറുവിരലിന്റെയും ടെന്ഡോണികളെ(വിരല് വളയ്ക്കാന് സഹായിക്കുന്നവ) സാവധാനം മുറുക്കി കൈപ്പത്തിയിലേക്ക് കൊണ്ടുവന്ന് ചലനശേഷി കുറയ്ക്കുന്ന അവസ്ഥ. വിരലിലെ ഈ അവസ്ഥ കൊളസ്ട്രാള് ഉണ്ടെന്നു മനസിലാക്കാന് സഹായിക്കുന്നു.
ശരീരത്തില് ഉയര്ന്ന അളവില് കൊളസ്ട്രോള് ഉണ്ടെങ്കില് ഇത് ധമനികളെ ചുരുക്കുകയും അവയവങ്ങള്ക്ക് ലഭിക്കുന്ന ഓക്സിജന്റെ അളവിനെ കുറയ്ക്കുകയും ചെയ്യും.അപ്പോള് ഹൃദയത്തിന് കൂടുതല് ജോലി ചെയ്യേണ്ടിവരുന്നു. പടികള് കയറുമ്പോഴും നടക്കുമ്പോഴും ജോലികള് ചെയ്യുമ്പോഴും ക്ഷീണവും ശ്വാസതടസ്സവും ഉണ്ടാകാനുളള കാരണം ഇതാണ്. തുടക്കത്തില് ക്ഷീണം ശ്രദ്ധിക്കപ്പെടില്ലെങ്കിലും ശ്വാസംമുട്ടല് കൂടി ഉണ്ടാകുമ്പോള് ശ്രദ്ധിക്കേണ്ടതാണ്.
കൊഴുപ്പുകള് അടങ്ങിയ മോശം ഭക്ഷണക്രമം, ആവശ്യത്തിന് വ്യായാമം ലഭിക്കാതിരിക്കുക, പാരമ്പര്യം, പ്രമേഹം,തൈറോയിഡ്,വൃക്ക രോഗം, കരള് രോഗം പോലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉയര്ന്ന അളവില് കൊളസ്ട്രാളിന് കാരണമായേക്കാം.
Content Highlights :Learn about the symptoms and causes of high cholesterol in the body.